നാട്ടിലെ അറിയപ്പെടുന്ന മൂന്നാൻ സുകു കടയിലേക്ക് കയറി വന്നപ്പോൾ ഭാസ്കരേട്ടൻ
ചോദിച്ചു.
“എന്താ സുകുവെ നിന്നെയിപ്പോ ഈ വഴിയൊന്നും കാണാനെയില്ലല്ലോ “.
“ചായക്കാശ് പോലും കയ്യിലില്ലാതെ എങ്ങനെ പുറത്തെറങ്ങാനാ ഭാസ്കരേട്ടാ? എല്ലാരും കൂടി നമ്മട വയറ്റത്തടിച്ചില്ലേ!”.
“അതാരാ സുകു, അങ്ങനെ ഒരു കടുംകൈ നിന്നോട് ചെയ്തത്?”.തേയില പൈ നന്നായി പിഴിഞ്ഞ് ചായക്ക് കടുപ്പമേറ്റുന്നതിനിടയിൽ ഭാസ്കരേട്ടൻ ചോദിച്ചു.
“അത് നല്ല ചേലായ്.. അപ്പൊ നിങ്ങളീ നാട്ടിലൊന്നുമല്ലേ ജീവിക്കണത്?.സുകുവിന്റെ അല്പം ഈർഷ്യയോടെയുള്ള ചോദ്യം കേട്ട്
ഭാസ്കരേട്ടൻ ചിരിയിൽ പൊതിഞ്ഞ ഗൗരവത്തോടെ അവന്റെ നേർക്ക് നോട്ടമെറിഞ്ഞു.
“ഹിന്ദു മാട്രിമോണിയൽ, ക്രിസ്ത്യൻ മാട്രിമോണിയൽ, മുസ്ലിം മാട്രിമോണിയൽ… പിന്നെ ഈഴവ വേറെ, നായര് വേറെ അങ്ങനെ ഓരോ ജാതിയും പറഞ്ഞ് വേറെ വേറെ പരസ്യം വരണത് നിങ്ങള് കണ്ടിട്ടില്ലേ? അതിനിടയിൽ നമ്മള് നാട്ടിൻപുറത്തെ മൂന്നാന്മാരെ ആർക്ക് വേണം?”.
ബോയിലറിൽ തിളയ്ക്കുന്ന വെള്ളത്തിനൊപ്പം ചില് ചില് ശബ്ദമുണ്ടാക്കുന്ന നാണയ തുട്ടിന്റെ പോലെ സുകുവിന്റെ ശബ്ദവും ചിലമ്പുന്നുണ്ടായിരുന്നു.
ചായക്കടയിലെ വെളിച്ചം കടക്കാത്ത മൂലയിലിരുന്ന് ആരോ പറഞ്ഞു.
” ജാതിയും, മതവും വിറ്റ് ജീവിക്കുന്നതാ ഇപ്പോ ട്രെൻഡ് “.
അത് കേട്ടവിടെ ചിരിയുയരുമ്പോൾ,പോക്കറ്റിലെ നാണയതുട്ടുകൾ നുള്ളിപ്പെറുക്കി ചായക്കാശ് തികയ്ക്കുന്ന തിരക്കിലായിരുന്നു സുകു അപ്പോൾ.

By ivayana