ന്യൂയോർക്ക്: അമേരിക്കൻ മലയാളി മാതൃകാ സംഘടനയായ ഫൊക്കാന ഒരു കുടുംബ സംഗമം നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

 കൊറോണ വ്യാപനവും പ്രതിരോധ നിയന്ത്രണങ്ങളും മറ്റും ഒട്ടേറെ ദുരിതങ്ങളാണ് മനുഷ്യരുടെ ദൈനം ദിന ജീവിതത്തിൽ വരുത്തി വച്ചു കൊണ്ടിരിക്കുന്നത്. ഈ കൊറോണ കാലത്തിലൂടെ കടന്നുപോകുന്നവർ രോഗ ഭീതിക്ക് പുറമേ നിലനിൽപ്പിന്റെ ആധികളും ആശങ്കകളും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളുമായാണ് കഴിയുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് കൂട്ടായ്മയുടേയും സൗഹൃദങ്ങളുടെയും സാന്ത്വനം പങ്കു വയ്ക്കുവാനും മാനസികോല്ലാസം നിറയ്ക്കുവാനും ഫൊക്കാന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വെർച്വൽ സംഗമ വേദിയൊരുക്കുന്നതെന്ന് മാധവൻ ബി നായർ പറഞ്ഞു.

 വിവാദങ്ങളുണ്ടാക്കുന്ന ആഘോഷങ്ങളും മത്സരങ്ങളും മാറ്റി വച്ച് പിരിമുറുക്കങ്ങൾ അകറ്റി തുറന്ന മനസോടെ പാരസ്പര്യത്തിന്റെ സഹഭാവം പങ്കു വയ്ക്കാനാണ് ഫൊക്കാന എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും അവയുടെ പ്രവർത്തനങ്ങളെയും ഫൊക്കാന മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും അഭ്യുന്നതിക്കും വേണ്ടി  പ്രവർത്തിക്കുന്നവർക്കൊപ്പം അണിചേരാൻ ഫൊക്കാന എന്നും സന്നദ്ധമായിരിക്കുമെന്നും അതിജീവനത്തിന് പ്രചോദനമാകുന്ന കുടുംബ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായും ഫൊക്കാന സെക്രട്ടറി ടോമി കൊക്കാട്ട്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ ഉണ്ണിത്താൻ, എബ്രഹാം കളത്തിൽ   , ഡോ. സുജാത ജോസ് , ഷീലാ ജോസഫ് , വിജി നായർ,ലൈസി അലക്സ് എന്നിവർ അറിയിച്ചു. കുടുംബ സംഗമത്തിന്റെ വിശദാംശങ്ങൾ പിറകെ അറിയിക്കുമെന്നും ഇവർ പറഞ്ഞു.

By ivayana