രചന : കുറുങ്ങാട്ടു വിജയൻ ✍
ചന്ദ്രമണ്ഡലത്തിലെത്തി,യെന്നതാമഹന്തയാല്‍
ചന്ദ്രഹാസധാരിയായി വന്നുനില്‍പ്പു മാനവര്‍
ചിത്തമാകെ ചീത്തയായ ചിന്തയാല്‍ മലീമസം
ചീത്ത ചിത്തവൃത്തിയാലെ ചിത്തവിഭ്രമത്തിലും!
കോവിഡിന്റെ മാരിതീര്‍ത്തയന്ത്യനിദ്രയേറിടേ
കേമനെന്നഭാവമാണു വീണടിഞ്ഞുപോയതും
കോവിഡിന്റെ പേടികൂടെ,യന്ത്യയാത്രവേളയിൽ
കോടിയിട്ടുമൂടിടുന്ന, യന്ത്യകര്‍മ്മമില്ലഹോ!
നെഞ്ചുപൊട്ടി വിങ്ങലില്ല, യില്ലയന്ത്യചുംബനം
നെഞ്ചിലായി വച്ചതാരുമില്ല റീത്തുപൂക്കളും
കൊച്ചുകാറ്റുപോലുമില്ല,യന്ത്യയാത്രവേളയില്‍
കച്ചകൊണ്ടുകെട്ടിയിട്ട വെള്ളഭാണ്ഡമെങ്ങുമേ!
യന്ത്രനാക്കുകൊണ്ടുതീര്‍ത്ത ഗര്‍ത്തമാണുമുന്നിലായ്
യന്ത്രനാക്കുകൊണ്ടുതന്നെ തൂര്‍ത്തുമണ്ണുമേലയായ്
തന്ത്രിയില്ല, തീര്‍ത്ഥമില്ല, ദര്‍ഭയാം പവിത്രവും
മന്ത്രമില്ല, ശോകമൂക,മൊന്നുമാത്രമെങ്ങുമേ!
കാറ്റുവന്നുകാതിലോതി ദുഃഖസാന്ദ്രമര്‍മ്മര-
മറ്റുപോയി ബന്ധുമിത്രസ്വന്തബന്ധബാന്ധവം
ചോറ്റുപിണ്ഡമില്ലയെന്ന ദുഃഖഭാരമോടെയും
ചുറ്റുവട്ടവൃക്ഷചില്ലതന്നിലില്ല കാകനും!
കോവിഡൊത്തു ജീവിതം തുടങ്ങിവച്ച നാള്‍മുതല്‍
വ്യക്തിബന്ധദൂരവും കുറഞ്ഞുപോയി മേല്‍ക്കുമേല്‍
സ്വന്തബന്ധബാന്ധവം കുറഞ്ഞിടാതെകാക്കുവാന്‍
എന്തുവേണമെന്നതാണു് കോവിഡിന്റെ പാഠവും!
നാലുമാസകാലമായി കോവിഡെന്ന മാരണം
നാട്ടുകാരെ ബന്ദിയാക്കി വീടിനുള്ളിലാക്കവേ
നാട്ടുനന്മയൊന്നുമില്ല, കൂട്ടമില്ല, ഘോഷവും
നോട്ടുകീറിയെന്ന നാട്ടുചൊല്ലിനൊപ്പമേവരും!
മുഷ്ക്കുകൂടി മാസ്ക്കെടുത്തു കണ്ഡവസ്ത്രമാക്കിയും
മാസ്ക്കുവച്ചിടാതെ റോഡുയാത്രചെയ്ത കൂട്ടരും
കോവിഡെത്തുരത്തിടുന്ന ജാഗ്രതയ്ക്കു ഭംഗമായ്
കാലമേകിടില്ല, തീര്‍ച്ച, മാപ്പവര്‍ക്കൊരിക്കലും!
ഓര്‍ക്കവേണമേവരും കൊറോണയെന്നമാരക-
മാരിലും പറന്നുവന്നു ജീവഹാനിയേകിടാം
പണ്ഡിതന്റെ പാമരന്റെ മന്നവന്റെ മുന്നിലോ
പക്ഷഭേദമേദുമില്ല കോവിഡിന്റെ പാതയില്‍!
🙏