“ക്രിസ്തുവും ശിഷ്യന്മാരും ജരൂസലേമിനെ സമീപിക്കുകയായിരുന്നു. ഒലിവു മലയ്ക്കു സമീപമുള്ള ബേത്ഫഗേ, ബഥാനിയാ എന്നീ സ്ഥലങ്ങള്‍ക്ക് അടുത്തെത്തിയപ്പോള്‍ അവിടുന്ന് രണ്ടു ശിഷ്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു. എതിരെ കാണുന്ന ഗ്രാമത്തിലേയ്ക്കു ചെല്ലുവിന്‍. അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുത്ക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടു വരുവില്‍. നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍, കര്‍ത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട്. ഉടനെ തിരിച്ചയക്കുന്നതാണ് എന്നു പറയുക. അവര്‍ പോയി. തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍ അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു. നിങ്ങളെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്. ക്രിസ്തു പറഞ്ഞതുപോലെ ശിഷ്യന്മാര്‍ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു. അവര്‍ കഴുതക്കുട്ടിയെ ക്രിസ്തുവിന്‍റെ അടുത്തു കൊണ്ടുവന്ന്, അതിന്‍റെ പുറത്ത് കയറിയിരുന്നു. വളരെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. മറ്റുള്ളവര്‍ വയലില്‍നിന്ന് പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി “
ഇവിടെ കഴുത എന്നത് ആർക്കും അത്ര മതിപ്പില്ലാത്ത ജീവിയാണ്. എന്നാൽ ക്രിസ്തു തെരെഞ്ഞെടുത്തത് കഴുതയെ ആണ്. ദൈവം ഒരാളെ തെരെഞ്ഞെടുത്താൽ അവന് ആദരവ് വർദ്ധിക്കുന്നു. നോക്കുക, ക്രിസ്തു കയറിക്കഴിഞ്ഞ് ആ കഴുത നടക്കുന്നത് കല്ലും മുള്ളും നിറഞ്ഞ പാതയല്ല. മറിച്ച് പച്ചിലക്കൊമ്പുകൾ, വസ്ത്രങ്ങൾ എന്നിവ വിരിച്ച നനുത്ത പാതയിലൂടെയാണ് കഴുതയുടെ നടത്തം. എത്ര വലിയ മാറ്റമാണ് ആ കഴുത അനുഭവിക്കുന്നത് ! അവൻ ആരാലോ കെട്ടപ്പെട്ട് ഒരു പക്ഷേ ജലപാനം പോലുമില്ലാതെ കഴിയുകയായിരുന്നു.
ക്രിസ്തു അവനെ കണ്ടതോടെ, ശ്രദ്ധിച്ചതോടെ അവന്റെ ബന്ധനത്തിൽ നിന്നും അവൻ മോചിതനായി. ക്രിസ്തു അവനിൽ പ്രവേശിച്ചതോടെ, അതായത് അതിന്റെ പുറത്ത് കയറിയതോടെ മുൻപോട്ടുള്ള അവന്റെ നടത്തം നല്ല വഴിയിലൂടെ ആയിത്തീർന്നു. ക്രിസ്തു കയറിയതിനാൽ ലോകാവസാനത്തോളം ആ കഴുത അനശ്വരനുമായി.
ദൈവത്താൽ ശ്രദ്ധിക്കപ്പെടുക,
ദൈവത്താൽ വിളിക്കപ്പെടുക
ദൈവത്താൽ പിടിക്കപ്പെടുക
ദൈവത്താൽ നയിക്കപ്പെടുക
ഇത്രയും കാര്യങ്ങൾ ഉണ്ടായാൽ ജീവിതത്തിന്റെ പിന്നത്തെ വഴികൾ നമുക്കായി സുഗമമാക്കാൻ ദൈവം അനേകരാൽ മുഖാന്തിരമൊരുക്കും.
ഒരു കാലത്ത് ഞാനും ഒരു കഴുതയെപ്പോലെ, തഴയപ്പെട്ടവനും, ഒന്നിനും കൊള്ളാത്തവനും, ദരിദ്രനും, അപഹസിക്കപ്പെട്ടവനും, കെട്ടപ്പെട്ട അവസ്ഥയിൽ ജീവിച്ചവനും ആയിരുന്നു. എന്നാൽ ക്രിസ്തു എന്നെ കണ്ടു, അവന്റെ ദൂതുമായി ചിലരെന്റെ അരികിൽ എത്തി. ഞാൻ ആയിരുന്നിടത്തു നിന്ന് അവരെന്നെ അഴിച്ച് അവന്റെ അടുത്തെത്തിച്ചു. അവൻ എന്നെ തൊട്ടു, എന്നിൽ വസിക്കാൻ തുടങ്ങി. കഴുതയെപ്പോലെ ആയിരുന്ന എന്റെ ജീവിതവും മാറി മറിഞ്ഞു.
ഓശാന ഞായറാഴ്ച നല്കുന്ന മഹത്തായ സന്ദേശവും ഇതുതന്നെയാണ്. നാം ദൈവത്താൽ ശ്രദ്ധിക്കപ്പെട്ട്, പിടിക്കപ്പെട്ട്, നയിക്കപ്പെടുന്നവരായിത്തീരുക എന്ന സന്ദേശം.
കഴുതയെപ്പോലും തിരസ്കരിക്കാതെ സ്വീകരിക്കുന്ന മഹത്തായ യേശുദേവന്റെ തൃക്കൺ നിങ്ങളെയേവരേയും കാണട്ടെ, മഹത്തായ ജീവിതം എല്ലാവർക്കും ലഭിക്കട്ടെ,
ശാന്തിയുടെ, സത്യത്തിന്റെ ഓശാനാ കീർത്തനങ്ങൾ മനസുകളിൽ മുഴങ്ങട്ടെ
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓശാന ഞായർ ആശംസകൾ.

എൻ.കെ അജിത് ആനാരി

By ivayana