ഉപഗുപ്തനുറക്കമോ
ഉടനൊന്നുണരുമോ
ഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രം
ഉരുവിടാനെത്തുമോ …..?
ഉത്കൃഷ്ടനാംബുദ്ധഭിക്ഷുവിൻ്റെ
സാന്ത്വനം കാംക്ഷിയ്ക്കയാണിന്ന്
മാനവരാകെയും
കബന്ധമായ് കിടന്നൊരു
വാസവദത്തയ്ക്കരികിലെത്തി
ആത്മശാന്തിയേകി
അന്ത്യയാത്ര അയച്ചതല്ലേ ……..!
ദത്തയെപോലെ ഒരാളും അനാഥരല്ല
ശ്മശാനത്തിലുമല്ല …..!
കരചരണങ്ങൾ ഛേദിച്ച _
കബന്ധവുമല്ല …..!
പകരുന്ന വ്യാധിയാൽ മൃത്യുനാശം വന്ന് –
ആതുരാലയത്തിൻ തിണ്ണയിൽ –
കിടക്കുന്നു….!
ഒരു നോക്കു കാണുവാനാരോരും വന്നില്ല
കോടി പുതപ്പിക്കാൻ മിത്രങ്ങളെത്തീല്ല
പതം പറഞ്ഞ് കരയാനായ് ഉറ്റവരേം കണ്ടില്ല
ആത്മശാന്തിയേകുവാനെത്താതെ –
വഴിമാറുന്നു മത ശ്രേഷ്ഠരും
പതറുകയാണേവരും –
പരേതനടുത്തെത്താൻ …..!
പരിഭവമില്ലാതെ പരിഗണനയില്ലാതെ
പരലോകം തേടി യാത്രയാകുന്നു
ഉപഗുപ്തനുറക്കമോ …..?
ഉടനൊന്നുണരുമോ —– ?
ഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രം –
ഉരുവിടാനെത്തുമോ ……?
——————–
ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽ.

By ivayana