ഉദയ രവി വരും തേരുരുളിനെന്തോരു കാന്തീ
ഉയിരിൻ മാമരം ചെന്തളിരു ചൂടി നിന്ന പോലെ
ഉലഞ്ഞുലഞ്ഞുയരും, ഉയിരിനുടയോൻ നിത്യവും,
ഉയർന്നിടുന്ന താപം ചൊരിഞ്ഞു
ചിരിച്ചിടുന്നതും
മാകന്ദമഞ്ജരി തളിരാട ഞൊറിഞ്ഞുടുത്തവ
ളാനന്ദ നടനമാടീ രസിച്ചീടുന്ന കാലവും
വാടിടാതിളം മേനിയിൽ, ചുരന്നിരുന്നമൃതവും
പാകമാക്കിയേകിയെന്നുമന്നവും മുടങ്ങിടാതെ
കാലദോഷമേറ്റു വീണിളം തളിരു പൂങ്കായതും
കാലം കടന്നുവന്നു വീണു പോയ വടു പത്രങ്ങൾ
വാർദ്ധക്യ ബിംബങ്ങളായ് മണ്ണിൽ പൊലിഞ്ഞീടുന്നുവല്ലോ
അന്തിക്കു ചെങ്കതിർ വാരി വിതറിയാ കതിരവൻ
നിദ്രയ്ക്കു കരിമ്പട്ടും ചൂടിച്ചു പോയിടുന്ന നേരം
വസുധയും പാതി മെയ്യും പുതച്ചുറങ്ങി കിടക്കെ,
കരിയിലകളാകെയും കരഞ്ഞു പറഞ്ഞതെന്തേ
ബാലാർക്കനെപ്പോൽ, ചെന്തളിരാർന്നു വരും
നാളെയുടെ പുതുനാമ്പുകളെ, കാണണം നിങ്ങളും;
കാലം കഴിഞ്ഞിടുമ്പോളീ കരിയില പോലെ,
വീണിടും,മണ്ണിലലിഞ്ഞില്ലാതെയായിടുമോർക്കുക
കരിയിലകൾ തൻ മർമ്മരങ്ങൾ
പ്രതിധ്വനിക്കുന്നു,
കരുണാലയങ്ങളിലടച്ചിട്ട ചുമരുകളിൽ,
കരുണ വറ്റാത്ത നീർമിഴികളായ് ചുളിഞ്ഞു പോയ ,
കനവുകൾ നെയ്ത വൃദ്ധ ജന്മങ്ങളിങ്ങനെ വൃഥാ !

മോനികുട്ടൻ കോന്നി

By ivayana