രചന : കെ.ആർ.സുരേന്ദ്രൻ✍
ഞങ്ങൾ
ഒരു സംഘം കുട്ടികളാണ്.
ഞങ്ങൾ കുട്ടികളും,
ഏറെ മുതിർന്നവരും
ഈയ്യാംപാറ്റകളുടെ ജന്മങ്ങളാണ്.
മാനത്തൂടെ
തീപ്പക്ഷികൾ
താണ് പറന്നെത്തി
ഞങ്ങളെ അവരുടെ
ഭക്ഷണമാക്കുന്നു.
ഇതൊരു നിരന്തരവേട്ടയാണ്.
കൊന്നു തിന്നലാണ്.
റാഫയിൽ മാനത്തൂടെ
ശത്രുവിന്റെ തീപ്പക്ഷികൾ
പറന്നെത്തി ചാരമാക്കിയ
കെട്ടിടങ്ങളുടെ
അസ്ഥിപഞ്ജരങ്ങളിലൂടെ,
പൊട്ടിച്ചിതറിയ
തെരുവുകളിലൂടെ
വിശപ്പ് ഫർണസാക്കിയ
ഒട്ടിയവയറുകളുമായി
ഞങ്ങൾ ഒരർത്ഥത്തിൽ
ഇഴയുകയാണെന്ന മട്ടിൽ
അലയുന്നു.
ഞങ്ങളുടെ മാതാപിതാക്കളെ
ശത്രുവിന്റെ തീപ്പക്ഷികൾ
ചാരമാക്കി
മേലാകെ പൂശി
ചുടലനൃത്തമാടുന്നുണ്ടാകും.
ഞങ്ങളുടെ സംഘത്തിലെ
തന്നെ
കുറെയേറെ കൂട്ടുകാരെ
അവർ ഇതിനകം
ഇരകളാക്കിക്കഴിഞ്ഞിരിക്കുന്നു.
ഞങ്ങളുടെ ഓരോ നഷ്ടവും
ശത്രുവിന്റെ നേട്ടങ്ങളുടെ
നാൾവഴികളിൽ
വരവ് വെക്കുന്നു.
ഞങ്ങളുടെ നഷ്ടങ്ങളോർത്ത്
കരയാൻ ഞങ്ങൾക്ക്
കണ്ണീർ വറ്റിയിട്ട്
നാളുകളായി.
ഞങ്ങളുടെ
വിശപ്പിന്റെ ഫർണസുകളെ
തണുപ്പിക്കാമെന്ന് വെച്ചാൽ
തുരുമ്പിച്ച വാട്ടർ ടാപ്പുകൾ
നിസ്സഹായതയുടെ
നോക്കുകുത്തികളായി
ഞങ്ങളെ
കാലമേറെയായി
തുറിച്ച് നോക്കുന്നു.
രാത്രികളിൽ ഞങ്ങൾ
ഇരുട്ടിന്റെ കൂടാരങ്ങളിൽ
അട്ടകളെപ്പോലെ
ചുരുണ്ടുകൂടുന്നു.
നിദ്രാവേളകളിൽ-
അത്യപൂർവ്വമായി കടന്നെത്തുന്ന
വരദാനമാണേലും-
തീപ്പക്ഷികൾ ഞങ്ങളെ
കൂടാരങ്ങളോടെ വിഴുങ്ങിയേക്കാം.
ഈ ലോകത്ത്
സംഭവ്യമല്ലാത്തതായി ഒന്നുമില്ലെന്ന്
ഞങ്ങളറിയുന്നു.
ഇതിനകം ഞങ്ങളെപ്പിരിഞ്ഞുപോയ
മാതാപിതാക്കളുടെ ആത്മാക്കൾ
ഞങ്ങളെയോർത്ത്
വെള്ളിൽപ്പറവകളായി
പാറി നടക്കുന്നുണ്ടാവും.
വയറ്റിൽ വിശപ്പിന്റെ
ഫർണസ് ആളിക്കത്തുമ്പോൾ
ഞങ്ങൾ നിലവിളിക്കാറുണ്ട്.
വാടിയ താളുകൾ പോലെയുള്ള
ഞങ്ങളുടെ ശരീരങ്ങൾക്ക്
ഉച്ചത്തിലുള്ള കരച്ചിലുകൾ
വെളിയിൽ വരുത്താൻ
കഴിയാറില്ല.
ഞങ്ങളുടെ നിലവിളികൾ
ഞങ്ങൾ മാത്രം കേൾക്കുന്നു.
വല്ലപ്പോഴും മാനത്തൂടെ
പറന്ന് വന്ന്
ഭക്ഷണപ്പൊതികൾ
ആരോ എറിഞ്ഞ് തരാറുണ്ട്.
വിശപ്പിന്റെ ആക്രാന്തത്താൽ
ഭക്ഷണപ്പൊതികൾക്കായി
മുതിർന്നവരും
ഞങ്ങൾ കുട്ടികളും
മത്സരിച്ച് തോറ്റ്
പരസ്പരം മാന്തിപ്പറിച്ച്,
ഉന്തിത്തള്ളി
ചവിട്ടും തൊഴിയുമേറ്റ്
ചോരയൊലിപ്പിച്ച്
പിന്മാറേണ്ടി വരാറുണ്ട്.
വിശപ്പിന്റെ കാര്യത്തിൽ ഇവിടെ
സ്നേഹബന്ധങ്ങൾക്ക് സ്ഥാനമില്ല.
കാരുണ്യം
ഒരു കിട്ടാക്കനിയാണ്.
ആ നിമിഷങ്ങളിൽ
ഞങ്ങൾ
അന്ധരായി മാറുന്നു.
തമ്മിൽത്തമ്മിൽ
അപരിചിതത്വത്തിന്റെ
പരിചിതത്വം മാത്രം.
ടോയ്‌ലറ്റുകൾ
ഞങ്ങളുടെ ആവശ്യങ്ങളുടെ
പട്ടികയിൽ സ്ഥാനം പിടിക്കാറില്ല.
കുടിവെള്ളമില്ലാതെ,
പശിയടക്കാൻ
ഗതിയില്ലാതെ വരുമ്പോൾ
ശൂന്യതമാത്രം
ഉള്ളിൽ നിറയുന്നു.
അനിശ്ചിതത്വത്തിന്റെ നാളുകൾ
അനന്തമായി നീളുമ്പോൾ
ഞങ്ങൾ പരസ്പരം
ഇരകളാക്കപ്പെടുമോ?
വലിയ മീൻ
ചെറിയ മീനിനെ
വെട്ടിവിഴുങ്ങുന്നത് പോലെ.
ഒരു സത്യം പറയട്ടെ,
ഞങ്ങൾക്ക് ദൈവമെന്നാൽ
വലിയൊരു
നിസ്സഹായതയാണ്.