രചന : ജോയ് പാലക്കമൂല ✍
തോറ്റ കുട്ടിയുടെ,
താളുകൾ നോക്കിയിട്ടുണ്ടോ?
ചളിപുരണ്ട്, കീറിപ്പറിഞ്ഞ്
ചിലപ്പോൾ റോക്കറ്റായി പറന്നുപോയത്….
ചന്തി കീറിയ ട്രൗസറായിട്ടും
ചെമ്പിൽ വേവുന്ന ഉപ്പുമാവായിട്ടും,
ആ താളുകൾക്കൊരാത്മബന്ധം ഉണ്ട്
ജീവിതം സംവേദിക്കുന്നത്
അവർ തമ്മിലാവും.
വിജയച്ചവരുടെ പുഞ്ചിരിയിൽ,
നിങ്ങളാ ആത്മവേദന അളക്കരുത്.
തോറ്റ കുട്ടിയുടെ,
സുവിശേഷം കേട്ടിട്ടുണ്ടോ?
തോട്ടിലെ പരൽമീനുകളോടും,
വഴിയിലെ പുൽച്ചാടികളോടും,
കശുമാവിൻ കൊമ്പുകളോടുമാണ്,
അതവൻപറഞ്ഞു കൊടുത്തത്
പൊട്ടിയ സ്ളേറ്റിലെ,
ആനമുട്ടയുമായി അതിനുബന്ധമില്ല.
തോറ്റ കുട്ടിയുടെ ,
ഇതിഹാസം വായിച്ചിട്ടുണ്ടോ?
അക്ഷരങ്ങളും, അക്കങ്ങളുമല്ല
അനുഭവങ്ങളുണു വലുതെന്ന്,
അവൻ്റെ ജീവിതരേഖ ചൂണ്ടിക്കാട്ടും…
മനുഷ്യനെ സൃഷ്ടിക്കുന്നില്ലങ്കിൽ,
പുസ്തകങ്ങൾ വ്യർത്ഥമാണന്നും,
വിശപ്പാണ് വലിയ ഗുരുവെന്നും,
അവൻ്റെ കുടലുകൾ എഴുതിവച്ചിട്ടുണ്ട്.