രചന : ഷാജു. കെ. കടമേരി ✍
അനാഥത്വത്തിന്റെ
നിലവിളികൾ കോറിവരഞ്ഞിട്ട
മുറിവുകൾ തുന്നിക്കെട്ടിയ
ജീവിതം ഉള്ളിലൊതുക്കി
അവൾ കോളേജിലേക്ക്
വരുമ്പോൾ
സൗഹൃദത്തിന്റെ കടലാഴങ്ങൾ
കെട്ടിപ്പുണർന്ന് മയങ്ങും
വരാന്തയിൽ പുതുവസന്തത്തിന്റെ
വെയിൽനാളങ്ങൾ ചിറക് വിരിക്കും.
അടക്കിപ്പിടിച്ച
തേങ്ങലുകൾ വലിഞ്ഞുമുറുക്കി
ഞങ്ങൾക്കിടയിലവൾ
തമാശകൾക്ക് തിരി കൊളുത്തും.
സൗഹൃദത്തിന്റെ വാതിലുകൾ
മലർക്കെ തുറന്നിട്ട് ഞങ്ങളുടെ
നെഞ്ചിലവൾ സ്നേഹത്തിന്റെ
കവിത കുറിക്കും.
തീ കോരിയിട്ട അനുഭവങ്ങൾ
കത്തുന്ന കാറ്റാടി മരങ്ങൾക്കിടയിൽ
തല ചായ്ച്ചുറങ്ങുന്ന ചിത്രങ്ങൾ
വാക്കുകളായ് ചിതറും.
പ്രണയ ചിത്രങ്ങൾ വരച്ച് വച്ച
മുറ്റത്ത് നട്ടുച്ച മഴ ചിലങ്കയണിഞ്ഞ്
നൃത്തം വയ്ക്കും .
ഉച്ചഭക്ഷണം കഴിഞ്ഞ്
കാറ്റാടിമര ചോട്ടിലിരുന്ന് അവൾ
സംവാദത്തിന് തുടക്കമിടും
എന്റെ കവിതയവൾ
ഉറക്കെ വായിക്കും .
സങ്കടങ്ങൾ മാത്രം വരച്ച് വയ്ക്കുന്ന
എന്റെ കവിതയിലെ
വരികൾക്കിടയിൽ
അവളുടെ കണ്ണ് പിടിവിട്ട് പോകും
ക്ലാസ്സ് കഴിഞ്ഞ്
അനാഥാലയത്തിന്റെ
ചുവരുകൾക്കുള്ളിലേക്ക്
നടന്ന് പോകുന്ന
അവളുടെ കണ്ണുകൾ
ഞങ്ങൾക്ക് പിടി തരാതെ
ഒഴിഞ്ഞ് മാറി നടക്കും
നെഞ്ച് പൊട്ടിക്കുതറി വീണ
കണ്ണീർതുള്ളികളിൽ എനിക്ക്
നിങ്ങളെല്ലാമേയുണ്ടായിരുന്നുള്ളൂ
എന്നവളുടെ വാക്കുകളിൽ
മുഖം ചേർത്ത്
ക്യാമ്പസിലെ
ഓരോ മണൽത്തരിയും
തലതല്ലി പിടയും
മഴക്കോള് കുത്തിവരച്ച
ഇടനെഞ്ചിൽ നിന്നും
ഇടിമുഴക്കങ്ങൾ
സായന്തനത്തിന്റെ
നെഞ്ച് കൊത്തി പിളർക്കും…..