രചന : വിജയൻ കെ എസ് ✍
ഒരു രാജ്യത്തിൻെറ പരമോന്നത നിയമനിർമ്മാണ സഭയിലേക്ക് അംഗങ്ങൾ ആയി വരേണ്ടത്, ലോക/സാമൂഹിക രാഷ്ട്രീയ ബോധം ഉള്ള വ്യക്തികൾ ആയിരിക്കണം.
നിലവിൽ ഇവിടെ നടക്കുന്നത്,ഒരോ കക്ഷി രാഷ്ട്രീയ പാർട്ടികളും അവരവരുടെ മാനിഫെസ്റ്റോ വെച്ച്,ജാതി മത സാമ്പത്തിക അളവുകോൽ വെച്ചാണ്, ജനാധിപത്യ പ്രക്രിയയിലെക്ക് ആൾക്കാരെ നിർത്തുന്നത്.ഇതിൽ ബഹുഭൂരിപക്ഷം പേർക്കും സാമൂഹിക രാഷ്ട്രീയ ബോധം കാണുകയില്ല. എംപി, എംഎൽഎ ഫണ്ട്കൾ വാങ്ങി മണ്ഡലങ്ങളിൽ എന്തെങ്കിലും കാട്ടി കൂട്ടുക(അതാത് പാർട്ടികളുടെ മേൽനോട്ടത്തിൽ)അല്ലാതെ,മാറുന്ന കാലത്തിന് അനുസരിച്ച് എടുക്കേണ്ട സാമൂഹിക രാഷ്ട്രീയ പ്രവർത്തന രാഷ്ട്രീയം അവർക്ക് അറിയുകയുമില്ല. ഇവരല്ല യഥാർഥ രാഷ്ട്രീയകാർ.ഇവർ കക്ഷി രാഷ്ട്രീയ പാർട്ടികളുടെ അടിമകൾ മാത്രം ആണ്. ഇത്തരം ആളുകളുടെ എണ്ണം ആണ് നിയമനിർമാണ സഭകളിൽ കൂടുതൽ എങ്കിൽ ആ രാജ്യത്തിന്റെ സ്ഥിതി എന്തായി തീരും?
ജനാധിപത്യത്തിൽ, ഭരണപക്ഷത്തേക്കാൽ മഇകവഉള്ളവർ ആയിരിക്കണം പ്രതിപക്ഷത്ത് വരേണ്ടത്. ഇത് ജനാധിപത്യം ആണ്, ആർക്ക് ആരേയും തങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്ത് വിടാം,എന്നാൽ അത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ബോധത്തെ ആണ് തെളിയിക്കുന്നത്. എൻെറ മണ്ഡലത്തിൽ നിന്നും പേരിന് ആയി മാത്രം ഒരാൾ (കഴിവില്ലാത്ത)ആണ് പോകുന്നത് എങ്കിൽ , അത് എൻെറ രാഷ്ട്രീയ ബോധം ഇല്ലായ്മയുടെ ഭാഗം ആണ്.
സമകാലീന, ഇൻഡ്യയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരേ അജണ്ടയാണ് ഉള്ളത്.ആന്തരികമായി ഒരു പാർട്ടിയും വേറിട്ട് നിൽക്കുന്നില്ല.എല്ലാ പാർട്ടികളിലും , ജനാധിപത്യത്തിനും,മാനവികതയ്ക്കും എതിരായ രാഷ്ട്രീയ നടപടികൾ ആണ് ഉള്ളത്.അക്രമവും അഴിമതിയും സ്വജനപക്ഷപാതവും ഒരുപോലെ കൊണ്ട് നടക്കുന്നതിലും ഏറ്റ കുറച്ചിൽ ഇല്ല, മതേതരത്വം പറച്ചിലിൽ അല്ലാതെ നിലപാടുകളിൽ അധികാര പ്രീണനം നടത്തി മതേതരത്വതെ തന്നെ തകർക്കുന്ന രാഷ്ട്രീയ നിലപാടുകളാണ് ഉള്ളത്.
ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ,പാർട്ടികൾ ജനങ്ങളുടെ മുന്നിൽ വെക്കുന്ന സൗജന്യങ്ങളും,ക്ഷേമ പെൻഷനുകളുടെ ഏറ്റ കുറച്ചിലുകളും അല്ല രാഷ്ട്രീയം, അതെല്ലാം ഒരു ഭാഗം മാത്രം ആണ്.
കാർഷിക മേഖല, തൊഴിൽ മേഖല, ലോക സമാധാനം, പ്രകൃതി സംരക്ഷണം, ജനാധിപത്യ സ്വാതന്ത്ര്യം, സാമൂഹിക സമത്വം, വിദ്യാഭ്യാസം, ആരോഗ്യം… മാറുന്ന ശാസ്ത്ര ലോകത്തെ സാമൂഹികമായി എങ്ങനെ കാണുന്നു ഇതെല്ലാം അടങ്ങിയതാണ് രാഷ്ട്രീയം.അല്ലാതെ, സൗജന്യ കിറ്റും, സൗജന്യ അരിയും, വിദേശത്തേക്ക് ജോലി വാഗ്ദാനം, വിദ്യാഭ്യാസം വാഗ്ദാനം, തുടങ്ങിയ അരാഷ്ട്രീയ വാഗ്ദാനങ്ങൾ അല്ല ആവശ്യം. സമാധാനപരമായ ഒരു ലോകം ക്രമം കെട്ടി പുടുക്കുന്നതിനും കൂടിയുള്ള ഇലക്ഷൻ ആണ്, അത് മനസിലാക്കാൻ നമുക്ക് കഴിയണം, അതിനനുസരിച്ച് രാഷ്ട്രീയ ബോധം ഉള്ളവർ ആയിരിക്കണം ജയിച്ച് പോകേണ്ടത്.അതിൽ കക്ഷി രാഷ്ട്രീയം നോക്കരുത്,അത് അടിമത്ത രാഷ്ട്രീയം കൂടി ആണ്. ജനാധിപത്യത്തിൽ എൻെറ പ്രതിനിധി അത്തരം ഒരാൾ ആയിരിക്കണം, അങ്ങനെ ഒരാൾ ഇല്ലെങ്കിൽ, എൻെറ വോട്ട് പ്രതിഷേധ വോട്ട് ആയ നോട്ടക്ക് നൽകിയാൽ, നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെ അരാഷ്ട്രീയ നിലപാടുകൾക്ക് മാറ്റം വരുത്തുവാൻ കഴിയും.
ദുഷിച്ച ജനാധിപത്യ രാഷ്ട്രീയത്തെ നേരെ ആക്കാൻ താല്പര്യം ഉള്ളവർക്ക് ഈ വഴി തിരഞ്ഞെടുക്കാം.