പന്തയത്തിൽ ജയിച്ചതിന്റെ പിറ്റേദിവസമാണ് ആമ
നിയമവിചാരണയ്ക്ക് വിധേയനായത്!
തങ്ങളിരുവരും തമ്മിൽ ഇന്നലെയൊരു സംവാദം നടന്നുവെന്നും അധികാരത്തിന്റെയും, മതാധിപത്യത്തിന്റെയും
കൂടിപ്പിണഞ്ഞുകിടക്കുന്ന
വേരുകൾ തിരയുന്നത്
അന്ധൻ ആനയെ കാണാൻ ശ്രമിക്കുന്നതു പോലെയും, ഒട്ടകം സൂചിക്കുഴിയിലൂടെ
കടക്കാൻ ശ്രമിക്കുന്നതുപോലെയും
ദുഷ്ക്കരമായിട്ടുള്ള കാര്യമാണെന്ന
രാജ്യദ്രോഹപരമായ ആരോപണം
ഭരണകൂടത്തിനെതിരെ ആമ
സംവാദത്തിൽ ഉന്നയിക്കയുണ്ടായെന്നും
രണ്ടും ഒരു നാണയത്തിന്റെ
ഇരുവശങ്ങളാണെന്ന
വാദമുന്നയിച്ച് ആമ തന്നെ ആൾക്കൂട്ടത്തിന് മുന്നിൽ ദയനീയമായി
പരാജയപ്പെടുത്തിയെന്നും ന്യായാധിപസമക്ഷം മുയൽ
ബോധിപ്പിച്ചു.
അമ്പരപ്പിന്റെ കോട്ടയ്ക്കുള്ളിലകപ്പെട്ട
ആമ താനും, മുയലും തമ്മിൽ
നടന്നതൊരു ഓട്ടമത്സരം മാത്രമാണെന്നും, മുയൽ ഉറങ്ങിപ്പോയതുകൊണ്ട്
മാത്രമാണ് താൻ ജയിച്ചതെന്നും കണ്ണീരോടെ ന്യായാധിപനെ അറിയിച്ചു.
ചുറ്റും കൂടിനിൽക്കുന്നവരോട്
അങ്ങനെയല്ലേയെന്നത്
ഗദ്ഗദത്തോടെ ചോദിച്ചു.
ആൾക്കൂട്ടമാകട്ടെ അങ്ങനെയല്ല
മുയൽ പറയുന്നതാണ് സത്യമെന്ന്
യാതൊരു കുറ്റബോധവും കൂടാതെ
സാക്ഷ്യം പറഞ്ഞു.
സാക്ഷിമൊഴികൾ വിസ്തരിച്ചുകേട്ട
ന്യായാധിപൻ കൈകഴുകും മുമ്പ്
നാവിൻതുമ്പിൽ വന്ന വധശിക്ഷ
എന്ന വാക്ക് പുറത്തേക്ക് നീട്ടിത്തുപ്പി.
ചുട്ടുപഴുത്ത ആകാശത്ത് നിന്നും
കാലംതെറ്റി പിറന്നൊരു
കനൽത്തരിപോലൊരു മഴത്തുള്ളി
നെറുകയിൽ പതിച്ചപ്പോൾ
കള്ളം പറഞ്ഞാൽ മൂക്ക് നീണ്ടുവരുമെന്ന
പിനോക്യോ കഥയോർമ്മിച്ച് ആമ
ആൾക്കൂട്ടത്തിന്റെ മുഖങ്ങളിലേക്ക്
കണ്ണോടിച്ചു.
ആരുടെ മൂക്കും നീണ്ടുവന്നതായി
കണ്ടില്ല.
ന്യായാധിപനരികിൽ നിന്നിരുന്ന
പട്ടാളക്കാരൻ തന്റെ തോക്കിലെ
തിര പരിശോധിച്ച് നിറയൊഴിക്കാൻ തയ്യാറെടുക്കുന്നത് മാത്രം
അത് വ്യക്തമായി കണ്ടു!
🔴

സെഹ്റാൻ

By ivayana