രചന : അനുപമ രാജ് ✍
ഇത്തവണ ഇരിഞ്ഞാലക്കുട ഉത്സവം ഏപ്രിൽ ഒടുവിലാണ് .
ചുട്ടുപൊള്ളുന്ന വെയിൽ തലയ്ക്കു മേലെ ഒരു വിധ ദയയുമില്ലാതെ താണ്ഡവമാടുന്ന ശീവേലികളാവും ആസ്വാദകനെ കാത്തിരിക്കുക എന്നർത്ഥം .
എത്ര ചൂടുണ്ടായലും , അമ്പലപ്പറമ്പിലെ ആനച്ചൂരും , വിളക്കെണ്ണയുടെ മണവും എനിക്ക് വല്ലാത്ത നോസ്റ്റു തന്നെ . കെട്ടിയവനാണെങ്കിലോ ഈ പറഞ്ഞത് രണ്ടും അലർജിയും .
പഞ്ചാരിയുടെ കാലക്രമങ്ങൾ എത്ര കേട്ടാലും എനിക്കു തിരിയാറില്ല. അതിനു ജ്ഞാനം വേണം, കുറച്ചു താളബോധവും .
മേള രാജാവ് എന്നറിയപ്പെടുന്ന പഞ്ചാരിയുടെ തുടക്കം 12 ചെമ്പട വട്ടങ്ങൾ അല്ലെങ്കിൽ “എടുപ്പ് എന്നറിയപ്പെടുന്ന ആമുഖത്തോട് കൂടിയാണ് എന്ന് ഞാൻ എവിടെയോ വായിച്ചതായി ഓർക്കുന്നു.
പതികാലവും അഞ്ചാംകാലവും ദൂരെനിന്നു കേട്ടാൽ കുറച്ചൊക്കെ ഊഹിക്കാൻ കഴിയും . എങ്കിലും എനിക്കിന്നും പഞ്ചാരി, നീണ്ടു നിവർന്നു അക്കരെ കാണാൻ സാധിക്കാത്ത കടൽ പോലെയാണ് . ഒരെത്തും പിടിയും ഇല്ലാത്ത അവസ്ഥ .
ഒരുപാടു “കൂടി” ച്ചേരലുകൾക്കു സാക്ഷിയാണ് ഈ അമ്പലപ്പറമ്പ് . അന്നത്തെ പാവാട പ്രായത്തിലെ ആഉത്സവം കാണലുകൾ ഒരു അനുഭവം തന്നെയായിരുന്നു . . ആരെങ്കിലും ഒക്കെ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ചുറ്റിലും നോക്കുന്ന ഒരു ‘നല്ല ശീലം’ എനിക്കുണ്ടായിരുന്നു.
ഒരു നോട്ടത്തിലോ അല്ലെങ്കിൽ ഒരു ചിരിയിലോ ഒതുങ്ങുന്ന ആ കാലഘട്ടത്തിലെ “പ്രേമങ്ങൾക്കു” പത്തുദിവസത്തെ ഉത്സവത്തോളം തന്നെ ആയുസ്സുണ്ടാവുകയുള്ളൂ എന്നു വിചാരിച്ചാൽ അത് തെറ്റ് . ഉത്സവം കഴിഞ്ഞാലും പിന്നീടു അമ്പലത്തിൽ തൊഴാൻ വരുമ്പോഴൊക്കെയും ഉത്സവക്കാലത്തു കണ്ട പൊടിമീശക്കാരനെ അവിടെയെങ്ങാനും ഉണ്ടോ എന്നു തിരയാത്ത ഏതു പാവടക്കാരിയാ അന്നുണ്ടാവുക. മനസ്സിലിട്ടു താലോലിക്കാൻ ഒരു ചിരി അല്ലെങ്കിൽ ഒരു നോട്ടം മതിയെന്നുപറയുന്നതു എത്ര ശരി .
വെറുതെ ആവില്ല ” കൂടൽ “മാണിക്യ ക്ഷേത്രം എന്ന് പെരുകിട്ടിയതു.
അമ്പലപ്പറമ്പിൽ കാലുവയ്ക്കുമ്പോഴേ എല്ലാരും ചെറുപ്പമാവുന്നു. ഒരുതരം മാസ്മരികതയുള്ള അന്തരീക്ഷം ! . ഒന്നു ശ്രദ്ധിച്ചാൽ പ്രദിക്ഷണവഴിയിലേ ചടുല നടത്തക്കാരിയായ മുടിയിഴകളിൽ കൊള്ളിയാൻ പോലെ വെള്ള വരവീണ സുന്ദരികളായ അമ്മമാരുടെ കണ്ണിലും കാണാം ആ പഴയകാലത്തിലെ പതികാലം …
അതൊരു ഭംഗിതന്നെ അല്ലേ അല്ലെങ്കിൽ അതൊക്കെ തന്നെയല്ലേ ജീവിതം .