ഒന്നേള്ളൂങ്കി ഒലക്കക്കടിക്കണം, മക്കളെ മോണ കാണിക്കരുതെന്നതൊക്കെ പാരന്റിങ്ങിന്റെ വെരി ബേസിക് ഫൗണ്ടേഷൻസാണെന്ന ഹാർഡ് കോർ വിശ്വാസം അച്ഛനുണ്ടായിരുന്ന എന്റെ യു.പി സ്കൂൾ കാലഘട്ടം!
ഏകദേശം സ്ഫടികത്തിലെ തിലകനേം കിലുക്കത്തിലെ തിലകനേം സമാസമം ചേർത്തരച്ചെടുത്ത്, ഫ്ലയിം സിമ്മിലിട്ട് വറ്റിച്ചെടുത്ത ആറ്റിറ്റ്യൂഡുണ്ടായിരുന്ന അച്ഛന്റെ ഭരണകൂട ഭീകരതക്ക് കീഴിൽ എന്തിനുമേതിനുമേത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ലാത്തിച്ചാർജ്ജിനെ ഭയന്ന് സേഫ് ഡിസ്റ്റൻസിൽ ഞാൻ ജീവിക്കണ ടൈം!
നൈസർഗ്ഗികമായ വാസന കൊണ്ട് എന്ത് ചെയ്താലും കുരുത്തക്കേടിലവസാനിക്കണ ടൈപ്പ് സ്വഭാവാണെനിക്കെന്ന് മനസിലാക്കി ട്വന്റ്വി ഫോർ ബാർ സെവൻ ഹൈ സ്പീഡ് ആക്സസിന് വേണ്ടി കട്ടിളപ്പടീടെ മോളിൽ അച്ഛൻ സെക്വർ ചെയ്ത് വച്ചിരുന്ന ചൂരലിന്റ ഓർമ്മ പോലും എന്നെ എക്സ്ട്രാ ഡീസന്റാക്കിയ പീരീഡ്!
അതിരാവിലെ ആറരക്കെഴുന്നേറ്റ് ഫ്രഷായി ശാന്ത ഭാവത്തിൽ സൂചിയിൽ നൂൽ കോർത്തെടുക്കുന്ന ശ്രദ്ധയോടെ ആൾടെ യൂണീഫോം അയേൺ ചെയ്യുന്ന രൂപത്തിൽ പ്രത്യക്ഷനാവുന്ന അച്ഛൻ, പത്രം വായിക്കണ ടൈമിൽ എക്സ്പ്രഷൻ തികഞ്ഞ പുച്ഛത്തിലേക്ക് ട്രാൻസ്ഫോം ചെയ്ത്, എട്ട്… എട്ട് പത്ത് വരെ ആ സ്റ്റേറ്റിൽ തുടരുകയും,
തനിക്ക് ഓഫീസിൽ പോകാൻ ടൈം എക്സ്പയേഡാവാറായിരിക്കുണൂന്ന ട്രിഗർ കിട്ടി കത്തിച്ച് തറയിലിട്ട തലച്ചക്രത്തിനോട് കിട പിടിക്കണ തരം ഹൈലി ഡൈനാമിക്ക് മോഡിലേക്ക് മാറുന്നതോടെ വീട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെടും.
അച്ഛന്റെ ഷേവിങ്ങ്, കുളി, ഡ്രസ്സിങ്ങ്, മേക്കപ്പ്, ബ്രേക്ക് ഫാസ്റ്റ് തുടങ്ങിയ ആക്ടിവിറ്റികൾ നടക്കുന്ന, തന്റെ വിസിനിറ്റിയിൽ വരുന്ന എന്തും ഇടിച്ച് നിരത്തണ ബുൾഡോസറായി അച്ഛൻ മാറണ, ആ ഇരുപത് മിനിറ്റാണ് ക്രിറ്റിക്കൽ.
മുക്കാലടി നീളോം അരയടി വീതീമുള്ള സിഗിംൾ സ്ട്രാപ്പുള്ള ബ്ലാക്ക് ഓഫീസ് ബാഗും, ബ്രേക്ക് ഫാസ്റ്റും, ലഞ്ച് ബോക്സും, കർച്ചീഫും, പൗഡറും, ചീപ്പും, കണ്ണാടിയും വരെ അവക്കായി ഡിമാർക്കേറ്റ് ചെയ്തിട്ടുള്ള ടേബിളിലെ ലൊക്കേഷനിൽ വച്ച് അമ്മ അടുക്കളയിലേക്ക് സ്കൂട്ടാവും, അനിയത്തീം ഞാനും ഏതെങ്കിലും ബുക്കെടുത്ത് താരതമ്യേന സുരക്ഷിതമായ ഏതെങ്കിലും മൂലയിലേക്ക് മാറും. വെടിക്കെട്ട്കാരൻ വളർത്തണ മുയൽക്കുഞ്ഞിന്റെ മാനസികാവസ്ഥയായിരുന്നെനിക്കപ്പോഴൊക്കെ.
ഏതെങ്കിലും സാധനം മാർക്ക്ഡ് ലൊക്കേഷനിലില്ലെങ്കിൽ സ്പോട്ടിൽ അച്ഛൻ സിംഹമാവും. ഉറുമി വീശി അങ്കച്ചേകവരായി പകർന്നാടുമച്ചൻ, അടുത്ത് ചെന്നാൽ മതി ചോര പൊടിയാൻ. കർച്ചീഫെവിടെന്നോ ചീപ്പെവിടെന്നോ കണ്ണാടിയെവിടെന്നോയലറും. അത് കണ്ട്പിടിച്ചെത്തിച്ച് കൊടുക്കേണ്ടത് അമ്മയോ ഞാനോ അനിയത്തിയോ ആണ്. ഇടത് മാറി വലതൊഴിഞ്ഞ് അമ്മ സാധനം ലൊക്കേഷനിലെത്തിക്കും. ലിമിറ്റഡ് വെർബൽ കമ്മ്യൂണിക്കേഷനുള്ള വാർ സോണാണത്. ആ സമയത്ത് അച്ഛനോട് മിണ്ടിയാലോ ആൾടെ ദേഹത്ത് അറിയാതെ മുട്ടിയാലോ തീർന്നൂന്ന് കരുതിയാ മതി.
അച്ഛനിറങ്ങുന്നതോടെ അതുവരെ ഇടിവെട്ടിയാർത്തലച്ച് പെയ്ത പേമാരി പിടിച്ച് കെട്ടിയ പോലെ നിൽക്കും. അതിന് പിന്നാലെ ഞാനും അനിയത്തിയും സ്കൂളുകളിലേക്ക് പോകും.
ആ സാറ്റർഡേ രാവിലെ എന്തോ കാരണം കൊണ്ട് വൈകിയച്ഛനിറങ്ങിയിതിന് പുറകെ കളിക്കാനിറങ്ങാൻ തുടങ്ങിയ എന്നോടമ്മയാണത് പറഞ്ഞത്.
“അച്ഛൻ ലഞ്ച് ബോക്സ് മറന്നൂടാ.. …. നീയിതൊന്ന് ഓഫീസീ കൊണ്ട് കൊടുക്കോ ” ന്ന്.
സംഗതി ഭീകരമാണ്. ബാഗിലെടുത്ത് വക്കാൻ മറന്നതച്ഛനാണെങ്കിലും വൈകീട്ട് ചീത്ത മുഴുവൻ അമ്മക്കായിരിക്കും. അക്കാലത്ത് വീടല്ലാതെ അച്ഛനുമായി കൂട്ടിമുട്ടാൻ ഇടയുള്ള സ്ഥലങ്ങൾ ഞാനൊഴിവാക്കാറാണ് പതിവ്, ആ വിശത്തിലധികം വീട്ടീന്ന് കിട്ടോലോ, പിന്നെന്തിന് പുറത്ത് പോയി വാങ്ങിക്കണം.
എങ്കിലുമമ്മയുടെ അവസ്ഥയോർത്ത് പോയേക്കാമെന്ന് തീരുമാനിച്ച് ലഞ്ച് ബോക്സുമെടുത്ത് അഞ്ചെട്ട് കിലോമീറ്റർ സെക്കിൾ ചവിട്ടി അച്ഛന്റെ ഓഫീസിലേക്ക് ചെന്നു.
അച്ഛനേറ്റവുമകത്താണ് പുറത്ത് കണ്ട ആൾടെ കൊളീഗിനോട് ” ദേ ഇതൊന്നച്ചന് കൊടുക്കോ… എടുക്കാൻ മറന്നതാ ” ന്ന് പറഞ്ഞ് ലഞ്ച് ബോക്സ് പാസ് ചെയ്തു.
“ദേ മാഷെ, നിങ്ങടെ ചെക്കൻ ലഞ്ച് ബോക്സും കൊണ്ടു വന്നിരിക്കുണൂ” ന്നാള് അകത്തേക്ക് വിളിച്ച് പറഞ്ഞു.
വൈകീട്ട് അമ്മക്ക് കിട്ടാനുള്ളതിന്റെ സാമ്പിൾ വെടിക്കെട്ട് എനിക്ക് പബ്ലിക്കായി കിട്ടാനുള്ള സാധ്യത യോർത്ത് ഞാൻ ആളോട് “വിളിക്കണമെന്നില്ല…. ഞാനിറങ്ങാണ്… ഇതങ്ങട് കൊടുത്താ മതീ ” ന്ന് പറഞ്ഞ് ചാടിയിറങ്ങി.
സെക്ലീക്കേറി സീറ്റിങ്ങായപ്പോഴാണ് “ടാ .. ” ന്നൊരു ഹൈ ബാസിലുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞ് നോക്കീത്.
അതെ അച്ഛനാണത്…” ഇതങ്ങട് കൊണ്ടൊയ്ക്കോ” ന്ന് പറഞ്ഞ് തികഞ്ഞ ഗൗരവത്തിൽ ആള് വച്ച് നീട്ടണത് വീട്ടിലെ ക്യുട്ടിക്ക്യൂറേടെ ഒരടിയോളം ഹൈറ്റുള്ള ഓറഞ്ചും വൈറ്റും പെയ്ന്റെടിച്ച ടാൽക്കം പൗഡർ ടിന്നാണ്!
അപ്പോ ലഞ്ച് ബോക്സ് മറന്നതല്ല !
പകരം ബാഗിൽ പൗഡർ ടിന്നെടുത്ത് വച്ച് കൊണ്ടു പോന്നതാണ് !
പൗഡർ ടിൻ വാങ്ങി കരിയറിൽ വക്കുമ്പോൾ
“… ന്നാലും ആ ചെറ്യേ ബാഗിൽ ഇതെങ്ങിനെ കുത്തിക്കയറ്റിയച്ഛാ” യെന്ന ചോദ്യം മനസിൽ തികട്ടി തികട്ടി വന്നെങ്കിലും അച്ഛനെന്നോടുള്ള ഇരുപ്പു വശമോർത്ത് ഞാനത് ചോദിക്കാൻ നിന്നില്ല. നെസസിറ്റി ഈസ് ദ മദർ ഓഫ് ഇൻവെൻഷന്നാണല്ലോ, ആവിശോണ്ടേലെന്താ നടക്കാത്തത് !

സായ് സുധീഷ്

By ivayana