വെള്ളിയാഴ്ച്ചകള്‍ ,എന്നുമെന്റെജീവിതത്തിന്റെപ്രത്യേകഭാവങ്ങളായിരുന്നു!
ബാല്യത്തിന്റെ വെള്ളിയാഴ്ച്ചകളെ ഞാന്‍ഭയപ്പെട്ടിരുന്നു!കാരണം;
ചുമക്കാന്‍ വയ്യാത്ത ഭാരം അവ തന്നിരുന്നു!
പുസ്തകമെന്ന ഭാരം,വിദ്യാലയമെന്ന ഭാരം,
വെള്ളിയാഴ്ച്ചകളിലെ വീട്ടിലേയ്ക്കുള്ള മടക്കം;
രണ്ട്അവധിദിനങ്ങളെ ഭാരപ്പെടുത്തിയിരുന്നു!
പുസ്തകത്താളുകളിലെ എഴുതിയാലും തീരാത്ത
അക്ഷരങ്ങള്‍,കൂട്ടിയാലും കിഴിച്ചാലും തീരാത്ത
അക്കങ്ങള്‍,പിന്നെകൈവിരലുകളെ തകര്‍ക്കുന്ന
ഗൃഹപാഠങ്ങള്‍!
അന്നത്തെ വെള്ളിയാഴ്ച്ചകളെന്നെ ഉപേക്ഷിച്ചു
പോയീ,
പക്ഷേ,ഓര്‍മ്മകളവയെ ഇന്നും ഓര്‍ത്തെടുക്കുന്നു!
അവയ്ക്ക് മരണമില്ല,ജനനവും!
കൌമാരത്തിന്റെ വെള്ളിയാഴ്ച്ചകളെ;
ഞാന്‍പ്രണയിച്ചുതുടങ്ങിയതന്നായിരുന്നു!
എന്നാല്‍…
മായപോലെഅവയെന്നെയെന്നുംഒളിഞ്ഞിരുന്ന്,കളിപ്പിച്ചിരുന്നു,കൂട്ടുവന്നിരുന്നു…!
പട്ടുപാവാടചുറ്റിയപാവാടക്കാരിയാക്കിയിരുന്നു!
ആരെയും പേടിയ്ക്കാത്ത,കൂസലില്ലാത്ത,
കുസൃതികളായിരുന്നു അവയെല്ലാം!
കാട്ടരുവിയുടെ പ്രസരിപ്പും,മാന്‍പേടയുടെമട്ടും,തെന്നലിന്റെ സുഖവും അവയ്ക്കുണ്ടാ
യിരുന്നു!
അവ.മധുര സ്വപ്നങ്ങളായിരുന്നു….
നടക്കാനറിയാത്ത പ്രായം അതായിരുന്നോ?
പാദസരം കിലുങ്ങുന്ന രാവും പകലും…
അറിവുകളില്‍പാല്‍പുഞ്ചിരി;
എന്തുംകാണാനും,കണ്ടവയെനോക്കാനും,
നോക്കിയവയെ നേടാനും,നേടിയവയെ,
കൈക്കുമ്പിളിലൊതുക്കാനും,മോഹിച്ചകാലം!
മിന്നാമിനുങ്ങിനെ പ്രണയിച്ചകാലം,
കൊതുമ്പുവള്ളത്തില്‍ തുഴഞ്ഞകാലം,
കാണാത്ത നിധികളെ കാണാന്‍ ശ്രമിച്ചകാലം,
പുഞ്ചിരിയ്ക്കുപിന്നാലെ,മനസ്സുടക്കിനിന്നകാലം
കണ്ണാടിയില്‍ നോക്കിനിന്നകാലം..
കുശലം പറഞ്ഞകാലം…..
കൗമാരവും,കാമുകനും തര്‍ക്കിച്ചകാലം…
രണ്ടുമൊന്നാണെന്ന് തിരിച്ചറിഞ്ഞകാലം…
എല്ലാമോര്‍ക്കുന്നകാലം,മറക്കാത്തകാലം
മധുരകാലം..ആവെള്ളിയാഴ്ച്ചകളുടെകാലം…..
യൌവ്വനത്തിന്റെ വെള്ളിയാഴ്ച്ചകള്‍;
വിരഹത്തിന്റെ വെള്ളിയാഴ്ച്ചകളായിരുന്നു!
കുറിതൊട്ട വൃതങ്ങളുടേതായിരുന്നു….
സന്ധ്യാനാമങ്ങളുടേതായിരുന്നു…..
തുളസിക്കതിര്‍ചൂടിയ മനോഹരിയുമായിരുന്നു!
എന്നാല്‍ അവയെല്ലാം;
പിന്നെ ആകാംക്ഷയുടേതായിരുന്നു…
കാത്തിരിപ്പിന്റേതായിരുന്നു….
കാമുകീഭാവത്തിന്റേതായിരുന്നു…
അലയാഴികള്‍ക്കപ്പുറത്തേയ്ക്ക്….
അകലങ്ങളിലെ പുതുമണവാളനെ,
ത്തേടിമാത്രമുണരുന്നവെള്ളിയാഴ്ച്ചകളായിരുന്നു!
ആശയുടേയും,നിരാശയുടേയും
വെള്ളിയാഴ്ച്ചകള്‍…..
മോഹങ്ങളുടേയും,ഭംഗങ്ങളുടേയും
വെള്ളിയാഴ്ച്ചകള്‍….
ഹൃദയരഹസ്യങ്ങളുടേതുമാത്രമായ
വെള്ളിയാഴ്ച്ചകള്‍….
പിണക്കങ്ങളുടേയും,ഇണക്കങ്ങളുടേയും
വെള്ളിയാഴ്ച്ചകള്‍……
പ്രിയങ്ങളുടെയും,പരിഭവങ്ങളുടെയും
വെള്ളിയാഴ്ച്ചകള്‍…..
പിന്നെ?
അമര്‍ത്തപ്പെട്ട വികാരങ്ങളുടേയും
നൊമ്പരങ്ങളുടേയും,
വെള്ളിയാഴ്ച്ചകള്‍……!
അകലങ്ങളിലെ,ആത്മനൊമ്പരങ്ങള്‍;
അടുത്ത ചുംബനങ്ങളാകുന്ന
വെള്ളിയാഴ്ച്ചകള്‍!
ആവെള്ളിയാഴ്ച്ചകളെല്ലാം ഇന്നുമെന്നെ
ഉണര്‍ത്തുമ്പോള്‍?
കസവിന്റെ സെറ്റ് മുണ്ടില്‍;
ഞാന്‍ ബാല്യകൌമാരയൌവ്വന സന്ധ്യകളെ;
ഒരേകാലത്തിന്റെ സമാന്തര രേഖകളില്‍
തന്നെ നിര്‍ത്തി വീണ്ടും,വീണ്ടും നോക്കുന്നു!
സ്വയം എന്നെയും!
പിന്നെ,പുഞ്ചിരിക്കുന്നു
എന്നോടുതന്നെചോദിക്കുന്നു?
ഇനി ഏതുവെള്ളിയാഴ്ച്ചയെയാണ്
ഞാന്‍ കാത്തിരിക്കേണ്ടത്?

പട്ടം ശ്രീദേവിനായര്‍

By ivayana