മുറ്റത്തെ മാഞ്ചോട്ടിൽ നിന്നപ്പോൾ സന്ധ്യയ്ക്ക്,
ചെറുതെന്നൽ ഓടിക്കളിച്ചു വന്നു.
ചുറ്റും വലoവച്ച് പൂക്കളെ ലാളിച്ചും
തളിരിളം ലതകളെ ഓമനിച്ചു.
ചുട്ടുപൊള്ളുന്നൊരു ഭൂമിക്കു കുളിരേകി
പുതുമഴ വീണ്ടും വിരുന്നു വന്നു.
ഒളികണ്ണാൽ ഭൂമിയെ നോക്കിക്കൊതിപ്പിച്ച് പനിമതി,
എങ്ങോ മറഞ്ഞുപോയി.
കൂരിരുൾ മൂടിയ നീലവാനം നീളെ
മഴമേഘം കൊണ്ടു നിറഞ്ഞു നിന്നു.
ചൂടുള്ള കാറ്റിനെ തട്ടിമാറ്റി,
പുതുമഴ പിന്നേയും പെയ്തിറങ്ങി.
മനവും തനുവും കുളിരണിഞ്ഞ്
ഭൂമിക്കു പുതുജീവനേകി നിന്നു.
മണ്ണിന്റെ പുതു മണം വന്നപ്പോൾ ഭൂമിയിൽ,
പുതുനാമ്പു പൊട്ടിമുളച്ചു വന്നു.
പുതുമഴ കൊണ്ടപ്പോൾ
കർണ്ണികാരപ്പൂക്കൾ,
തളിരിളം ചില്ലയെ ഊയലാട്ടി .
മേടപ്പുലരിയെ വരവേല്ക്കുവാൻ
വിഷുപ്പക്ഷി പാടിപ്പറന്നു വന്നു.
പീതാംബരപ്പട്ടുടുത്തു കാർവർണ്ണനും
കണികാണാൻ, പാത്തും പതുങ്ങി നിന്നു.
കണികണ്ടു തിരികെ മടങ്ങുമ്പോൾ
കണ്ണനും, കർണ്ണികാരപ്പൂക്കളെ വാരിപ്പുണർന്നു നിന്നു.

സതി സുധാകരൻ

By ivayana