പുറത്ത് ശക്തമായ മഴയാണ്. ജനല്പാളികൾ തള്ളിത്തുറക്കാൻ നിർമ്മല വെറുതെ ഒന്നു ശ്രമിച്ചു നോക്കി.. പറ്റുന്നില്ല. നെഞ്ചിന്റെ ഇടതു വശത്തു കുത്തികീറുന്ന വേദന.. നിർമ്മല അറിയാതെ തന്റെ മാറിടത്തിൽ തലോടി.. ഇടതു സ്തനം പറിച്ചു കളഞ്ഞിട്ട് വർഷം ഒന്നു കഴിഞ്ഞു … ഈ വേദന ഇത് മാറുന്നില്ല.. ഇത് ഒരിക്കലും മാറില്ല എന്നറിയാം.. നിറം മാറി കരുവാളിച്ച മാറിൽകൂടി കൈ ഓടിച്ചപ്പോൾ വേദനക്ക് നേരിയ ഒരു ശമനം .
നിർമ്മല പച്ച ഫ്രെയിം ഉള്ള ചില്ലു ജനാലയുടെ പ്രതലത്തിൽ കൈ വച്ചു.. പുറത്തെ മഴയുടെ തണുപ്പ് കൈകളിൽ കോരിയെടുക്കാൻ കൊതിച്ചിട്ടു വയ്യ.. അകലെ കുറവൻ കുന്നിൽ കോടമഞ്ഞു മേഞ്ഞു നടക്കുന്നു.. പണ്ട് ഈ ജനൽ പാളികൾ തുറന്നിട്ട് കുറവൻ കുന്നിലെ പറന്നകലുന്ന കോടമഞ്ഞു കണ്ടുകൊണ്ടാണ് തന്റെ മൂന്നു കുഞ്ഞുങ്ങൾക്കും മുലപ്പാൽ നൽകിയിരുന്നത്..
മൂത്തവൾ മഹിമ പാൽ കുടിക്കുമ്പോൾ തന്റെ മുലക്കണ്ണിൽ അവളുടെ പല്ലുമുളക്കാൻ തുടങ്ങുന്ന പാൽ മോണകൊണ്ട് കടിക്കുമ്പോൾ തൊണ്ടക്കുഴിയുടെ താഴെ നിന്നുംനാഭി വരെ ഒരു നിർവൃതിയുടെ വേദന ഉയർന്നു താഴും.. ആഹ് എന്ന് താൻ പറയുമെങ്കിലും കൂടുതൽ ചുരത്തുന്ന തന്റെ മാതൃത്വം കുറവൻ കുന്നിലെ വെളുത്ത കോടമഞ്ഞുപോലെ കുഞ്ഞിനെ വാത്സല്യത്തോടെ മാറിലേക്ക് കൂടുതൽ ചേർത്തു പിടിക്കും..
നിർമ്മലയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… അവർ അത് തുടക്കാൻ മിനക്കെടാതെ അകന്നുപോകുന്ന കുറവൻ കുന്നിലെ കോടമഞ്ഞിനെ നോക്കി.. തന്റെ മൂത്ത മകൾ മഹിമ.. എറണാകുളത്തു മക്കൾക്കൊപ്പം താമസിക്കുന്ന അവൾക്കു ഈ ഒറ്റ മുലച്ചിയെ കാണാൻ വരാൻ സമയമില്ലല്ലോ.. അവൾക്കു എഴുത്തിന്റെ തിരക്കാവും.. നവ മാധ്യമങ്ങളിൽ അവൾ നിറസാന്നിധ്യമാണ്..
അവൾ കുറവൻ കുന്നിലെ കോടമഞ്ഞിനെ കുറിച്ചും തേയില തോട്ടങ്ങളിലെ നിർത്താതെ പെയ്യുന്ന അവളുടെ ബാല്യത്തിലെ മഴ പെയ്ത്തിനെ കുറിച്ചും വാകമരങ്ങൾ ചുവന്ന പൂക്കളെ പെറുന്ന മീനമാസത്തിലെ സായാഹ്നങ്ങളെ കുറിച്ചും എഴുതാറുള്ളത് വായിക്കുമ്പോൾ കൊതിയോടെ നോക്കും ഇടക്ക് എവിടെയെങ്കിലും ഈ അമ്മയെ കുറിച്ച്… ഇല്ല ഒരിക്കലും അതുണ്ടായിട്ടില്ല.
മഹിമയുടെ എഴുത്തിലൊന്നും മാതൃത്വം ഉണ്ടാവാറില്ല… അവൾ എപ്പോളും പ്രകൃതിയുടെ മടിത്തട്ടിലാണ്.. പാവം കുട്ടി. നിർമല നെടുവീർപ്പിടാൻ ശ്രമിച്ചു.
മഴക്കു നേരിയ ശമനം വന്നതുപോലെ.. പൊളിഞ്ഞിളകിയ മച്ചിലെ ഒരു പലകയുടെ വിടവിൽ കൂടി തണുപ്പ് മുറിയിലേക്ക് പടരുന്നു.. കമ്പിളി പുതപ്പ് കയ്യെത്തും ദൂരത്തുണ്ടെങ്കിലും നിർമ്മല അതെടുക്കാൻ കൂട്ടാക്കിയില്ല . ഈ ജനൽ കാഴ്ചയിൽ നിന്നും എഴുനേൽക്കാൻ മടി. അപ്പുറത്തു ഭിത്തിയോട് ചേർന്നു കിടക്കുന്ന കട്ടിലിൽ തന്റെ ഭർത്താവ് നേരിയ ശബ്ദത്തിൽ കൂർക്കം വലിച്ചുറങ്ങുന്നു..
പാവം ഉറങ്ങട്ടെ.. നരച്ച മച്ചും, ജനൽകാഴ്ചകളും, വേലക്കാരൻ കൊച്ചപ്പൻ മേശപ്പുറത്തു അടച്ചു വക്കുന്ന രുചിയില്ലാത്ത കഞ്ഞിയും ഗോതമ്പ് റൊട്ടിയും, പിന്നെ കമ്പിളി പുതപ്പിന്റെ ചൂടും, ഇംഗ്ലീഷ് മരുന്നിന്റെ മയക്കവും താൻ പറയുന്ന, അല്ലങ്കിൽ അയവിറക്കുന്ന പഴയ കഥകളും മാത്രമാണ് അദ്ദേഹത്തിന്റെ ജീവിതമിപ്പോൾ.. വയസായതിൽപിന്നെ അദ്ദേഹം അധികം സംസാരിക്കാതെയായി.. ഓമനമക്കൾ ഓടി അകന്നത് കൊണ്ടാകാം..
തന്നെപോലെ അദ്ദേഹത്തിന് പരിഭവം ഇല്ല.. അല്ലങ്കിൽ അത് പ്രകടിപ്പിക്കാറില്ല.. ഒത്തിരി വിഷമം തോന്നുമ്പോൾ തന്നെ വിളിക്കും
നിർമ്മലേ താൻ ഇങ്ങടുത്തിരുന്നേ.. പറയാതെ പറയുന്ന സങ്കടം.. അത് തനിക്കറിയാം.. വീണ്ടും കണ്ണ് നിറയുന്നു.. നിർമ്മല വീണ്ടും കുറവൻ കുന്നിലെ കാഴ്ചകളിലേക്ക് മടങ്ങി..
മഴ പെയ്യുന്നത് കൊണ്ടാവണം താഴ്വാരത്തിൽ മെല്ലെ ഇരുളിമ പടർന്നു തുടങ്ങി.. കുറവൻ കുന്നിനെ കോടമഞ്ഞു മൂടിയിരിക്കുന്നു.. നിർമല നരച്ച ഭിത്തിയിലെ പഴയ ക്ലോക്കിലേക്കു നോക്കി.. സമയം അഞ്ചുമണി കഴിഞ്ഞു.. അപ്പുറത്തു അടുക്കളയിൽ കൊച്ചപ്പൻ ഗോതമ്പ് കഞ്ഞി തയ്യാറാക്കുന്നതിന്റെ ശബ്ദം കേൾക്കാം.
ഡൽഹിയിൽ ചേക്കേറിയ തന്റെ രണ്ടാമത്തെ മകൾ മധു എന്ന മധുബാല ഏർപ്പാടാക്കിയതാണ് കൊച്ചപ്പൻ എന്ന കഞ്ഞി വയ്പ് കാരനെ. അവൾ വലിയ ഒരു കമ്പനിയിൽ ഐ ടി ഹെഡ് ആണ്.. കമ്പനി മുഴുവൻ അവളുടെ തലയിൽ ആയതിനാൽ ഒന്നിനും സമയം തികയാറില്ല അവൾക്കു.. വർഷത്തിൽ രണ്ടു ദിവസം ഭർത്താവുമൊത്തു പീരുമേടിന്റെ തണുപ്പ് ആസ്വദിക്കാൻ എത്തുമ്പോൾ ഇവിടെ കുറവൻ കുന്നിന്റെ മടിത്തട്ടിലുള ഈ പഴയ വീട്ടിലേക്കു വരും..
നിറയെ ചില്ലു ജനാലകളുള്ള തടിയുടെ മച്ചുള്ള പണ്ടേതോ ബ്രിടീഷുകാരനുവേണ്ടി നിർമ്മിച്ച ഈ പഴയ വീട്.. എസ്റ്റേറ്റിലെ ഗുമസ്തനായി വിരമിച്ച അവളുടെ അച്ഛന്റെ വീട്.. അവൾ കളിച്ചു വളർന്ന നീല ഹൈഡ്രാഞ്ചിയ പൂക്കൾ നിറഞ്ഞ മുറ്റവും, അവൾ കിടന്നു മൂത്രമൊഴിച്ച പഴയ മഹാഗണി കട്ടിലും, എപ്പോളും യൂക്കാലിപ്റ്റസ് മരങ്ങളുടെ ചൂളമടി കാറ്റുള്ള ഈ പരിസരവും,
പഴകി നിറം മങ്ങിയ സ്വെറ്ററിനുളിലെ ക്ഷീണിച്ചു ഈ വയസ്സരെയും അവളുടെ ഡെൽഹിക്കാരൻ ഭർത്താവിന് അറപ്പാണ്.. അയാളുടെ നല്ല ഭാര്യയായ അവൾ പിന്നെങ്ങനെ ഈ വയസൻ മൂലയിൽ വരാൻ.. നിർമ്മല ജനാല ചില്ലിലെ തണുപ്പിലേക്ക് മുഖംഅമർത്തി..
കൊച്ചപ്പൻ ഗോതമ്പ് കഞ്ഞി മുറിയിൽ കൊണ്ടുവന്നു വച്ചു.. ഒന്നും മിണ്ടാതെ പതിവുപോലെ അയാൾ മുറിയുടെ വാതിൽ ചാരി പുറത്തേക്കു പോയി..
അയാൾ പോകുമ്പോൾ മുൻവശത്തെ വാതിൽ പുറത്തുനിന്നും താഴിട്ടു പൂട്ടും.. ഈ വയസ്സർ വീടിനു പുറത്തേക്കു ഇറങ്ങാതിരിക്കാൻ. അത് ഇളയ മകന്റെ ഉത്തരവാണ്.ബാന്ഗ്ലൂരിൽ താമസിക്കുന്ന അവനു എപ്പോഴും നാട്ടിൽ വരാൻ പറ്റില്ലാലോ.. ആറു മാസം മുൻപ് മുറ്റത്തു കൂടി ഉലാത്തിയപ്പോൾ കാൽ തെറ്റി അച്ഛൻ ഒന്നു വീണു.. കാര്യമായി ഒന്നും പറ്റിയില്ല.. കാലൊന്നു ഇടറി.
നടക്കാൻ അല്പം ബുട്ടിമുട്ടായി..കാലിൽ പ്ലാസ്റ്റർ ഇടേണ്ടി വന്നു. മകന് ഒരാഴ്ച ലീവെടുക്കേണ്ടി വന്നു.. ലീവുകഴിഞ്ഞു മടങ്ങിയപ്പോൾ കൊച്ചാപ്പിയെ പ്രത്യേകം പറഞ്ഞു ഏർപ്പെടുത്തിയതാണ് മുൻവാതിൽ ലോക്ക് ചെയ്തു പോകാൻ..
നിർമ്മല നെഞ്ചിൽ പൊങ്ങി വന്ന വേദന ഉമിനീരിറക്കിയതിനൊപ്പം ഉള്ളിലേക്കമർത്തി.. ഇരുട്ട് പടർന്നതിനാൽ ജനൽ കാഴ്ചകൾ അപൂർണമായി.. എങ്കിലും ആകാശം ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.. നിമ്മല വ്യാമോഹിച്ചു.. മാനത്തെ ചന്ദ്രക്കല കോടമഞ്ഞാൽ മറഞ്ഞിട്ടുണ്ടാവണം..
പണ്ട് ഇളയ മകൻ മനു അമ്പിളി മാമനെ കാണാതെ രാത്രിയിൽ ചോറുണ്ണാൻ കൂട്ടാക്കാറില്ല.. കോടമഞ്ഞിൽ തലയിൽ മങ്കിക്യാപ് വച്ചിട്ട് ആകാശത്തു അമ്പിളിമാമനെ പരതും അവനെ ഊട്ടാൻ.. നിർമ്മലക്കു കരച്ചിൽ വന്നു… കുറവൻ കുന്നിനു താഴെ മക്കൾക്ക് വേണ്ടാതെ പഴയ രണ്ടു ജന്മങ്ങൾ ജയിലിൽ എന്നപോലെ….
നിർമ്മല ഭർത്താവിനെ നോക്കി..പാവം നല്ല ഉറക്കം..
മേശപ്പുറത്തെ ഇംഗ്ലീഷ് മരുന്നിലേക്കോ ഗോതമ്പ് കഞ്ഞിയിലേക്കോ ഒന്നു നോക്കുകപോലും ചെയ്യാതെ നിർമ്മല ഭർത്താവിനോട് ചേർന്നു കിടന്നു.. ഒരു കമ്പിളിപ്പുതപ്പിനുള്ളിൽ നിർമ്മല നെടുവീർപ്പിടാതെ കണ്ണു നനയാതെ, നെഞ്ചു പിടയാതെ ചേർന്നു കിടന്നു…
(സുനു വിജയൻ )