രചന : ശ്രീലത മാധവി ബാലൻ ✍
ചില്ലു കുപ്പിയിലെ തേനിന്റെ നിറമായിരുന്നു അച്ഛന്
അമ്മ നന്ത്യാർവട്ടപൂ പോലെയും.
രണ്ടു പേരുടെയും കളർ അല്ലായിരുന്നു ഞങ്ങൾ മക്കൾക്ക്.
രണ്ടു തരം DNA യും കൂടി ഒരു മിക്സ്ഡ് ടോൺ.
അമ്മ വീട്ടിൽ പോകുമ്പോഴൊക്കെ ചില ബന്ധുക്കളിൽ നിന്ന് നിറത്തിന്റെ പേരിൽ കുത്തുവാക്കുകളും കേട്ടിട്ടുണ്ട്.
മാധുവിന്റെ കളർ ഒരെണ്ണത്തിനും കിട്ടിയില്ല.
ഞങ്ങളെ കേൾക്കെയും കേൾക്കാതെയും പലരും അടക്കം പറഞ്ഞു.
ഒരിക്കൽ ഒരു വെക്കേഷൻ ടൈം ഞാൻ അവിടെ ചെല്ലുമ്പോൾ മേമയും വന്നിട്ടുണ്ടായിരുന്നു.
മേമയുടെ മോൾക്ക് ആറു മാസം പ്രായം. എനിക്ക് എട്ടൊ പത്തോ വയസ് കാണും.
ആ പ്രായം ഒക്കെ കുട്ടികളെ മത്സരിച്ചു എടുക്കാനും കൊഞ്ചിക്കാനും ഒക്കെ കൊതിക്കുന്ന പ്രായം.
പക്ഷേ ആ കുഞ്ഞു ഞാൻ എടുക്കാൻ ചെല്ലുമ്പോഴൊക്കെ തല ചെരിക്കുമ്പോ സങ്കടം വന്നിരുന്നു.
എപ്പോഴും വാശിപ്പിടിച്ചു കരയുന്നൊരു കൊച്ച്.
ഒരിക്കൽ കുഞ്ഞു കിടക്കുന്ന റൂമിലേക്ക് ഞാൻ ചെല്ലുമ്പോൾ അവിടെ അടുത്ത് തന്നെ താമസിക്കുന്ന അമ്മയുടെ ഇളയച്ഛന്റെ ഭാര്യ മാലതിയമ്മാമയും അവരുടെ മകളും ഉണ്ടായിരുന്നു.
കുഞ്ഞു പതിവ് പോലെ ഇടച്ചിൽ ആണ്.
ഞാൻ കുറച്ചു നേരം കുഞ്ഞിനെ നോക്കി അടുത്ത് നിന്ന് പിന്നെ കുഞ്ഞിനെ തൊടാനും കൊഞ്ചിക്കാനും ശ്രമിച്ചു. ഉടനെ കുഞ്ഞ് കരച്ചിൽ തുടങ്ങി.
“മോള് അങ്ങോട്ട് പൊയ്ക്കോ. ഈ നിറം കണ്ടിട്ടാ കൊച്ച് അടുക്കാത്തത്.
ഞങ്ങൾ എടുത്തപ്പോൾ കരഞ്ഞൊന്നുമില്ല.
അതിന് നിന്നെ ഒട്ടും ഇഷ്ടാവുന്നില്ല കണ്ടില്ലേ കരയുന്നത് “
ആ വാക്കുകൾ എന്നിലേക്ക് ഒരു ഇരുട്ടായി പെയ്തിറങ്ങി. എന്റെകുഞ്ഞ് മനസ്സിൽ അപകർഷത്തെബോധം പുകഞ്ഞു കത്തി.
കണ്ണുകൾ നിറച്ച് ഞാൻ മെല്ലെ പിൻവാങ്ങി.
അപ്പോൾ അമ്മാമയുടെ ശബ്ദം ഉയർന്നു.
“എന്തുട്ടാ മാലതി ഇങ്ങനെയാണോ കൊച്ചുങ്ങളോട് പറയുക.
നീ പറയുന്ന വെളുത്തനിറം മനുഷ്യന്റെ കഴിവ് കൊണ്ട് കിട്ടുന്നതല്ല. കറുത്ത നിറം കിട്ടുന്നത് ആരുടേയും തെറ്റുമല്ല.”
ശേഷം അമ്മമ്മ എന്റെ കൈപിടിച്ച് അപ്പുറത്തേക്ക് കൊണ്ട് പോയി.
“മോൾക്ക് കുറച്ചു കൂടി വലുതായിട്ട് അവളെ എടുക്കാം ട്ടോ.
പാല് കിട്ടാത്ത കൊണ്ട് വാശി പിടിച്ചു കിടക്കുവാ. ഇപ്പോൾ ആരെടുത്താലും സമ്മതിക്കില്ല അതാ കരയുന്നെ. “
ഞാൻ കണ്ണ് തുടച്ചു തലയാട്ടി.
നന്നേ കുഞ്ഞു പ്രായത്തിൽ നടന്ന ഈ സംഭവം എന്റെ മനസ്സിൽ ഇപ്പോഴും ഒരു മുറിവായി മനസ്സിൽ കിടപ്പുണ്ട്. കാരണം ആ വാക്കുകൾ എന്നിലെ ആത്മ വിശ്വാസത്തെ അത്രയും തകർത്തു കളഞ്ഞത് കൊണ്ട്.
ഇപ്പോൾ ജാസി ഗിഫ്റ്റ് നെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റ് കളുടെ ബഹളമാണ്.
ജാസി ഗിഫ്റ്റ് നോട് പച്ചയായ വർണ്ണ വിവേചനമാണ് ആ പ്രിൻസിപ്പാൾ ചെയ്തതെന്നാണ് ഇവർ അടിവരയിട്ട് പറയുന്നത്. പറയുന്നത് എന്ത് കൊണ്ടാണ്
ജാസി ഗിഫ്റ്റ് ന്റെ നിറം!
ശരിക്കും ഇവരും ആ മാലതിഅമ്മൂമ്മയും തമ്മിൽ എന്താണ് വ്യത്യാസം?
ശരിക്കും ജാസി ഗിഫ്റ്റ് നെ അപമാനിക്കുകയാണ് ഇവർ ചെയ്യുന്നത്.
ആ അധ്യാപിക ചെയ്തത് വലിയ തെറ്റാണ്.സംശയമില്ല.
സർക്കാർ റൂൾ നിലനിൽക്കുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്നുള്ള കാരണം പറഞ്ഞാലും അത് തെറ്റ് തന്നെയാണ്.
പക്ഷേ കറുത്തവനായത് കൊണ്ടാണ് ആ കലാകാരനോട് ഇങ്ങനെ ചെയ്തത് എന്ന് പറയുന്നവർ അതിനേക്കാൾ വലിയ വർണ്ണ വിവേചനമാണ് ചെയ്യുന്നത്!
കേരളത്തിലെ ഒരു ജില്ലയിൽ ഫുട്‌ബോൾ ടൂർണമെൻ്റിനിടെ ഐവറി കോസ്റ്റ് ഫുട്‌ബോൾ താരം ദിയാറസൗബ നെ കാണികൾ ഓടിച്ചിട്ട് മർദിക്കുകയും “ആഫ്രിക്കൻ കുരങ്ങൻ” എന്നും “കറുത്തവൻ” എന്നുംവിളിച്ച് വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.
മനം മടുത്ത് ആ കളിക്കാരൻ മടങ്ങി പോകാൻ ആഗ്രഹിക്കുന്നു. ഇത് വല്ലതും ഏതെങ്കിലും പോരാളികൾ അറിഞ്ഞോ ആവോ 😏