രചന : അബ്ദുൽ കലാം ✍
ഒരു നാടകമെഴുതണം. ഗ്രാമത്തിലെ സ്കൂൾ കലോത്സവത്തിന് അവതരിപ്പിക്കാനൊരു നാടകം വേണ്ടതുണ്ടായിരുന്നു. റിട്ടയേർഡ് അദ്ധ്യാപകനും പൊതു സമ്മതനും ഒക്കെയായ ശ്രീ: രാമൻ മാഷിൻ്റെ നിർബന്ധത്തിനു വഴങ്ങാതിരിക്കാനായില്ല.
പക്ഷേ, ഈ എടാ കൂടത്തീന്നു രക്ഷപ്പെടാനായിട്ടെങ്കിലും , നടക്കാത്തവ എന്നറിയാമായിരുന്നതു കൊണ്ടും, എഴുതിത്തീരും വരെ ഒറ്റക്ക് താമസിക്കാൻ വളരെപഴക്കമുള്ള ഒരു വീട് ആവശ്യപ്പെട്ടപ്പോൾ , മാഷ് വല്ലാത്തൊരാ ലോചനയിൽ മുങ്ങിത്താണു. ഇനി കരക്കു കയറരുത് എന്നുറപ്പിച്ചു കാടിൻ്റെ ഉള്ളിലെവിടെയോ ആയിരിക്കണം എന്നും തറപ്പിച്ചു പറഞ്ഞു.
അടുത്തുള്ള കാട്ടിൽ ഒറ്റക്കു കഴിയാവുന്ന വീടൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെയും ഫോറസ്റ്റ്കാർ കയറ്റുമെന്നും തോന്നുന്നില്ല. ആ ഉറപ്പിലായിരുന്നല്ലോ.
പിന്നീട് എല്ലാ ധാരണകളും തകിടം. മറിഞ്ഞു. മാഷല്ലേ.മാഷ് വിചാരിച്ചാൽ നടക്കാത്തതായി എന്തുണ്ട് നാട്ടിൽ എന്ന് നാട്ടുകാർക്കിടയിൽ പാട്ടാണെങ്കിലും , അതക്ഷരം പ്രതി ശരിയായിരുന്നു.
ആവശ്യപ്പെട്ടതെല്ലാം മാഷ് തയ്യാറാക്കിക്കഴിഞ്ഞു. സമീപത്തെങ്ങും അല്ല. ദൂരെ, ഊട്ടിക്ക് തൊട്ടു ,പൈക്കാറ എന്നയിടത്താണ്.
ഭക്ഷണത്തിനും മുട്ടുണ്ടാവില്ല.
എന്തായാലും പെട്ടുപോയില്ലേ.
വണ്ടി നാടുകാണി ചുരം പിന്നിട്ടു. ഒരു പഴഞ്ചൻ ജീപ്പ്. പൈക്കാറയിലെത്തിയാൽ ഇനിയും ഉള്ളിലേക്കുള്ള വഴി ദുർഘടം പിടിച്ചതാണ്. ജീപ്പുകൾക്കേ പോകാൻ സാധിക്കൂ. പട്ടാളത്തിൽ നിന്നും പിരിഞ്ഞ വർഗ്ഗീസാണ് ഓടിക്കുന്നത്.
” സൂക്ഷിക്കണം”വർഗ്ഗീസ് ഓർമ്മിപ്പിച്ചു.” ആനയും പുലിയും വിഹരിക്കുന്ന സ്ഥലമാണ്.”
കുറച്ചു അച്ചാറും ഉപ്പിലിട്ടതും ദിവസങ്ങളോളം സൂക്ഷിക്കാൻ പറ്റിയ വറവു കടികളും സ്കൂൾ വക ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. ബാഗിൽ അതെല്ലാം ഭദ്രമായി അടുക്കി വെക്കുമ്പോൾ മറ്റാരുടെയോ വകയായ വിസ്കിയും റമ്മും അടങ്ങുന്ന കുപ്പികൾ അടുത്ത വീട്ടിലെ സുകുമാരന് ചുമ്മാ സമ്മാനിച്ചു. അപ്പോൾ ഒരു നിധി കിട്ടിയ തിളക്കമായിരുന്നല്ലോ അയാളുടെ കണ്ണുകളിൽ. തനിക്ക് കുപ്പീന്നെടുത്ത് മോന്തിക്കൊണ്ട് കാട്ടിൽ ഉറങ്ങാനോ നല്ല കഥ.
ഗൂഢല്ലൂർ എപ്പോഴേ പിന്നിട്ടു കഴിഞ്ഞു. പറഞ്ഞ പോലെ ഉൾവഴി ദുർഘടമായിരുന്നു. ഒന്നിനും വിധേയയാകാൻ മടിക്കുന്ന കാമുകിയെ എന്ന പോലെ വർഗ്ഗീസ് ജീപ്പിനെ വറുതിക്ക് നിർത്തിക്കൊണ്ടോടിക്കാൻ തുടങ്ങി.
ബംഗ്ലാവിന് മുന്നിലെത്തി.
മടങ്ങിപ്പോകുമ്പോൾ വർഗ്ഗീസ് ഓർമ്മിപ്പിച്ചു.”തനിച്ച് പുറത്തിറങ്ങി നടന്നേക്കരുത്.”
ഹോ, പ്രകൃതി രമണീയം. നിഗൂഢത വഹിക്കുന്ന എന്നും ചേർക്കാതെ ഭംഗിയുണ്ടാവില്ല .കാടെത്ര കണ്ടിരിക്കുന്നു.
സൂര്യൻ പടിഞ്ഞാട്ടേക്കു ഓടിയെത്തിയതിനാൽ ക്ഷീണിതനായ കാരണം കിതപ്പകറ്റാൻ ചക്രവാളത്തിൽ അൽപ നേരം വിശ്രമിച്ചു. അന്നേരത്ത് അവിടം ഒരു ബക്കറ്റ് ചെമന്ന പെയിൻ്റെ ആരോ കോരിയൊഴിച്ചെന്ന മാതിരി ചെഞ്ചായം പടർന്നിരുന്നു. സൂക്ഷിച്ചു നോക്കുകയാണെങ്കിൽ കുറെ ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകൾ കാണുന്നുണ്ടോ. പോലീസുകാരുടെ ഒടിഞ്ഞ ലാത്തികളും. കത്തിയെരിഞ്ഞ വാഹനങ്ങൾ. പോലീസുമായി ഒരു രാഷ്ട്രീയ സംഘട്ടനങ്ങൾ നടന്നതായ ആ സങ്കൽപം ഇരുട്ടെന്ന മഹാ കിരാതനു മുന്നിൽ തോറ്റു തുന്നം പാടി.
അകാരണമായി ഒരുൾഭയം ഗ്രസിക്കാൻ തുടങ്ങി. എങ്കിലും അത്താഴവും കൊണ്ട് വേൽ മുരുകൻ എത്തുമല്ലോ എന്നാശ്വസിച്ചു. ബംഗ്ലാവു സൂക്ഷിപ്പുകാരൻ പിച്ച മുത്തു താക്കോൽ തരുമ്പോൾ ശ്രദ്ധിച്ചതാണ്. അയാൾക്ക് കോമ്പല്ലുണ്ടോ എന്നൊരു സംശയം.
വൈദ്യുതിയൊന്നും ഉണ്ടായിരുന്നില്ല. കമ്പി റാന്തൽ വിളക്കാണ് ശരണം.ഉറക്കം വരുന്നുണ്ടായിരുന്നു.
പഴയ മട്ടിൽ ടിഫിൻ കാരിയറും കൊണ്ടാണ് വേൽ മുരുകൻ എത്തിയത്. .അപ്പോൾ ചെറിയൊരു ഞെട്ടൽ തോന്നി .വേൽ മുരുകനും കോമ്പല്ലുണ്ടോ . കണ്ടാൽ മുപ്പതിലേറെ പ്രായം തോന്നില്ല.ഇതെന്തു കാട്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ, ഈ കോമ്പല്ലുകളെല്ലാം കാട്ടിൽ കഴിയുമ്പോഴുണ്ടാകുന്ന ജീവശാസ്ത്രപരമായ ഒരു വൃതിയാനം കൊണ്ടായിരിക്കാം, എന്നിങ്ങനെ ചിന്ത കാടുകയറി.ഭക്ഷണത്തിൻ്റെ രുചി തന്നെ അപാരം. നാട്ടിലെ ഏതു കോൻഡി മെൻ്റെലുകൾ പോലും കാട്ടു കനികൾ, പുഴമീൻ എന്നിവയാൽ തയ്യാർ ചെയ്ത ഈ ഭക്ഷണത്തിനു മുന്നിൽ ഓഛാനിച്ചു പോകും.
“വീടെവിടെയാ”
ബംഗ്ലാവിന് പിറകു വശത്തെവിടേക്കോ വേൽ മുരുകൻ കൈ നീട്ടി.
ഒരു അഞ്ഞൂറ് രൂപ മുരുകൻ നീട്ടിയെങ്കിലും വാങ്ങിയില്ല.
പഴം തമിഴിലയാൾ പറഞ്ഞതിൽ, ഇന്നത്തെക്കാലത്ത് ഇതാവശ്യം ഇല്ലല്ലോ. അത് മാത്രം മനസ്സിലായി. എന്നാൽ, അക്കാലം പോയല്ലോ എന്നത് മനസ്സിലായില്ല. എന്നാലും ഭക്ഷണത്തെപ്പറ്റി ഭംഗി വാക്കെങ്കിലും പറയേണ്ടത് ഒരു മര്യാദയല്ലേ.
“ഭക്ഷണം താങ്കളുണ്ടാക്കിയതാണോ?”
അയാൾ ആകെയൊന്നു സൂക്ഷിച്ചു നോക്കുകയാണ് ചെയ്തത്. പെട്ടെന്ന് ഒന്നും പറയാതെ ഉള്ളതെല്ലാം എടുത്ത് ആൾ പോകുകയും ചെയ്തു .
ഒന്നും മനസ്സിലായില്ല.
പിറ്റേന്ന് പ്രാതലും കൊണ്ടു വന്നത് വിശാൽ.മുരുകൻ്റെ മകൻ. ഏഴെട്ടു വയസ്സുകാണും. അച്ഛനെപ്പറ്റി അവനോടു തിരക്കി.
“അച്ഛനും അമ്മേം കരച്ചിലോടു കരച്ചിലാ”
“എന്തു പറ്റി”
“ആ” അറിയില്ലെന്നു അവൻ ചുമൽ കൂച്ചി ‘.
ഉച്ചക്കും അവനാണ് ഭക്ഷണം കൊണ്ടു വന്നത് . രാത്രിയും.
അതിനിടയിൽ നാലഞ്ചു പേജ് നാടക അദ്ധ്യായം എഴുതി തീർത്തു. ഒന്നുറങ്ങാൾ കിടന്നു. എപ്പോഴേ പുറത്തെന്തോ ബഹളം തോന്നി.
ആരായിരിക്കാം ഈ അസമയത്ത്. കമ്പി റാന്തൽ തെളിച്ച് മുൻ വശത്തു ചെന്നപ്പോൾ പുറത്ത് ഒരു സ്ത്രീ നിൽക്കുന്നു. കറുപ്പിൻ്റെ ഏഴഴകും ഒത്ത തനി കാട്ടു റാണി.
“ആരാ. എന്തു വേണം “
” ഞാൻ മുരുകൻ്റെ ചെല്ലമ്മ. അകത്തു വരട്ടെ. സാറ് എന്തോ എഴുതുന്നതായറിഞ്ഞു . ഞാൻ പറഞ്ഞുതന്നാൽ അതൊന്ന് എഴുതാമോ “
“ഇപ്പോഴോ . അത് ശരിയാവില്ല. നാളെ മുരുകനെയും കൂട്ടി വരൂ. എന്നിട്ടാകാം..”
ഉറങ്ങാൻ കിടന്നപ്പോൾ കൺമുന്നിൽ ചെല്ലമ്മ. കാനന നൃത്തമാടുന്നു. പാടുന്നു.
എങ്ങിനെയോ നേരം വെളുത്തു.
വിശാലിൻ്റെ പൊടിപോലും ഇല്ലായിരുന്നു.
അല്ലെങ്കിലും മുരുകൻ ചെല്ലമ്മയുമായി വരേണ്ടതായിരുന്നു. പ്രാതൽ കൊണ്ടു വരേണ്ട സമയം കഴിഞ്ഞെന്നു മാത്രമല്ല, ഉച്ചയോട് അടുക്കാറും ആയി. എഴുതാനെന്തോ പറയാനുണ്ടെന്നും അവൾ പറഞ്ഞിരുന്നല്ലോ . ആ കുടുംബത്തിന് വല്ല പ്രശ്നവും…. അല്ലെങ്കിൽ ഭക്ഷണവുമായി വരും വഴിക്ക് …..
ഒന്നന്വേഷിക്കുക തന്നെ . ബംഗ്ലാവ് വിട്ടു. ബംഗ്ലാവിന് പിറകിൽ, മുരുകൻ അന്നു കൈ കാണിച്ച യിടം ലാക്കാക്കി നടന്നു.
ചുറ്റും ശ്രദ്ധിച്ചു കൊണ്ട് ഏതാനും ദൂരം നടന്നു. നടപ്പാത. പുല്ലു മേഞ്ഞ ഒരു കൂര കണ്ടു. അതാകാം .
പ്രായം ചെന്ന ഒരാളുണ്ടായിരുന്നു.
മുരുകനെ പറ്റി അയാൾക്കറിയില്ല. ഇവിടെ അടുത്ത് ആ ബംഗ്ലാവ് അല്ലാതെ വേറെ ഒരു കൂരയും ഇല്ല.അയാളുടെ കയ്യിലെ വിരലുകൾക്കിടയിൽ എരിയുന്ന തടിച്ച ബീഡിയിൽ നിന്നും കഞ്ചാവിൻ്റെ രൂക്ഷ ഗന്ധം വമിച്ചു.
തിരികെ ബംഗ്ലാവിലെത്തിയപ്പോൾ പുറത്ത് വിശാൽ നിൽക്കുന്നുണ്ടായിരുന്നു. അവൻ കൊണ്ടു വന്ന ടിഫിൻ കാരിയർ വാങ്ങി.”വാ” അകത്തേക്കു ക്ഷണിച്ചു. ‘കാരിയർ അഴിച്ചു മേശമേൽ നിരത്തുന്നതിനിടയിൽ തിരക്കി.
“നിങ്ങളെവിടെയാ താമസം”
” കുറച്ചു മാറി ഒരു കയത്തിൽ.”
” കയത്തിലോ?”
പെട്ടെന്ന് അവനെ അടുത്തെങ്ങും കാണാതായി. പെട്ടെന്നാണത് ശ്രദ്ധിച്ചത്. മേശമേലുണ്ടായിരുന്ന പാത്രങ്ങളും അതേ സമയം കാണാതായിരിക്കുന്നു.
ഞെട്ടിപ്പിടഞ്ഞെണീറ്റു. ഉള്ളതെല്ലാം എടുക്കാൻ നിൽക്കാതെ പുറത്തിറങ്ങി വല്ലാത്തൊരു വിറയൽ.പ്രധാന വഴിയോടു ചേർന്ന് നടക്കുകയല്ല, ഓടുകയായി. ഭയവും വിറയലും കാരണം കാലുകൾക്ക് ശക്തി പോരായിരുന്നു. എതിരെ ഒരു ജീപ്പു വരുന്നു. ഫോറസ്റ്റുകാരായിരുന്നു. അടുത്തെത്തി അതു നിർത്തി. അകത്തു കേറാനും ആജ്ഞയായി.
മടങ്ങുമ്പോൾ ,അവർ ഓരോ ചോദ്യങ്ങളുന്നയിച്ചു. എവിടന്നു വന്നു., എന്തിന്, എല്ലാത്തിനും മറുപടി കൊടുത്തെങ്കിലും , ഭൂതപ്രേതാദികളെ പറ്റിയാണോ എഴുത്ത് എന്ന ചോദ്യവും ഉയർന്നു.
“മനുഷ്യരാര്യം എത്തിചേരാതായിട്ട് അവിടെ നൂറ് വർഷമായിക്കാണും.” കൂട്ടത്തിൽ തെല്ല് ഉയർന്ന സ്ഥാനം വഹിക്കുന്ന ഫോറസ്റ്റർ വിവരിച്ചു.”അതിനിടയിൽ ഇവിടെയെത്തിപ്പെട്ട ചിലരെപ്പറ്റി ഒരു വിവരവും ഇല്ല.”
എനിക്കു ആകാംക്ഷ അടക്കാനായില്ല. വിറയലിന് ശമനം ഉണ്ടായിരുന്നു.
“മൂന്ന് പരേതാത്മാക്കളെയാണ് ബംഗ്ലാവിനും അടുത്തുള്ള കയത്തിലുമായി ചുറ്റിപറ്റി കാണുന്നത്. മൂന്നു മരണം സംബന്ധിച്ചു ക്രൈം റെക്കോർഡിൽ ഇപ്പോഴും കാണാം. സായിപ്പൻമാർ സുഖിക്കാൻ പണിത ബ്ലംഗ്ലാവാണത്” അയാൾ തുടർന്നു “തെല്ലുമാറി ഒരു ആദിവാസി കുടുംബവും ഉണ്ടായിരുന്നു. വിനോദത്തിനിടെ ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി ബംഗ്ലാവിലെത്തിച്ചു പിച്ചിച്ചീന്തി. അടുത്തുള്ള കയത്തിൽ അവൾ ചാടി ജീവനൊടുക്കി. പിറകെ ഭർത്താവും മകനും.”
ഓർമ്മ തിരിച്ചു കിട്ടിയപ്പോൾ അടുത്ത് കുടുംബാംഗങ്ങൾക്കൊപ്പം നാടകം എഴുതി തയ്യാറായോ എന്നു ചോദിച്ച് മാഷും ഉണ്ടായിരുന്നു….