രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍
ഓർമ്മയുടെ ജാലകം കൊട്ടിത്തുറക്കുന്ന
മൗനങ്ങളേ നിന്നെയെന്നുമിഷ്‌ടം
കയ്പ്പും മധുരവും കണ്ണുനീരും തരും
ഓർമ്മകളേ നിന്നെയിഷ്‌ടമിഷ്‌ടം.
പാതിമയക്കത്തിൽ വന്നുചേരുന്നൊരു
സ്വപ്നങ്ങളേ നിന്നെയെന്തൊരിഷ്‌ടം
പാതിയിൽ നിദ്രയും തട്ടിത്തെറിപ്പിച്ചു
പായുന്ന നിന്നോടും തെല്ലില്ലനിഷ്‌ടം.
ആകാശമേൽപ്പുര തന്നിൽ തിളങ്ങുന്ന
താരകമൊട്ടിനെഏറെയിഷ്‌ടം
നിറമിഴികളാലെന്നെ വാരിപ്പുണരുന്ന
പെരുമഴക്കാലമെന്തിഷ്ടമെന്നോ
മാരിവന്നെത്തുമ്പോള്‍ കോള്‍മയിര്‍ക്കൊള്ളുമാ-
ഭൂമിതന്‍ തൂമണമെന്നുമിഷ്ടം.
മണ്ണിനെപ്പൊന്നാക്കി വേര്‍പ്പിൽത്തളര്‍ന്നെത്തു-
മച്ഛന്റെ ഗന്ധമാണതിലുമിഷ്ടം .
വറുതിയുടെ തീപ്പൊരിച്ചിറകിലൊരു കുളിരുമായ്
ചാരെവന്നെത്തുന്ന കാറ്റുമിഷ്‌ടം
ഓരോനിലാവും വിരിഞ്ഞെന്റെ മുറ്റത്തു
പാൽനിറം തൂകുന്നതും ഇഷ്ടമേ
കൈവിരൽ തുമ്പിനാൽ തഴുകുന്നോരമ്മതൻ
ആ മുഖദർശനം ഇന്നുമിഷ്‌ടം
പ്രണയമേ,വിരഹമേ,ബാല്യ,കൌമാരമേ
നിന്നിലേക്കെത്തുവാൻ ഇഷ്ടമിഷ്ടം .