രചന : ഠ ഹരിശങ്കരനശോകൻ✍
ഊതിക്കാച്ചിയ നീലിമയുടെ നെടുകെ
വിരിഞ്ഞുവമിക്കുന്ന പക്ഷികൾ.
കുമിഞ്ഞുകൂടിയഴിഞ്ഞുനടക്കുന്ന
വെളുത്ത മേഘങ്ങൾ. തനിയെ
മിനുക്കിയെടുത്ത ശിലകളുടെ വരിയെ
തെളിഞ്ഞിറങ്ങുന്ന കുളിർത്ത അരുവി.
മഞ്ഞൊഴിഞ്ഞെമ്പാടും
വളർന്നുപൊന്തിയ
പുൽത്തിരകൾ. പുൽ-
ത്തിരകളിലെമ്പാടും
പൂവുകൾ. പൂ-
വാടും വാടികളിലൂടെ
കഴിയുന്നിടംവരെപ്പോയ്-
ക്കഴിഞ്ഞെന്നുറപ്പാക്കി
മലർന്നുകിടക്കുന്നു.
2
കൊഴിഞ്ഞുവീഴുന്ന ഉൽക്കകളെ
നഗ്നനേത്രങ്ങളുടെ കാഴ്ചക്കയ്യിന്
പെറുക്കിക്കൂട്ടാമെന്ന
സമവാക്യാധിഷ്ഠിതമായ
ശാസ്ത്രീയപ്രവചനം കേട്ടപാടെ
കണ്ണ് കഴിയാത്തൊരാൾ
കാത് കഴിയാത്തൊരാളോട്
എന്തായീയെന്തായീയെന്ന്
ചോദിച്ചുതുടങ്ങുന്നു. ഉൽക്കകൾ
അവരുടെയന്തരീക്ഷത്തിലെങ്ങുമേ
അക്ഷിഗോചരനിലയിൽ
സംഭവിക്കുന്നില്ല.
കാത് കഴിയാത്തയാൾ
കണ്ണ് കഴിയാത്തയാളോ-
ടയാൾ ചോദിപ്പതെന്താ
ചോദിപ്പതെന്തായെന്ന്
ചോദിച്ചുകൊണ്ടെയിരിക്കെ
അവരിരുവടെയും വർഷങ്ങൾ
മണിക്കൂർനിമിഷങ്ങൾ നിമിഷാ-
ന്തർഗതങ്ങളായ ജീവിതവർഷങ്ങൾ
വേറെയേതൊക്കെയൊ
അന്തരീക്ഷങ്ങളിലേക്ക്
കൊഴിഞ്ഞുവീഴുന്നു. കാത്
കഴിയാത്തയാൾ. കണ്ണ്
കഴിയാത്തയാൾ. അവർ
ക്കിടയിലവരുടെ രാത്രി മാത്രം.
അവർക്കിടയിലവരുടെ രാത്രി മാത്രം
ആ രാത്രിയുറക്കമെന്തെന്നറിയാതെ
മലർന്നുകിടക്കുന്നു.
3
തടാകം മലകളെ പ്രതിഫലിപ്പിക്കുന്നു.
തടാകത്തിലെ മലകൾ ഇളകിയാടുന്നു.
അസത്തായൊരു തത്വം തടാകോപരി
മലർന്നുകിടക്കുന്നു.
4
വെറുതെ ഇതുവഴി കടക്കരുത്.
ഇതൊരു പ്രാർത്ഥനമന്ദിരമാണ്.
പുരാതനസംസ്കൃതികളുടെ
പുതിയ കാവൽക്കാർ
അവർക്കാവുമ്പോലെ
വിശദീകരിക്കുന്നു.
പേരുവിവരങ്ങളുടെ ശിലഫലകം
അവരെ ആത്മീയമായ് വഞ്ചിക്കുന്നു.
പാതിയിലേറെയും തുറന്നുപിടിച്ച
വാതിലിലൂടെ അവർ തന്നെയും
അവരെ ഒറ്റുകൊടുക്കുന്നു.
മന്ദിരത്തിന്റെയുൾക്കാഴ്ചകൾ
വിനോദപ്രധാനമായ്
ആസ്വദിക്കപ്പെടുന്നു.
പ്രാവുകൾ പൊന്തിപ്പാറും
കവാടഗോപുരങ്ങൾക്കിടയിൽ
കോതിയൊതുക്കിവെടിപ്പാക്കിയ
പച്ചപ്പുൽത്തകിടിയുടെ തുറസിൽ
പഴയൊരു പ്രാർത്ഥനയുടെ നിഴ-
ലതിന്റെ മരിച്ചുപോയ
പുരോഹിതരുടെയും
ഗതി കിട്ടിപ്പോയ
വിനീതവിശ്വാസികളുടെയും
നിശബ്ദശരീരങ്ങൾക്കിടയിൽ
വിഷാദവിചാരങ്ങളോടെ
മലർന്നുകിടക്കുന്നു.
5
ഞാനൊരു പുരോഹിതനാണ്.
ഈ കുതിരലാടം ഭാഗ്യം കൊണ്ടുവരും.
കയ്യിലുള്ളത് വല്ലതും തരൂ.
അയാളുടെ ഏറ്റവും വലിയ സൗഭാഗ്യം
കീറിത്തുടങ്ങിയൊരു നീണ്ട കുപ്പായം
കാറ്റത്തനങ്ങിക്കൊണ്ടിരുന്നു.
മലമുകളിലൂടെ സൂര്യൻ പൊന്തിവരുന്നത്
അയാളെ സന്തോഷിപ്പിക്കുന്നു.
ചാണകം പുരണ്ടൊരു ലാടം
അയാളുടെ വരണ്ട കൈവെള്ളയിൽ
മലർന്നുകിടക്കുന്നു.
6
ശീതകാലമായിരുന്നെങ്കിൽ
നിങ്ങളിതൊന്നുമേ
കാണുമായിരുന്നില്ല.
പക്ഷികൾ. വെളുത്ത മേഘങ്ങൾ.
കുളിർത്ത അരുവി. പുൽത്തിരകൾ.
പൂക്കൾ. ഭാഗ്യമെന്നല്ലേ പറയേണ്ടൂ.
ഇതൊരു ഗ്രീഷ്മകാലം.
പകൽവെളിച്ചത്തിന്റെ ചൂട്
രാവുറങ്ങാതെവിടെയും
മലർന്നുകിടക്കുന്നു.
7
കവചിതമായ അധികാരം
കൊടിപിടിച്ചു കവാത്തുനടത്തുന്ന
ഒഴിഞ്ഞ തെരുവുകൾ.
ആക്രോശവിലാപങ്ങളിടകലർന്ന
പാതിരാപ്രാർത്ഥനകളുടെയലകൾ.
കണ്ണിലെണ്ണയൊഴിച്ച്
തിരി നീട്ടിയ നിത്യവ്യാകുലത.
ശ്രേണീനിബദ്ധമായ
സായുധസന്നാഹങ്ങളുടെ
നിരന്തരസാന്നിദ്ധ്യങ്ങൾ.
മടങ്ങാനൊരിടമില്ലാത്തവരെ
മരണസാധ്യതയുടെയും
വിഭവദാരിദ്ര്യങ്ങളുടെയും
ഉയർന്ന തോതുകളിൽ
ജീവിക്കാനനുവദിച്ചുകൊണ്ട്
ഛായപടങ്ങളും കുങ്കുമപ്പൂക്കളും
സമാഹരിച്ച കൗതുകശാലികൾ
മടങ്ങിപ്പോവുന്നു.
പുകവലിയുടെയിടവേളകളിൽ
തോൽസഞ്ചികൾ വിൽക്കുന്നൊരാൾ
അയാളുടെ നേർത്ത വഞ്ചിയിൽ
ശുഭരാത്രി നേർന്നശേഷം തിരിച്ചുപോവുന്നു.
അയാളുടെ ഗ്രാമം
വിദൂരമായൊരു പ്രേമം
തടാകത്തിനപ്പുറം
ഇരുളിലെവിടെയൊ
മലർന്നുകിടക്കുന്നു.