രചന : എം പി ശ്രീകുമാർ✍
കുളിർചിരിയിൽ തളിർത്തുവന്നു
കുളിർമയാർന്ന പ്രണയം
നിറചിരിയിൽ വളർന്നുവന്നു
തെളിമയാർന്ന പ്രണയം
പുതുമഴയിൽ പുളകംകൊള്ളും
ചൊരിമണലു കണക്കെ
ഇളംചിരിയിൽ, പുലരി പോലെ
പൂക്കൾ ചൂടി ഹൃദയം
നിറവസന്തം കതിർ മഴയായ്
മെല്ലെയങ്ങനുതിരവെ
ഹൃദയമലർ കവിഞ്ഞൊഴുകി
നറുമധുരം നിറഞ്ഞു
കളിചിരിയിലൊഴുകി വന്നു
കവിത പോലെ പ്രണയം
കനകമണിച്ചിലങ്ക പോലെ
സുവർണ്ണനടനമാടി
കഥകൾ മെല്ലെ മിഴികളാലെ
പറഞ്ഞിടുന്നു പ്രണയം
കനൽവഴിയിൽ കലകൾ പോലെ
തരളിതമായ് തിളങ്ങി
ചെറുമരുത്തിൻ ചലനം പോലെ
ചപലചാരുചഞ്ചലം
നിറമലരിൻ ചൊടികളിലെ
നറുമധുരം കണക്കെ
നറുനിലാവിന്നലകൾ പോലെ
തിളങ്ങിടുന്നു പ്രണയം
മണിശലഭമുയരും പോലെ
ചിറകടിച്ചു പറന്നു
മലരിതളിലുറങ്ങും പോലെ
സുഖംപകർന്നു പ്രണയം !