വാശി
എന്റെ അമ്മയുടെ
ഏറ്റവും ഇളയ അനിയത്തിയായിരുന്നു.
ഒരു അർദ്ധരാത്രി
ഉത്സവം കാണാൻ
സുന്ദരിയായി അണിഞ്ഞൊരുങ്ങിയ
മുത്തശ്ശിയെ കണ്ടു
പ്രേമപരവശനായ മുത്തശ്ശന്റെ
തിളച്ച സിരകളുടെ
വാശിയിൽ നിന്നാണ്
ശരിക്കുള്ള വാശിയുടെ ജനനം
.
കാച്ചിയ എണ്ണയിട്ട്
തേച്ചു കുളിച്ചു
കഞ്ഞി മുക്കി മിനുക്കിയ കസവു മുണ്ടും
ഈരിയൊതുക്കി
നിവർത്തിയ മുടിയിൽ
മുല്ലപ്പൂവും ചൂടി
അല്പം വൈകിയല്ലോയെന്ന വേവലാതിയിൽ
കൊതിയോടെ
അമ്പലത്തിലേക്ക് പോകാൻ നിന്ന മുത്തശ്ശിയുടെ മോഹങ്ങളെ
ചവിട്ടിയരച്ചിട്ടാണ്
അമ്മയുടെ ഇളയ അനിയത്തിയായ
‘വാശി’ പിറവിയെടുക്കാൻ
സമയം കണ്ടെത്തിയത്.
പഞ്ചവാദ്യവും
കുപ്പിവള മോഹങ്ങളും
ആനവാൽ മോതിരവും
വെഞ്ചാമരവും
കിടക്ക പായയിൽ
മരിച്ചു വീണ ആ രാത്രിയിൽ
വാശിയുടെ ആദ്യ ബീജം
മുത്തശ്ശിയുടെ ഉടലിലും
മനസ്സിലും പ്രവേശിച്ചു.
തുലാവർഷത്തിലെ സന്ധ്യയിൽ
ഭൂമി പിളരും പോലെയുള്ള
ഇടിവെട്ടിന്റെ ശബ്ദത്തെ
തന്റെ നിർത്താതെയുള്ള
കരച്ചിൽ കൊണ്ടു
നിഷ്പ്രഭമാക്കി
വാശി ഭൂമിയിൽ
വാശിയേറിയ അരങ്ങേറ്റം നടത്തി.
നാലു വർഷത്തോളം
റൗക്ക ഇടാനുള്ള
ഭാഗ്യം ലഭിക്കാത്ത വിധം
ഊണിലും ഉറക്കത്തിലും
മുത്തശ്ശിയുടെ നെഞ്ചിൽ
ചേർന്നു കിടന്നു
അമ്മിഞ്ഞ നുണഞ്ഞു കൊണ്ടാണ്
എന്റെ മുത്തശ്ശനെ
ആ വാശി
ആദ്യമായി വെല്ലു വിളിച്ചത്.
കൊടുത്താൽ
കൊല്ലത്തും കിട്ടുമെന്ന
പാട്ടും മൂളി
അർദ്ധരാത്രി
തന്നെ വിടാതെ ചുറ്റിപ്പിടിച്ച
വാശിയെയും
ആ കാഴ്ചയിൽ നിരാശ പൂണ്ട്
തന്റെ മേനിയഴകും നോക്കി
തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന മുത്തശ്ശന്റെ ദയനീയ മുഖവും കണ്ടു
നഷ്ടപ്പെട്ടു പോയ
തന്റെ ഉത്സവത്തിന്റെ പക പോക്കൽ
നന്നായി ആസ്വദിച്ചും
എരി തീയിലേക്ക് എണ്ണയെന്ന മാതിരി
‘എന്തൊരു ചൂടെ’ന്നോതി
മേൽവസ്ത്രം അഴിച്ചെറിഞ്ഞു
മുത്തശ്ശനെ നോക്കി ഇളിച്ചും
വാശിയെ ചേർത്തു പിടിച്ചു ചുംബിച്ചും
മുത്തശ്ശിയങ്ങനെ കിടക്കും.
അങ്ങനെ ഉറക്കം വരാതെ
നീലിച്ച രാത്രികളിൽ
വാശിയോടുള്ള വാശി മുത്തശ്ശൻ തീർത്തത്
മൂക്കറ്റം കള്ള് കുടിച്ചിട്ടാണ്.
വാശിക്ക് കൃത്യം
നാലര വയസ്സ്
പൂർത്തിയാകുമ്പോൾ
ചോര തുപ്പി
പുളിമര ചോട്ടിൽ മുത്തശ്ശൻ
നല്ല പ്രായത്തിൽ
മരിച്ചു വീണപ്പോഴോണ്
വാശി മുത്തശ്ശിയുടെ
അമ്മിഞ്ഞയിൽ നിന്ന്
ആദ്യമായ് ചുണ്ടെടുത്തതും
അരയിൽ മുറുക്കിച്ചുറ്റിയ കൈ അഴിച്ചെടുത്തതും.
മുത്തശ്ശിയാകട്ടെ,
അന്ന് ചിതയെരിഞ്ഞടങ്ങിയ മാത്രയിൽ
വർഷങ്ങൾക്ക് മുൻപ്
ചുളിവ് വീണ കസവ് സാരി
തേച്ചുടുത്തു
തുള്ളിച്ചാടിക്കൊണ്ടു
ഉൽസവത്തിനു പോയി.
ആനയെ കണ്ടു.
ആനവാലെടുത്തു.
കുപ്പി വള വാങ്ങി.
പഞ്ചവാദ്യവും കണ്ടു.
പിന്നെ നെഞ്ചിലെ വാശിയെ അമ്പലക്കുളത്തിലേക്കേറിഞ്ഞു
ദേവിയെ തൊഴുതു വീട്ടിലേക്ക് മടങ്ങി.

By ivayana