രചന : അനീഷ് കൈരളി ✍
നീ നിന്നേയും
ഞാൻ എന്നെയും
മാത്രം ധരിച്ചു ജനിച്ചവർ .
പിന്നെപ്പോഴോ……
മരവുരിയിൽ നാം പരിഷ്കൃതൻ
ഒരു കീറു തുണിയിൽ നാം
സംസ്കാരസമ്പന്നൻ.
നിന്റെ നാണവും, എന്റെ മാനവും,
മറയ്ക്കപ്പെടേണ്ടവയായി.
വിലകൂടിയ ചേലകളാൽ
നീ നിന്നെ പൊതിഞ്ഞ്
പ്രദർശനത്തിന് വച്ചു .
ഇഴഉടയാത്തുടയാടകളിൽ
ഞാൻ എന്റെ അഹങ്കാരങ്ങൾ
ഒളിച്ചുവച്ചു
ഞാനെന്നെത്തന്നെ ഒളിച്ചു വച്ചു
എന്നിട്ടും….
എന്നിട്ടും……
വനം തോൽക്കും
വന്യകാമനകളായി
നാം ഉയിർകൊണ്ടു.
കേവല ധാരണകളിൽ
വേഷങ്ങൾ തുന്നിചേർത്തു .
പണക്കാരനും, ഭിക്ഷക്കാരനും
ഡോക്ടറും , തോട്ടിയും
എന്തിനേറെ പറയുന്നു
വിവരവും സംസ്കാരവുംവരെ
നമ്മുടെ ധാരണകളെ വസ്ത്രമണിയിച്ചു .
നമ്മൾ ചില വസ്ത്രങ്ങളാൽ
വാഴ്ത്തപ്പെട്ടവരാകുന്നു .
.