രചന : ജയശങ്കരൻ ഓ .ടി . ✍
വെള്ളരിമല, പാറ
ക്കെട്ടിലെ കയങ്ങളിൽ
ചിന്നിയ സ്ഫടികത്തിൽ
പാത്രമായ് പുലർ സൂര്യൻ
മുന്നിൽ നിന്നൊളിച്ചാലും
കണ്ണുകൾ പൊത്താൻ മെല്ലെ
പിന്നിലൂടണയുന്ന
പാതയും താഴ്വാരവും
റബ്ബറും ജാതിപ്പൂവും
കാപ്പിയും തെങ്ങോലയും
മണ്ണിലൂടിര തേടും
കോടമഞ്ഞിലെ വെയിലും
കണ്ടിറങ്ങവേ കാഴ്ച
ക്കപ്പുറം വനങ്ങളിൽ
മണ്ണടിഞ്ഞു പോം ഗോത്ര
ദൈവതങ്ങൾ തൻ ദു:ഖം .
പച്ച നെൽ പുതപ്പിട്ട
പാടമോ സുഗന്ധങ്ങൾ
ക്കൊപ്പമെത്തിട്ടും മണ്ണിൻ
ഊഷ്മള പ്രസാദമോ
കാടുകൾ കൊരുക്കുന്ന
പുഷ്പഹാരങ്ങൾ ചൂടാൻ
ആണ്ടിലുമണയുന്ന
ഹ്രസ്വമാം വൈശാഖമോ
സന്ധ്യകൾ തോറും ഗസൽ
പ്പാട്ടുപോൽ നീളും മണൽ
ത്തിട്ടിലെ മുളങ്കാടോ
മൈനയോ കണ്ടൽ കാടോ
ചുറ്റു മാഴങ്ങൾ കൊണ്ടു
പൊതിയും ചരിത്രത്തിൻ
തൃക്കുട ചൂടും ശിവ
രാത്രിതൻ ഉത്സാഹമോ
കൈയിലെ കുടിനീരായ്
കുപ്പിയിലൊളിക്കുന്നു ?
ചില്ലു മൂടിയിൽ പത
ഞ്ഞോർമ്മയായ് കുതിക്കുന്നു?
എന്റെ ദേശത്തിൽ കഥ
പറയും നാടൻ പ്രേമ
ഭംഗിയും എന്നും നിന്റെ
കാഞ്ചന പ്രണയവും
എത്രയും മനോഹര
ചിത്രങ്ങളായ് നിൻ അല
ച്ചാർത്തിലെ തിരശ്ശീല
ക്കുള്ളിലും തെളിയുന്നു
എങ്കിലുമിതാ തട-
യണയിൽ വിലാപത്തിൽ
വഞ്ചി പോൽ നില തെറ്റും
ഞങ്ങൾ തൻ പ്രതീക്ഷകൾ
നീ വിഷം തീണ്ടി പ്പോയ
ചാലുകൾ വറ്റുമ്പൊഴും
പായൽ മൂടിയ മഞ്ഞ
പ്പാടയായ് മാറുമ്പൊഴും
പാറകളെല്ലാം ഭീമ
യന്ത്രങ്ങൾ പൊടിച്ചു വിൺ
പാളിയിൽ തുള വീഴ്ത്തും
ഗോപുര മാവുമ്പോഴും
നിന്മണൽ തീരം ചന്ദ്ര
താരകങ്ങളോടൊപ്പം
എന്നുമങ്ങനെ കാണാൻ
കൊതിയാകുന്നോർ ഞങ്ങൾ .
ദയയും സംഗീതവും,
മഴയും പൂക്കാലവും
ദാഹനീരുമീ നാട്ടിൽ
ആരുമില്ലാത്തോർക്കേകാൻ.
(വര: നാരായണൻ തിരുമംഗലം)