ചിവീടുകൾ കരയുന്ന, നായ്ക്കൾ ഓരിയിടുന്ന രാത്രി.
എഴുതാനിരുന്നപ്പോൾ നിരാശതയോടെ അറിഞ്ഞു,
മനസ്സിലെ കഥകളെല്ലാം വറ്റിപ്പായിരിക്കുന്നു!
കുപ്പായമണിഞ്ഞ് രാവിന്റെ മാറിലേക്കിറങ്ങി.
തൊടിയും, പാടവും പിന്നിട്ട് കുന്നുകയറവേ
അവളെ കണ്ടെത്തി.
വാഴയിലയുടെ പച്ചമെത്തയിലിരുന്ന്
സ്വന്തം വെളിച്ചത്തിൽ കഥയെഴുതിക്കൊണ്ടിരിക്കുന്ന
ഒരു പെൺമിന്നാമിന്നി!
ശബ്ദമുണ്ടാക്കാതെ, ഇലയനങ്ങാതെയവളെ
പിന്നിൽ നിന്നും പിടികൂടി.
കഥ കവർന്നെടുത്ത ശേഷം
രണ്ടു വിരലുകളാൽ ഞെരിച്ച്
അവളുടെ വെളിച്ചം കെടുത്തി.
ഇരുളിനെ നടുവേ കീറി തിരികെ മടങ്ങി.
എഴുത്തുമുറിയിൽ വിളക്കിനരികിൽ
പാറിവീഴുന്ന വെട്ടത്തിൽ കണ്ടു,
കഥയ്ക്കവൾ പേരിട്ടിട്ടില്ല.
കഥയ്ക്ക് അവസാനവുമില്ല!
രണ്ടാമതൊന്നാലോചിക്കാതെ കഥയ്ക്ക് ഞാൻ പേരിട്ടു.
‘പ്രകാശം പരത്തുന്ന പെൺകുട്ടി’
ഇനി കഥയ്ക്കൊരു അവസാനം കൂടി കണ്ടെത്തണം.
🔴

സെഹ്റാൻ

By ivayana