കളത്രം കുശിനിയില് വറുക്കലും പൊരിക്കലും തിരുതകൃതി. മൂത്തവള് ആവശ്യമുന്നയിക്കുന്നു. “അമ്മേ ആപ്പിള് വേണം.”
” ഈ കോരിച്ചൊരിയുന്ന മഴേലാണോ ആപ്പിള് തിന്നാന്?? “
“ശ്ശോ ഈ അമ്മയ്ക്കൊന്നുമറിയില്ല., ആപ്പിള് ഫോണ് വേണം ന്ന്.. “
ഓണ്ലൈന് പഠനനാളുകളില് കൂട്ടുള്ള കൊറിയന് വയോധികന് സാംസങ്ങിന്റെ ദയാവധം മോഹിച്ച് മകള്. കുശിനി കടന്ന്
നിവേദനവുമായി താതസാമീപ്യത്തിലവള്.
പുത്തന് കൂടൊരുക്കി മൂക്കറ്റം കടംകയറിയ, കോവിഡ് നാളുകളും. ആപ്പിളല്ല ഓറഞ്ച് വാങ്ങാന് പോലും നിവൃത്തിയില്ലല്ലോ മകാളേ… എന്നോറ്ത്ത താതമനത്തില് ഉദിച്ചു ആശയങ്ങള് . താല്ക്കാലിക മുഖം രക്ഷിക്കലിനുള്ള കുടിലബുദ്ധി ഉണറ്ന്നു. കഥ കേള്ക്കാനുള്ള അവളുടെ കമ്പത്തില് തന്നെ ഇത്തവണയും കടന്നു പിടിച്ച് താതന് കാഥികനായി. കേട്ടറിഞ്ഞ കഥാ കഥനമായി പൊഴിഞ്ഞു,
സ്റ്റീവന് പോള് ജോബെന്ന അമേരിക്കക്കാരനെ നായകനാക്കി അച്ഛന് മകള്ക്ക് “സാംബശിവനും,കെടാമംഗലം” -വുമായി തലമാറി.
സ്റ്റീവ് ജോബ്സിന്റെ കഥ.
അച്ഛനാരെന്നറിയാതെ പിറന്നവന് സ്റ്റീവ്. ജീവിതനിവൃത്തിയില്ലാതെ പെറ്റമ്മയാല് ദാനം നല്കപ്പെട്ടവന്. കോളകുപ്പികള് പെറുക്കിവിറ്റ് ,ഗതികേടിനാല് പഠനം അന്യമായവന്. ഹരേകൃഷ്ണാ പ്രസ്ഥാനത്തിന്റെ അന്നദാനത്തില് പശിയടക്കിയ കൌമാരക്കാരന്. ആക്രിപെറുക്കി വിറ്റുണ്ടാക്കിയ മൂലധനം അടിത്തറയാക്കി വളറ്ന്ന് ആപ്പിള് കമ്പനി തുടങ്ങിയവന്. വളറ്ച്ചക്കിടെ കമ്പനിയെ നയിക്കാന് പെപ്സി മേധാവി ജോണ് സ്കല്ലിനോടയാള് ചോദിച്ചു.. “കലക്കിയ മധുരവെള്ളം വിറ്റു നടന്നാല് മതിയോ., നമുക്കീ ലോകത്തെ മാറ്റിമറിയ്ക്കേണ്ടേ?! “
ആപ്പിളില് ചേറ്ന്ന സ്കല്ലി മാനേജ്മെന്റ് കുടിലതന്ത്രങ്ങളാല് സ്റ്റീവിനെ ആപ്പിളില് നിന്ന് പുറത്താക്കിയതും ചരിത്രം. പതറിമാറാതെ സ്റ്റീവ് തുടങ്ങി നെക്സ്റ്റെന്ന മറ്റൊരു കമ്പനി. കുടിലതന്ത്രങ്ങള്ക്ക് എന്നും അല്പായുസ്സ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ആപ്പിളിനെ നെക്സ്റ്റ് ഏറ്റെടുത്ത് വീണ്ടും ആപ്പിളിന്റെ അമരക്കാരനായി സ്റ്റീവ്. പിന്നീട് ഫിനിക്സ് പക്ഷിയെ പ്പോലെ ആപ്പിളിന്റെ വളറ്ച്ച പടിപടിയായി. പ്രതിസന്ധികളില് തളരാത്ത മനസ്സുമായി സ്റ്റീവിന്റെ നേതൃത്വത്തില്. അറ്ബുദ ബാധയേറ്റ് വലഞ്ഞ നാളുകളിലും അയാള് പകച്ച് നില്ക്കാതെ നൂതന ആശയങ്ങളുമായി പരീക്ഷണങ്ങള്ക്ക് തയ്യാറായി. ഒത്തിരി പോന്ന കമ്പ്യൂട്ടറിനെയാകെ ഇത്തിരിപോന്ന ഐപാഡില്, സറ്വ്വം തികഞ്ഞ ആപ്പിള് ഫോണ്. രണ്ടും പിറവിയെടുത്തത് ആ നാളുകളില്.
“വേറിട്ട പാതയിലൂടെ സഞ്ചരിച്ചതാണെന്റെ എഴുത്തിന്റെ ധന്യത “-എന്ന റോബറ്ട്ട് ഫ്രോസ്റ്റിന്റെ വരികള് ഉരുവിട്ട് വിജയപദങ്ങള് വെട്ടിത്തുറന്ന മഹത് വ്യക്തി. വാള്ട്ട് ഡിസ്നി കമ്പനി സാരഥിയായി ബാല്യകൌമാരങ്ങള്ക്ക് കാഴ്ചാനുഭവങ്ങളും ഒരുക്കിയാതും സ്റ്റീവ്.
“മകളേ നീ അഞ്ചിലല്ലേ ആയുള്ളൂ,, പിന്നൊരിക്കല് അച്ഛന് വാങ്ങിത്തരാം നല്ലൊരു ആപ്പിള് ഫോണ്” എന്ന മുന്കൂറ് ജാമ്യത്തിന് മകള് മറുചോദ്യത്താല് തടയിട്ടു. “അതിനി എന്ന്??!!”
ഉത്തരം മുട്ടാറുണ്ട് ഏത് കാഥികനും ഒരുനാള്.