മുത്തശ്ശിമാർ…. മനപ്പൂർവ്വമല്ലെങ്കിലും അറിയാതെ മറവിയുടെ മാറാല കൊണ്ടു മൂടപ്പെട്ടവർ.
മുത്തശ്ശിക്കഥകൾ കേട്ടുവളരാൻ ഭാഗ്യം സിദ്ധിച്ച ഒരാളെന്ന നിലയ്ക്ക്…
എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കാൻ ഇന്ന് എനിക്കു കഴിയുന്നുണ്ടെങ്കിൽ അവയെല്ലാം അമ്മൂമ്മമാരുടെ കഥകൾ കേട്ടുറങ്ങിയ രാവുകളിലെ സ്വപ്നങ്ങളാണ്…
വാത്സല്ല്യത്തോടെ മടിയിലിരുത്തി അവർ പറഞ്ഞു തന്നൊരാ കഥകൾ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്…
പുരാണകഥകളും മറ്റുള്ള കുഞ്ഞിക്കഥകളും ഒക്കെ താളത്തിലും ഈണത്തിലും ഒക്കെ വായിച്ചു തരുമ്പോൾ
അനേകം സംശയങ്ങളുമായി പിറകെ കൂടുന്ന പാവാടക്കാരികളെ നിരുത്സാഹപ്പെടുത്താതെ ക്ഷമയോടെ അവർക്കു സംശയ നിവാരണങ്ങൾ നൽകി പുതിയ തലമുറയെ നേരിന്റെ വഴിയിലേക്ക് നയിച്ചിരുന്ന മുത്തശ്ശിമാർ….
ഇന്ന് കുട്ടികൾ നിസ്സാര കാര്യങ്ങൾക്കു ആത്മഹത്യ ചെയ്യുന്നതായി കണ്ടു വരുന്നു.. കാരണം അവരെ സ്നേഹത്തോടെ ചേർത്തുപിടിക്കാൻ ആരുമില്ല…ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയിൽ ജോലിതിരക്കും കാര്യങ്ങളുമായി മാതാപിതാക്കൾ നെട്ടോട്ടമോടുമ്പോൾ കുട്ടികളുടെ മനസ്സിനൊപ്പം സഞ്ചരിക്കാൻ ആരുമില്ല.. ചേർത്തു പിടിച്ചു കാതിൽ പാട്ടുകൾ മൂളിക്കൊടുക്കാനും കഥകൾ പറയുവാനും മുത്തശ്ശിമാരില്ല..
സ്നേഹത്തിൽ ചാലിച്ച ചോറുരുളകൾ വാരിതരുമ്പോൾ കിട്ടിയ രുചികൾ ഇന്നും നാവിൻതുമ്പിലുണ്ട്… പഴംചൊല്ലുകളും കടംകഥകളും ഒക്കെ ചൊല്ലിതന്നു നമ്മെ മറ്റൊരു ലോകത്ത് എത്തിക്കുന്ന നമ്മുടെ മുത്തശ്ശിമാർ…
പല്ലില്ലാത്ത മോണ കാട്ടി നിഷ്കളങ്കതയോടെ ഒരു പുഞ്ചിരി കണ്ടാൽ മതിയാകും നമ്മുടെ ഓരോ നിമിഷങ്ങളും ധന്യമാവാൻ
പണ്ടത്തെ ഒരു കൂട്ടുകുടുംബത്തിൽ ചിലപ്പോൾ രണ്ടോ മൂന്നോ മുത്തശ്ശിമാർ ഉണ്ടായിരിക്കും… അവരുടെ സ്നേഹ പരിലാളനങ്ങളും കുട്ടികളുടെ മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു….
ഇന്നും പഴയ ചില നല്ല കാര്യങ്ങൾ അപൂർവ്വമായെങ്കിലും പിന്തുടരുന്ന ചില പിന്തുടർച്ചക്കാരുണ്ട്…
അവർക്കു ജീവിതത്തിൽ നന്മകൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നു നിസ്സംശയം പറയാം…
മുതുമുത്തശ്ശൻമാരുടെ കാലം തൊട്ട് അവർ പിന്തുടരുന്ന ജീവിത രീതികൾ പുതിയ തലമുറയ്ക്ക് കൈമാറാൻ അവർക്കു വലിയ ഉത്സാഹമായിരുന്നു… അവയിൽ കുറെയെങ്കിലും നമുക്കു അസഹിഷ്ണുത തോന്നിയിയിരിക്കണം.. നമുക്ക് ഉൾക്കൊള്ളാനാകാത്ത ചില ആചാരങ്ങൾ… അനുഷ്ഠാ നങ്ങൾ….
എങ്കിലും ചില കാര്യങ്ങളൊക്കെ നമ്മൾ പിന്തുടർന്ന് പോന്നു… അതിൽ നന്മകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ… എന്നാൽ ഇന്നത്തെ തലമുറ ഏറെ ദൂരം വളർന്നിരിക്കുന്നു…
നാട്ടിൻപുറത്തെ നന്മകൾ നഷ്ടമായിരിക്കുന്നു… അവ ഇപ്പോഴും നെഞ്ചിലേറ്റുന്ന അപൂർവ്വം പേരെ കളിയാക്കുന്നവരുണ്ടാകാം.. “ജാംബവാന്റെ കാലത്തു നിന്നും മടങ്ങിയിട്ടില്ലാത്തവർ “എന്ന രീതിയിൽ അവരെ പരിഹസിക്കുന്നവരുണ്ടാകും… അവരറിയുന്നില്ല…
ആ നന്മകൾ നഷ്ടമായ അന്ന് മുതൽ നമ്മുടെ തനതായ സംസ്കാരങ്ങൾ നഷ്ടപ്പെട്ടുവെന്ന്…നഷ്ടപ്പെട്ടുപോയ മുത്തശ്ശിമാരുടെ സ്നേഹപൂർണമായ ഓർമ്മകൾക്ക് മുന്നിൽ തല കുനിക്കുന്നു 🙏🙏🙏


പ്രിയ ബിജു ശിവകൃപ

By ivayana