മോഹിനീ രൂപ മോഹങ്ങളേകി
മോഹിതരാക്കും മാധവ
മോഹസാഗരം നീന്തി മോചന
മാർഗ്ഗം കാട്ടിയ കേശവ
അമ്മയ്ക്കു കൊച്ചു വാ തുറന്നിട്ടു
വിശ്വം കാട്ടിയ ദേവേശ
മോഹനരാഗ മേകി രാധയ്ക്കു
രാഗമോക്ഷം പകർന്നു നീ
ഭക്തനാകിയ അക്രൂരനു നീ
ഇഷ്ടദേവനായ് തീർന്നില്ലെ
പാപിയാകിയ കംസനു പിന്നെ
പേടിയാൽ നിദ്ര പോയില്ലെ
മാനഹാനിയാൽ ക്കേണ പാഞ്ചാലി
യ്ക്കേകി നീ ചേലയെത്ര മേൽ!
കഷ്ടകാലത്തിൽ പാണ്ഡവർക്കു നീ
അക്ഷയപാത്രം നൽകീല്ലെ
മോഹിച്ചിരുന്ന പാർത്ഥനു ധർമ്മ
ഗീത യേകിയ സാരഥി
മോഹ ജ്വാലയിൽപ്പെട്ടവർക്കെല്ലാം
വിശ്വ സാരഥിയങ്ങല്ലൊ !
മോഹകാരണ മോഹനായക
മോഹനാശക മോഹന
മോഹക്കയത്തിൽ നിന്നും ഞങ്ങൾക്ക്
മോക്ഷമേകണേ ദേവാ നീ.
( വർഷത്തിലൊരിയ്ക്കൽ മാത്രം ഗുരുവായൂരപ്പനെ മോഹിനിയാക്കി അണിയിച്ചൊരുക്കിയതാണ് ചിത്രം)