രചന : തോമസ് കാവാലം.✍
കേട്ടുമടുത്തൊരു വാഗ്ദാനം ചൊല്ലുവാൻ
കട്ടുമടുത്തവർ വീണ്ടും വന്നു
കോട്ടണിഞ്ഞെത്തുന്നു വോട്ടുചോദിച്ചവർ
കെട്ടിപ്പിടിക്കുന്നു നാട്ടുകാരെ.
വെളുത്ത പേപ്പർപോൽ വെളുക്കെച്ചിരിച്ചും
ഉളുപ്പില്ലാതവർ വിളിക്കുന്നു
കളിച്ചകളികൾ വീണ്ടും കളിക്കുവാൻ
കരുതി കരുക്കൾ നീക്കീടുന്നു.
വിമതന്മാരുടെ വിരുതിൽപെട്ടു നാം
തെരുവിലാൽമരത്താഴെയായി
വിരവോടവർതൻ വീമ്പുകൾകേട്ടു നാം
വീണ്ടുവിചാരമില്ലാത്തവരായ്.
മോഹനവാഗ്ദാനം വാരിയെറിയുവോർ
മോഹിനിയെപ്പോലെ വീഴ്ത്തീടുന്നു
ദാഹിച്ചുമോഹിച്ചു കാത്തിരുന്നീടിലും
മഹിയിൽ പിന്നവർ മായപോലെ.
ഉള്ളിലിരിക്കുന്ന കള്ളത്തരങ്ങളെ
കുള്ളമനസ്സുകൾ മൂടി വെച്ചും
കള്ളച്ചിരിയോടെ പിള്ളയെ താങ്ങിയും
തള്ളേടെ കാലു പിടിച്ചീടുന്നു.
ഉള്ളതും കൂടിയെടുത്തു മുടിക്കുന്ന
ചെള്ളുജന്മങ്ങളെ നീക്കീടുക
അള്ളുവെക്കുന്നവർ തൊള്ളതുറക്കുന്നു
പള്ളൂപരിഭവം ചൊല്ലീടുന്നു.
കലാലയങ്ങളെ കൊലാലയങ്ങളായ്
മാറ്റീടുന്നു ചിലർ സ്വാർത്ഥതയാൽ
കാലത്തിനൊത്തു മാറാത്തവർ പല
വേലത്തരങ്ങളും ചെയ്തുകൂട്ടും.
വംശഹത്യയ്ക്കു വശംവദരായവർ
ദിശയറിയാ പശുക്കളെപ്പോൽ
നാവിറങ്ങീടുന്നു നാശത്തിൽ വാതിൽക്കൽ
നാറാണക്കല്ലു പിടിച്ചീടുന്നു.
മയക്കുമരുന്നു മുടങ്ങാതെത്തിക്കാൻ
മടിക്കുന്നില്ലവർ മാടമ്പികൾ
കുടിപ്പകയാലെ കൊന്നുകുടികളെ
മുടിച്ചീടുന്നവർ നാടുനീളെ.
കള്ളക്കാശുകൾ വെളുപ്പിക്കുവാനവർ
കള്ളക്കടത്തിനു കൂട്ടുനിൽക്കും
വെള്ളപൂശുന്നവർ ചള്ളൂജന്മങ്ങളെ
തുള്ളിയുമില്ലവർക്കഭിമാനം.
വർഗീയശക്തികൾ വിഷം വമിക്കുന്നു
വർഗ്ഗം തിരിഞ്ഞു വെല്ലുവിളിക്കുന്നു
പെണ്ണിന്റെമാനം പെരുവഴിയാക്കുവോർ
മണ്ണിന്റെ മക്കളെ മറക്കുന്നു.
ആട്ടിൻതോലിട്ട ചെന്നായ്ക്കളായവർ
മുട്ടിലിഴയുന്നു വിനീതരായ്
വോട്ടുതേടുന്നു തുണയ്ക്കുവാനോതുന്നു
രാഷ്ട്രീയക്കോമരം താന്തോന്നികൾ.
മാറ്റംവന്നിടുവാ,നേറ്റം കൊതിക്കണം
മുറ്റുംഗർവോടെ നാം വോട്ടിടണം
കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യൂവോർ
നോക്കിയിരിക്കുന്നധികാരത്തിൽ.
വിട്ടുവീഴ്ചയ്ക്കുതയ്യാറാകൊല്ല നിങ്ങൾ
പട്ടിണി പാവത്തെ മറക്കൊല്ല
നട്ടെല്ലൂനിവർന്നു നിൽക്കുക നാട്ടിലെ
കാട്ടാളന്മാരെ തുരത്തീടുക.
ജനാധിപത്യത്തിൻ കാവലാളാകുവാൻ
ജനാഭിലാക്ഷം നടപ്പിലാക്കാൻ
ജനമനസ്സുകണ്ടറിയും നമ്മുടെ
ജനനായകനു വോട്ട് ചെയ്യാം.