കുഞ്ഞുനാളിലെ ഈദോർമ്മകളാണ് ഈദിനെക്കുറിച്ചുള്ള നല്ല ഓർമ്മയായി മനസ്സിൽ സൂക്ഷിക്കുന്നത്. ഇല്ലായ്മയിൽ വളർന്നതുകൊണ്ട് തന്നെ ഈദിന്റെ ദിവസമാകും നല്ല ഭക്ഷണവും വസ്ത്രവും ചെരിപ്പുമൊക്കെ കിട്ടുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു ഇതെല്ലാം ലഭിച്ചിരുന്നത്. അവസാന നോമ്പിന്റെ അന്ന് അതായത് ചെറിയ പെരുന്നാളിന്റെ തലേദിവസം അടുത്ത വീട്ടിലെ ഇത്തമാരൊക്കെ ചേർന്ന് മൈലാഞ്ചിയിട്ട് തരുമായിരുന്നു. ഇന്നത്തെ പോലെയുള്ള ട്യൂബിൽ നിറച്ച മൈലാഞ്ചിയൊന്നും അന്നുണ്ടായിരുന്നില്ല. നമ്മുടെ നാടൻ മൈലാഞ്ചിച്ചെടിയുടെ ഇല അമ്മിക്കല്ലിൽ അരച്ചെടുത്ത് കൈയ്യിൽ ചക്കയുടെ പശ (അന്നൊക്കെ ചക്കപ്പശ ഒരു ചെറിയ വടിയുടെ അറ്റത്താക്കി സൂക്ഷിച്ചു വെയ്ക്കുന്ന പതിവുണ്ടായിരുന്നു) കൊണ്ട് പൂക്കൾ വരച്ച് അതിന് മുകളിൽ ഈ അരച്ച മൈലാഞ്ചി പരത്തി വെയ്ക്കും. അതിനുശേഷം ഒരു കവറിലേക്ക് കൈ ഇറക്കി വെച്ച് ആ കവറിനെ കൈത്തണ്ടയിൽ ചേർത്ത് ഒരു നൂൽ കൊണ്ട് കെട്ടിവെയ്ക്കും. തലേദിവസം രാത്രിയിട്ട മൈലാഞ്ചി പിറ്റേന്ന് രാവിലെ മാത്രമേ എടുത്തു കളയുകയുള്ളൂ. ഈ മൈലാഞ്ചി ഒരുപാട് നാൾ കൈയ്യിലുണ്ടാവുകയും ചെയ്യും.
പെരുന്നാൾ ദിവസം രാവിലെ എണ്ണയിട്ടൊരു കുളിയുണ്ടായിരുന്നു. അതിനുമുണ്ട് പ്രത്യേകത. നല്ല മണമുള്ള കുളിക്കുന്ന സോപ്പ് പെരുന്നാളിന് മാത്രമേയുണ്ടായിരുന്നുള്ളൂ. അപ്പൊ കുളിക്കാൻ നല്ല ത്രില്ലായിരുന്നു. ഇന്നത്തെ തലമുറക്കെന്ന് മാത്രമല്ല ഇതൊക്കെ അനുഭവിച്ച നമുക്ക് പോലും ചിന്തിക്കാൻ പറ്റാത്ത കാലം. കുളി കഴിഞ്ഞ് പുത്തൻ ഉടുപ്പിടുമ്പോൾ അന്ന് കിട്ടിയിരുന്നൊരു സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഇരുപത്തിഏഴാം രാവിന് സക്കാത്ത് കിട്ടിയിരുന്ന പൈസയൊക്കെ ഉമ്മച്ചി വീടിന്റെ അറയിൽ ( പഴയ കാല തറവാട് വീട്ടിലെ ഒരു മെയിൻ മുറി) സൂക്ഷിച്ചിരുന്ന ഒരു ഇരുമ്പ് പെട്ടിയിൽ ഞങ്ങളെ കാൺകെ സൂക്ഷിച്ചു വെക്കും. കുറച്ചു ദിവസം കഴിഞ്ഞാൽ ആ പണമൊക്കെ എലി കൊണ്ടുപോയെന്നു പറഞ്ഞു പറ്റിച്ചിരുന്നു. അന്നത് കണ്ണടച്ച് വിശ്വസിച്ച എനിക്ക് കുറച്ചു മുതിർന്നപ്പോൾ മനസ്സിലായി വീട്ടിലേക്ക് ആവശ്യമായ പെരുന്നാൾ സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി എന്റെ മുതിർന്ന ആങ്ങളക്ക് എടുത്ത് കൊടുത്തതായിരുന്നുവെന്ന്… ഞങ്ങൾക്ക് വേണ്ട ഡ്രസ്സും ചെരിപ്പുമൊക്കെ പുള്ളിയാണ് വാങ്ങിത്തന്നിരുന്നത്. പെരുന്നാളിന് ഡ്രസ്സും ചെരിപ്പും എടുത്താൽപ്പിന്നെ പുതിയത് കിട്ടണമെങ്കിൽ അടുത്ത ചെറിയ പെരുന്നാൾ വരണമായിരുന്നു. അതുകൊണ്ട്തന്നെ LP-UP ക്ലാസ്സുകളിൽ പഠിക്കുന്ന സമയത്തൊക്കെ ചെരുപ്പിടാതെ ഉച്ച ഭക്ഷണത്തിന് വീട്ടിലേക്ക് നടന്നു വരുമ്പോൾ കുഞ്ഞിക്കാൽ പൊള്ളി ഒരുപാട് കഷ്ടപ്പെടേണ്ടിയും വന്നിട്ടുണ്ട്.
പെരുന്നാൾ ദിവസം പുതിയ ഉടുപ്പിട്ട് അത്തറൊക്കെ പൂശി എന്റെ ഇത്തമാരുടെ വീട്ടിലേക്ക് പോകും. പിന്നെ അവിടെ സമൃദ്ധമായ ഉച്ചയൂണ്. അതുകഴിഞ്ഞാൽ അവരെയും കൂട്ടി വീട്ടിലേക്ക് മടക്കം. അന്നൊക്കെ നടന്നാണ് പോയിരുന്നത്. എന്റെ ഇത്തമാരുടെ മക്കളും ഞാനുമൊക്കെ 2-3 വയസ്സിന്റെ വ്യത്യാസമേയുള്ളൂ. അവരും ഞാനും നല്ല കൂട്ടായിരുന്നു. ഇപ്പൊ അവർക്കൊക്കെ 3 വീതം പിള്ളേരായി സ്വന്തമായി വീടൊക്കെ വെച്ച് താമസം തുടങ്ങി. വീട്ടിൽ എന്തെങ്കിലും function ഉള്ളപ്പോൾ മാത്രം വരും. പെരുന്നാൾ ദിവസം അവർക്ക് വേറെ അസൗകര്യങ്ങളൊന്നുമില്ലെങ്കിൽ വരാറുണ്ട്.
ബാല്യം കഴിഞ്ഞ് ബുദ്ധി വെച്ചപ്പോൾ മുതൽ വീട്ടിൽ ഒതുങ്ങിക്കൂടി. പെരുന്നാളിന് എങ്ങും പോവാനില്ല. എല്ലാവരും വിരുന്നു പോവും വരും. ആങ്ങളമാരൊക്കെ 2-3 ദിവസത്തേക്കുള്ള ടൂർ പോകും. വീട്ടിൽ ഞാനും ഉമ്മയും മാത്രമാകും. സ്ത്രീയായിപ്പിറന്നതിലുള്ള സങ്കടം പെരുന്നാൾ വരുമ്പോഴൊക്കെ ഉള്ളിൽ ഇരച്ചുവരുമ്പോൾ കടിച്ചമർത്തി. ആഘോഷങ്ങൾ ആഘോഷിക്കാനുള്ള സാഹചര്യം ഇല്ലാത്ത വിഷമങ്ങളുടെ ദിനങ്ങളായിരുന്നു എന്റെ പെരുന്നാൾ ദിനങ്ങൾ..
കഴിഞ്ഞതിന്റെ മുമ്പത്തെ വർഷം എന്റെ ഉമ്മച്ചി വെള്ളം പോലും ഇറക്കാൻ കഴിയാതെ വയ്യാതെ കിടക്കുന്ന ടൈമിലായിരുന്നു ചെറിയ പെരുന്നാൾ. വീട്ടിൽ ആകെ ശ്മശാന മൂകതയായിരുന്നു. ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം ഉമ്മച്ചി പറഞ്ഞിരുന്നതോർത്ത് ഞാനിപ്പോഴും കരയാറുണ്ട്. വലിയ പെരുന്നാളിനെങ്കിലും ഒരു തുള്ളി കഞ്ഞി കുടിക്കാനായെങ്കിൽ എന്ന് പറഞ്ഞ ഉമ്മച്ചി വലിയ പെരുന്നാൾ കാണാൻ ഉണ്ടായില്ല. നാളെയും മറ്റന്നാളുമായി എന്റെ കൂടപ്പിറപ്പുകൾ വന്നും പോയുമിരിക്കും. ഉമ്മച്ചിയുടെ ശൂന്യത ഞാൻ നന്നായി അനുഭവിക്കും. കാരണം എല്ലാവരും പോകുമ്പോഴും ഉമ്മച്ചിയായിരുന്നു എനിക്ക് കൂട്ട്…
ഉമ്മച്ചിയില്ലാത്ത രണ്ടാം ചെറിയ പെരുന്നാളാണിത്. എന്തുണ്ടായിട്ടും ചില വേദനകൾ മറക്കാനാവില്ല.
ഇതൊക്കെയാണ് എന്റെ ഈദ്🥰🥰
എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ഈദാശംസകൾ❤️

ജസീന നാലകത്തു

By ivayana