രചന : പണിക്കർ രാജേഷ് ✍
കൊട്ടാരംവീട്ടിലെ നാരീമണിക്കൊരു
പുലയക്കിടാവിനോടിഷ്ട്ടം തോന്നി
ആരുമറിയാതെ ഹൃത്തിലൊളിപ്പിച്ച
മോഹത്തെയൂട്ടിവളർത്തിയവൾ
യക്ഷിപ്പറമ്പിലെക്കൽവിളക്കൊന്നതിൽ
സന്ധ്യക്കു ദീപം തെളിഞ്ഞുകത്തി
കൊട്ടാരക്കെട്ടിലെപ്പെണ്ണിന്റെയുള്ളിലാ
കാമുകരൂപം തെളിഞ്ഞുവന്നു
മോഹമുദിച്ചൊരു രാവിലവൾ, തന്റെ
മോഹനചന്ദ്രനെയൊപ്പംകൂട്ടി
തോഴിതൻനാവിൽനിന്നക്കഥയെപ്പോഴോ
തൂവിയടുക്കളക്കെട്ടിനുള്ളിൽ
കാതുപലതും കയറിയങ്ങക്കഥ
മൂത്തചെവിട്ടിലുമെത്തി വേഗം
ആഢ്വത്വമങ്ങു ജ്വലിച്ചുയർന്നു പിന്നെ
ആരാച്ചാർക്കാളു പറഞ്ഞയച്ചു
പിറ്റേന്നുരാവിലെ കാഞ്ഞിരച്ചോട്ടിലായ്
ചത്തുമലച്ചോരു രൂപം കണ്ടു
ആളുകളോടിയടുത്തു ചെന്നപ്പോഴോ
പുലയച്ചെറുക്കന്റെ പ്രേതമാണ്.
മുത്തി പറഞ്ഞുരസിച്ച കഥയിലെ
കാഞ്ഞിരത്തിൻമരമാണിതത്രേ
ആളുയരത്തിലാ തായ്‌ത്തടി തന്നിലായ്
പച്ചിരുമ്പിൽത്തീർത്തൊരാണി കണ്ടു
കിന്നരച്ചെക്കനോ വീരത്വം കാണിക്കാൻ
പച്ചിരുമ്പൊന്നങ്ങിളക്കിയത്രേ
ബന്ധനമോചിതയായ നിശാചരി
നെഞ്ചുപിളർന്നങ്ങെറിഞ്ഞതത്രേ
പെണ്ണതുകേട്ടു വിറങ്ങലിച്ചൂ മെല്ലേ
ബോധരഹിതയായ് വീണടിഞ്ഞു.
നാട്ടിലെ മുത്തിമാർക്കോതുവാനായിതാ
യക്ഷിക്കഥയിലൊരേടുകൂടീ .