രചന : രാജു കാഞ്ഞിരങ്ങാട്✍
നോക്കൂ ,
ഞാനന്നൊരു കുഞ്ഞായിരുന്നു
ഒരിക്കൽ;വീട്ടുവക്കിൽ വന്ന
പഴച്ചെടി വിൽപ്പനക്കാരനിൽ നിന്നും
ഒരു ചെറിമരച്ചെടി വാങ്ങിച്ചു.
ഇന്ന് വളർന്നു വലുതായി
ചെറിമരം പൂവിട്ടു കായിട്ടു
പ്രണയികളുടെ ഗന്ധമാണ്
ചെറിപ്പൂവുകൾക്ക് !
ചുംബിച്ചു ചുംബിച്ചു ചുവന്ന
ചുണ്ടുകളാണ് ചെറിപ്പഴങ്ങൾ !!
പ്രിയേ,
നീ എന്നിലെന്നപോലെ
ചെറിമര വേരുകൾ
മണ്ണിലേക്ക് ആഴ്ന്നിരിക്കുന്നു
പ്രണയമെന്നതു പോലെ
അത് മണ്ണിൻ്റെ ഹൃദയത്തിൽ
പറ്റിച്ചേർന്നു കിടക്കുന്നു
എത്ര എടുത്തു മാറ്റിയാലും
ബാക്കിയാകുന്ന മണ്ണാണ് പ്രണയം
അതിൽ അള്ളിപ്പിടിച്ചു പറ്റിച്ചേർന്നു
നിൽക്കുന്ന ചെറിമരമാണു നാം
മണ്ണ് പ്രണയമെന്നതു പോലെ
മരണമില്ലാത്തത് പ്രണയം