കാലത്തിന്റെ കണ്ണാടിയിൽ
തൈക്കൂടം യാക്കോബ്
ഭാവിയെ ദർശിച്ചിട്ടുണ്ടാവാം.
കെട്ടകാലത്തെ
ഭൂമിയുടെ ചിത്രം
കണ്ടിട്ടുണ്ടാവാം.
യാക്കോബിൻ്റെ കണ്ണാടിയിലെ
പ്രതിഫലനത്തിൽ പാടശേഖരങ്ങളുടെ
അപാരതയില്ലായിരുന്നിരിയ്ക്കാം.
കൊടിയ സൂര്യൻ ശപിച്ച
മരുഭൂമിയുടെ വിണ്ട് പൊട്ടിയ
അപാരതമാത്രം
തെളിഞ്ഞ് കത്തിയിരിക്കാം.
കണ്ണാടിയിൽ
ഹരിതാഭമായ ഭൂതവും,
വർത്തമാനവും
ദൃശ്യമായിരുന്നിരിക്കില്ല.
പാളത്തൊപ്പിയും,
ചെളിയിൽ മുക്കിയ
മുട്ടിനിറക്കമുള്ള തോർത്തും,
തോർത്തിനടിയിൽ
തൂങ്ങിയാടുന്ന കൗപീനവുമായി
ഒരേർ കാളകളെ
നുകത്തിനടിയിൽ നിർത്തി
നിലമുഴുന്ന
യാക്കോബിന്റെ ചിത്രവും
ആ കണ്ണാടിയിൽ ദൃശ്യമായില്ല.
മനക്കപ്പടിയിൽ നിന്ന്
നാഴികകളെ പിന്നോട്ടോടിച്ച്
തലയിൽ
ഒരു ചെരുവം പഴങ്കഞ്ഞിയും,
കട്ടത്തൈരും,
കാന്താരി മുളകുകളും,
മീങ്കൂട്ടാനും, ഉപ്പും,
ചെരുവത്തിന് മുകളിൽ
ചക്കപ്പുഴുക്ക് നിറച്ച
ചോറ്റു പാത്രവുമായി
അച്ചാമ്മപ്പെമ്പിള
ചട്ടയും കൈലിയുമുടുത്ത്
യാക്കോബിന്റെ മുന്നിൽ
വരമ്പത്ത് കുത്തിയിരുന്ന്
വിളമ്പുന്ന ദൃശ്യവും
കാലത്തിൻ്റെ കണ്ണാടിയിൽ
തെളിഞ്ഞിട്ടുണ്ടാവില്ല.
പുലർച്ചകളിൽ
പേക്കിനാവുകൾ കണ്ട്
ഞെട്ടിയെണീറ്റ്
കുറ്റിക്കാട്ടു പാടം
കൂവിവിളിച്ചുണർത്തിയ
യാക്കോബ് ദീർഘദർശിയായിരുന്നോ?
വിണ്ട് പൊട്ടിയ പാടശേഖരങ്ങളും,
അകം വരണ്ട തോടും,
തോട്ടരികുകളിലെ
ഉണങ്ങിക്കരിഞ്ഞ കൈതകളും
പേക്കിനാവുകളായി വന്ന്
തൈക്കൂടം യാക്കോബിനെ
ഭയപ്പെടുത്തിയിട്ടുണ്ടാവുമോ?
അല്ലെങ്കിൽ പച്ചപ്പിന്റെ
സമൃദ്ധിയുടെ നാളുകളിൽ,
നിറഞ്ഞൊഴുകുന്ന തോടുകളുടെ
ആഹ്ലാദനാളുകളിൽ,
പച്ചപ്പനന്തത്തകളും,
കൊറ്റികളും താണ് പറന്ന്
കിന്നാരം പറഞ്ഞ നാളുകളിൽ,
നാട്ടിലും, വീട്ടിലും
നിറഞ്ഞ് നിന്ന സമൃദ്ധിയുടെ
നാളുകളിൽ
തൈക്കൂടം യാക്കോബ്
ഒരു നട്ടപ്പാതിരക്ക്
ആരോരുമറിയാതെ
കൊല്ലങ്ങൾക്ക് മുൻപ്
മുറ്റത്തെ പ്ളാവിന്റെ
കൊമ്പിലേക്ക് കയറിപ്പോയതിന്
എന്ത് വിശദീകരണം?

കെ.ആർ.സുരേന്ദ്രൻ

By ivayana