നാഗങ്ങളേറിയുടലിൽ തുകലൂരിയിട്ടൂ
നാരായണക്കിളികളോ മുടി,കോതിയിട്ടൂ
പത്മാസനസ്ഥനറിവീല ദിനാഗമങ്ങൾ
ബാഹ്യപ്രപഞ്ചമണയും പരചിൽപദത്തിൽ *
സ്വർഗ്ഗീയമായയനുഭൂതികളങ്കുരിച്ചൂ
ദേവിസ്വരൂപവതിയായുമിടയ്ക്കു വന്നൂ
എന്നാകിലും ജനനിയൊപ്പമിരുന്നിടാനായ്
തീവ്രേച്ഛയോടെ തപമാർന്നവനാദിനത്തിൽ
ഏകാഗ്രതൻ പരമസൂക്ഷ്മത നേടി ചിത്തം
നിന്നേനചഞ്ചലമധോഗതി വന്നിടാതേ
രാവെത്ര പോയി പകലോ ദിന വാര വർഷം
നിദ്രാവിഹീനമിഴിയോ,യടയാതെയായീ
പ്രത്യാശയോടെയിനിയും തപമാർന്നിരിയ്ക്കാൻ
പ്രത്യക്ഷമായരുളിടുന്നു തമോഘ്നരൂപം
ധ്യാനിയ്ക്കവേ ചുവടുവെച്ചു വരുന്നപോലേ
കേൾപ്പൂ ചിലങ്ക പുളകോദ്ഗമമായിടുന്നൂ
താഴിട്ടുപൂട്ടിയവളായുടലാകെ,ധ്യാനം
നിർത്തുമ്പൊഴെത്തിയതു മെല്ലെയഴിച്ചു പോയി
കേൾപ്പൂ ചിലങ്ക മണിയൊച്ചയിടക്കിടയ്ക്കായ്
ശ്രീകോവിലിൻ്റെയിടനാഴിയിലങ്ങുമേളിൽ !
നട്ടെല്ലു ചുറ്റിവളരുന്നിരുമുല്ലവള്ളി
ച്ചോട്ടിൽക്കിടന്ന മണിനാഗമിഴഞ്ഞു കേറി
നാവിട്ടുനീട്ടിയതു ചക്ര സരോരുഹത്തിൽ
ഭ്രൂമദ്ധ്യമെത്തി,പലകോടി ദിവാകരേന്ദു!
മിന്നാമിനുങ്ങുകളസംഖ്യ മിരച്ചു മിന്നീ
വെട്ടിത്തിളച്ചു മിഴിയഞ്ചി വെളിച്ചലോഹം
പൊങ്ങുന്നതാഉദയസാഗര മൂടൽമഞ്ഞിൽ
പാദങ്ങൾ മദ്ധ്യമുടലും വദനം ശിരസ്സും
പൂർണ്ണസ്വരൂപമുടലാർന്നു ശ്വസിച്ചു നിൽപ്പൂ
നിശ്വാസമേറ്റിളകിടുന്നിരുദീപപംക്തി
മന്ദസ്മിതാർദ്ര മിരുളിൻ മുഖകാന്തി കാണ്മൂ
ചെന്തീമിഴിയ്ക്കിടയിലംബര ചന്ദനശ്രീ
പീഠത്തിലമ്മയൊരുകാലുമടക്കി വെച്ചൂ
തൽപ്പത്തിലേയ്ക്കവനെ മാടി വിളിച്ചു ചേർത്തൂ
താംബൂല ചർവ്വിത സുഗന്ധ പദങ്ങളാലേ
ഓതുന്നിതമ്മ”യിനി വിട്ടുപിരിഞ്ഞു പോകാ”
ഏങ്ങിക്കരഞ്ഞു മടിയിൽ മുഖമാഴ്ത്തിടുമ്പോൾ
ചുറ്റിപ്പിടിച്ചവനുമമ്മയുമെത്ര നേരം !
താവിത്തലോടി ജഡ കെട്ടിയൊരാശിരസ്സിൽ
അമ്മക്കരങ്ങളതിലാളനയോടെ നീങ്ങീ
കണ്ണീർ തുടച്ചവനെയൻപൊടു ചേർത്തു പുൽകീ
നെഞ്ചിൽ തലോടി ചിബുകത്തിലൊരുമ്മനൽകീ
“കുഞ്ഞേക്ഷമിയ്ക്ക ഭവസാഗരമാണിതെല്ലാം
താനേ തുഴഞ്ഞിവിടെയേറുക തന്നെ വേണം.
അമ്മയ്ക്കു നീ തനിയെ തോണി തുഴഞ്ഞിടുമ്പോൾ ,
കാറ്റേറ്റു കോളിലുലയുന്നതു കണ്ടിടുമ്പോൾ ,
ആശ്വാസമില്ല,യിവനെന്നു കരുത്തു നേടും ?
എന്നാണു ചിന്തയതിനായിവൾ കാത്തിരുന്നൂ
നിന്നേ പിരിഞ്ഞു കഴിയില്ലിനിയമ്മ കുഞ്ഞേ !
നീയെൻ്റെ പൈതലൊരു വേള മുഖത്തു നോക്കൂ
കാണുന്നതൊക്കെയിവളാണ് മിഴിച്ചു നോക്കൂ
കണ്ണീരു പോലെ നിറ ദു:ഖമവർ വഹിപ്പൂ
കണ്ണീരിലന്നമണി വെന്തു തിളച്ച വെള്ളം
പാരുന്നു ഭാരതിയനേക വിശപ്പു മാറ്റാൻ
കേൾക്കുന്നുവോ ജനനി തൻ തുടലിൻ കിലുക്കം
സ്വാതന്ത്ര്യമറ്റു വിടുവൃത്തികൾ ചെയ്തിടുമ്പോൾ *
കുഞ്ഞേ നമുക്കു പലവേലകളുണ്ടു ചെയ്യാ-
നോതുന്നതുണ്ടവയഥാസമയങ്ങളിൽ ഞാൻ
ആനന്ദമോടെ വിളയാടുക നാമൊരൽപ്പം
ആദ്യം മുതൽക്കു മകനെണ്ണുക ഞാനൊളിയ്ക്കാം … “

സുദേവ് ബാണത്തൂർ

By ivayana