പൂഞ്ചോലയിൽ പൂത്ത പൂനിലാവേ
കണ്ടുവോ പൂത്ത കണിക്കൊന്നയെ
മേടമാസത്തിന്റെ മേളപ്പകർപ്പിനായ്
കൈനീട്ടമായി പിറന്നവളേ

തേനുണ്ടു വണ്ടുകൾ പാറിടുന്നു
നിന്റെ ശിഖരത്തിൽ മുട്ടിയുരുമ്മിടുന്നു
മധുമോഹിനിയായി മാധവമുരളി തൻ
മധുരഗീതം കേട്ടുണർന്നവളേ

കുളിർമഴ ചാറ്റി മറഞ്ഞു പോയോ
നിറമുള്ള സ്വപ്നപ്പകർപ്പുമായി
ഒരു വാക്കിലെല്ലാമൊതുക്കുവാനായി നീ
ഒരു മാത്ര പൂത്തു മറഞ്ഞിടുന്നു

അണിമാറിലണിയുവാൻ കാത്തു കണ്ണൻ
നിന്റെ നറുമണം ചൂടും മണിമുത്തുകൾ
നാണം മറന്നു ഇലകൾ പൊഴിച്ചു നീ
നഗ്നയായ് നാഥനെ കാത്തിരിപ്പൂ

കാത്തു തെന്നൽ ഒന്നു നിന്നെ തഴുകുവാൻ
കാലമുണരും മണിത്തൊട്ടിലിൽ
മഴവില്ലിനഴകുള്ളതെന്ന പോലെ
നിന്റെ മദനഭാവം നേർത്ത പുളകമല്ലേ

മല്ലികയായി നീ മഞ്ഞപ്പകിട്ടുമായ്
മാനത്തിനോരമായ് പൂത്തതല്ലേ
നിൻ കണി കണ്ണിൽ കുളിർമ്മയെന്നോതിയോർ
പൊട്ടിച്ചെടുത്തു കരിച്ചുണക്കി

ദുഷ്ടഭാവങ്ങളിൽ ദുർമ്മോഹമേറിയോർ
വേദന കാണാതെ കൊണ്ടു പോയി
ജാതകദോഷമെന്നോതി ഞാനും
വീണ്ടും തളിർത്തു കിനാക്കളായി

ഹരികുമാർ കെ പി

By ivayana