രചന : ലാലി രംഗനാഥ്.✍
അമ്മിണിക്കുട്ടി ആറാം ക്ലാസിൽ പഠിച്ചപ്പോഴാണ് അവളുടെ ജീവിതത്തിൽ ആ വലിയ സംഭവമുണ്ടായത്. അമ്മ രാവിലെ തന്നെ അവളോട് പറഞ്ഞിരുന്നു
“അമ്മിണീ..പാടത്ത് പണിക്കാർക്ക് പത്ത് മ ണിയാകുമ്പോൾ കഞ്ഞി കൊണ്ടുപോയി കൊടുക്കണം.കേട്ടോ “എന്ന്.
“ശരിയമ്മേ”.. എന്ന് സന്തോഷത്തോടുകൂടി തന്നെ അവൾ പറയുകയും ചെയ്തു.
അമ്മിണിക്കുട്ടിക്ക് അതെല്ലാം ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു പണിക്കാരോട് വിശേഷങ്ങളെല്ലാം പറഞ്ഞ്,അവരോടൊപ്പം ഇരുന്ന് ചോറ്റുപാത്രത്തിൽ അവൾക്കുവേണ്ടി കൂടിയെടുത്ത കഞ്ഞിയും ചമ്മന്തിയുമെല്ലാം കഴിച്ച്,പാടത്തെ ചെളി ഉരുട്ടി ആലങ്ങായ( നാട്ടിലെ ഒരു പലഹാരത്തിന്റെ പേരാണ്) ഉണ്ടാക്കി പാടവരമ്പിലൂടെ നടന്ന്..അടുത്തുള്ള കാവിനുള്ളിലെ താഴ്ന്നുകിടക്കുന്ന മരച്ചില്ലയിൽ പിടിച്ച് ഊഞ്ഞാലാടി… അങ്ങിനെ എന്തിനെയും ആഘോഷമാക്കി മാറ്റാനുള്ള ഒരു കഴിവ് അവൾക്കുണ്ടായിരുന്നത് കൊണ്ട് ഒന്നിലും ഒരു വിരസത തോന്നിച്ചിരുന്നില്ല അമ്മിണിക്കുട്ടിക്ക്.
പക്ഷേ അന്നത്തെ ദിവസത്തെ ആ സംഭവം വിരസമായ ദിനങ്ങളിലേക്ക് അവളുടെ ജീവിതത്തെ പൊടുന്നനെ എടുത്തെറിഞ്ഞു. പാടത്ത് കഞ്ഞിയും കൊടുത്തു തിരിച്ചു വരുന്ന വഴിയിൽ കാൽവഴുതി വീണ്,അവളുടെ കാലിലെ എല്ലു പൊട്ടി. അഞ്ചുമാസത്തോളം ചിറകൊടിഞ്ഞ്,പറക്കാൻ കഴിയാത്ത പക്ഷിയെപ്പോലെ ജീവിതം കട്ടിലിൽ തന്നെയായി.
ജനലിലൂടെ മുറ്റത്തിന്റെയപ്പുറത്ത് പറമ്പിൽ കളിക്കുന്ന കുട്ടികളെ കാണുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിയുമായിരുന്നു.
” എന്നാണിനി എനിക്ക് നടക്കാൻ കഴിയുക?” മനസ്സ് നൊമ്പരം കൊള്ളും. ആകെ ഒരാ ശ്വാസം തോന്നിയിരുന്നത് കാണാൻ വരുന്ന ബന്ധുക്കൾ , ആപ്പിളും കേക്കും പഴവുമൊക്കെ കൊണ്ടുവരുമായിരുന്നു എന്നതിൽ മാത്രമായിരുന്നു.
ഇഴഞ്ഞും നീങ്ങിയും അഞ്ചുമാസങ്ങൾ വിരസമായി കടന്നുപോയി. സ്കൂളും കൂട്ടുകാരുമെല്ലാം ഓർമ്മയിൽ മാത്രമായി ഒതുങ്ങി. അവസാനം ആ സുദിനം വന്നെത്തി. കാലിലെ പ്ലാസ്റ്ററഴിക്കുന്ന ദിവസം.. തലേരാത്രി അമ്മിണിക്കുട്ടി ഉറങ്ങിയതേയില്ല,പ്ലാസ്റ്റർ അഴിച്ചയുടൻ ഓടിച്ചാടി നടക്കുന്നത് മനസ്സിൽ കണ്ട് പുലരാൻ വേണ്ടി അവൾ കാത്തിരുന്നു.
പക്ഷേ യാഥാർത്ഥ്യത്തിന് മുന്നിൽ അമ്മിണിയുടെ സ്വപ്നം വീണുടഞ്ഞ ചില്ലുപാത്രം പോലെ ചിതറിത്തെറിച്ചു ..
പ്ലാസ്റ്ററഴിച്ചപ്പോൾ ഓടാൻ പോയിട്ട്,ഒന്ന് നന്നായി കാല് തറയിലുറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ.
അമ്മയുടെ ആശ്വാസ വാക്കുകൾക്ക് മുന്നിൽ പോലും അവൾക്ക് കരച്ചിലടക്കാനായില്ല. വീണ്ടും രണ്ടു മാസമെടുത്തു സ്കൂളിൽ പോകാൻ . കുറച്ചു ദൂരം നടന്നു വേണം ബസ്സിൽ കയറാൻ.
അല്പം ഏന്തി വലിഞ്ഞ് നടന്നിരുന്ന അവളെ “മൊണ്ടി ” എന്ന് ചിലരെങ്കിലും കളിയാക്കി വിളിച്ചത് അവൾ കേട്ടില്ലെന്ന് നടിച്ചു.
പക്ഷേ ആറേഴു മാസത്തിനുള്ളിൽ പല മാറ്റങ്ങളും അവളുടെ വീടിനു ചുറ്റും നടന്നിരുന്നു. റോഡിന് എതിർവശത്തുള്ള വീട്ടിൽ പുതിയ താമസക്കാർ വന്നിരിക്കുന്നു. അമ്മയുടെ സംസാരത്തിൽ നിന്നും അത് പഞ്ചായത്തോഫീസിൽ പുതിയതായി ജോലിക്ക് ചേർന്ന ആളും ഭാര്യയും മകനുമാ ണെന്ന് മനസ്സിലായി.
ഒരു ദിവസം ബെസ്റ്റാൻഡിലേക്ക് നടക്കുമ്പോൾ പുതിയ താമസക്കാരനായ പയ്യൻ.. ( ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്ന ) അമ്മിണി ക്കുട്ടിയോട് പേരെന്താണെന്നു ചോദിച്ചിട്ട്,തന്റെ പേര് വിജയനെന്നാണെന്ന് പറയുകയും ചെയ്തു. പല ദിവസവും അമ്മിണിക്കുട്ടി വിജയനെ കാണുമെങ്കിലും തമ്മിൽ സംസാരിക്കാറൊന്നുമില്ലായിരുന്നു കേട്ടോ.
“പെൺകുട്ടികൾ ഒതുക്കത്തോടെ വളരണം, ആൺകുട്ടികളോടൊന്നും സംസാരിക്കാൻ പാടില്ല..” എന്നൊക്കെയുള്ള അമ്മയുടെയും അമ്മൂമ്മയുടെയും ഉപദേശങ്ങളുടെ നിര മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ടാവും ആൺകുട്ടികളെ കണ്ടാൽ അമ്മിണിക്കുട്ടിക്ക് ഒരു പേടിയൊക്കെ തോന്നുമായിരുന്നു.
ഒരു ദിവസമവൾ വിജയന്റെ വീടിനു മുന്നിലെത്തിയപ്പോൾ..
” അമ്മിണിപ്പെണ്ണേ മണ്ടിപ്പെണ്ണേ.. നിന്നെ കെട്ടാനാരു വരും?? ” എന്ന് അല്പം ഉച്ചത്തിലും ഈണത്തിലും പാടിക്കൊണ്ട് മതിലിന്റെ അടിയിലേക്ക് കുനിയുന്ന വിജയൻ അവൾക്കൊരു കൗതുകമായി. പിന്നെപ്പിന്നെ എല്ലാദിവസവും ആ വിളി കേൾക്കാൻ അവളുടെ മനസ്സ് കൊതിച്ചിരുന്നത് പോലെയായി.
ദിവസങ്ങൾ കടന്നു പോകവേ വിജയൻ കളിയാക്കുന്നതിൽ അമ്മിണിക്കുട്ടിക്ക് ഒരിഷ്ടം. നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി പൊഴിച്ച് കൊണ്ടവൾ നടന്നു നീങ്ങും.
പക്ഷേ ആ ഒറ്റ വരി കളിയാക്കലിൽ എത്രമാത്രം അവൾ സന്തോഷിച്ചിരുന്നുവെന്ന് മനസ്സിലായത്, യാത്രയൊന്നും പറയാതെ ഒരു ദിവസം വിജയന്റെ കുടുംബം താമസം മാറിപ്പോയി എന്ന് അമ്മ പറഞ്ഞപ്പോഴാണ്. നാലഞ്ചു ദിവസമായി ആ ശബ്ദം കേൾക്കാതിരുന്നപ്പോൾ പതിനൊന്ന് വയസ്സുകാരിയുടെ മനസ്സിന്റെയുള്ളിലും നൊമ്പരത്തിന്റെ ഒരു പൂവ് വിരിഞ്ഞിരുന്നു.. അതാവുമല്ലേ പ്രണയ നൊമ്പരപ്പൂവ്..?