ശൂന്യമാണമ്മേയെന്നുള്ളമിന്ന്,
ശ്രവിക്കുവാനാകുന്നതില്ലൊന്നുമേ!
കാതിൽ മുഴങ്ങും കൊലവിളികൾ,
കത്തിക്കിരയായിത്തീർന്നേക്കാം ഞാൻ!

അച്ഛന്റെ വാക്കിന് മുമ്പിലന്ന്,
അവനവനിഷ്ടങ്ങൾക്കെന്തു വില!
അവനിയിൽ വിജയമല്ലാതെയൊന്നും,
അന്നേവരെയച്ഛൻ ശീലിച്ചതില്ല!

പ്രണയം മറന്നതുമച്ഛന് വേണ്ടി,
പ്രതികൂലമാകാതെ കീഴടങ്ങി!
അച്ഛന്റെയിഷ്ടത്തിനൊത്തവണ്ണം,
അടിയേറ്റ് വീണ് ഞാൻ സമ്മതം മൂളി!

താലിച്ചരടിൽ കോർത്തൊരു നാൾ മുതൽ,
താനെന്ന ഭാവം അയാളിൽ ഞാൻ കണ്ടു!
താങ്ങായി നിൽക്കേണ്ടയാൾത്തന്നെയെന്നിൽ,
താങ്ങാത്ത വേദന പകർന്ന് നൽകി!

കുഞ്ഞിക്കാലൊന്നത് കാണാത്തതുമൊരു,
കുറ്റമായെന്നിൽ ആരോപിക്കപ്പെട്ടു!
കുറവ് മറക്കാനായുളെളാരു തന്ത്രം,
കുറയാതെയെന്നിൽ ചേർത്തു വച്ചു!

ഇന്ന് വെളുപ്പിനയാൾക്കുള്ള ഭക്ഷണം,
ഇത്രയൊരുക്കി എടുത്തുവയ്ക്കേ,
ഇനിയും വിളമ്പുവാൻ താമസിച്ചെന്നത്,
ഇന്നേക്കായുളെളാരു കാരണമത്രേ!

കണ്ണിൽത്തെറിച്ചു എരിയും കറികൾ,
കണ്ണട ചേർത്ത് മുഖത്തടിക്കേ!
ശ്വാസം നിലച്ചെന്റെ കണ്ണും മറിഞ്ഞു,
ശ്വാനന് പേയായ പോലയാളും!

ചേർന്ന് പോകാനായടുക്കുന്ന നേരവും,
ചോർന്ന് പോകുന്നെന്റെ ജീവിതവും!
ഒഴിഞ്ഞയിടങ്ങളായ് ഞാനുമമ്മേം,
ഒഴിയാത്ത ബാധയായ് ഞങ്ങളിന്ന്!

ഇന്നലെ വന്നൊരു കത്തിന്റെയുളളിൽ,
ഇത്ര പരിചിതമായൊരു കൈപ്പട!
തേടി വരുമെന്നതോർത്തതേയില്ല,
തെരുവിലുപേക്ഷിച്ച എന്റെ പ്രണയം!

വരുന്നൊരു സാഹിത്യ സമ്മേളനത്തിൽ,
വരുന്നുണ്ടെന്നുള്ളൊരു ഒറ്റവരി!
വരണമെന്നുള്ളൊരു ധ്വനിയതിലുണ്ടെന്ന്,
വരികൾക്കിടയിലൂടവൾ തെരഞ്ഞു…!

By ivayana