രചന : ഠ ഹരിശങ്കരനശോകൻ✍
എനിക്കറിയാവുന്ന ഒരു കവിയുണ്ട്. അയാൾ എഴുതുന്ന കവിതകൾ എല്ലാം ചെമ്പ് തകിടിൽ കൊത്തി ചെമ്പ് കുടത്തിലാക്കി കുഴിച്ചിടുകയാണ് പതിവ്. നമ്മളൊന്നും ചോദിച്ചാൽ അതൊന്നും വായിക്കാൻ തരില്ല. എവിടെയാ കുഴിച്ചിട്ടതെന്നും പറഞ്ഞ് തരികയില്ല. അയാൾ എഴുതുന്ന കവിതകൾ സ്വാദിഷ്ടമാണെന്നാണ് അനുമാനിക്കപ്പെടുന്നത്. കാരണം അയാൾ എഴുതുമ്പൊൾ അത്രമേൽ കൊതിപ്പിക്കുന്നൊരു ഗന്ധം പരക്കാറുണ്ട്. ചിലനാൾ ഉണക്കമീനിൻ്റെ, ചിലനാൾ ഗന്ധരാജൻ്റെ.
ഒരുനാൾ ഞാൻ അയാൾക്കൊപ്പം ചക്ക ഉപ്പേരി തിന്ന് കൊണ്ട് ഓരൊ ലോകവർത്താനം പറഞ്ഞിരിക്കുകയായിരുന്നു. കാപ്പി കുടിക്കുകയായിരുന്നു. പറഞ്ഞ് പറഞ്ഞ് കാട് കയറിയ ഞങ്ങൾ ഒരു ചുരമിറങ്ങി കവിതയിലെത്തി. കവിതയുടെ പ്രലോഭനം അപ്രതിരോധ്യമായിരുന്നു. അതതീവസുന്ദരമായിരുന്നു. ഒരു വായനക്കാരനെന്ന നിലയ്ക്ക് എനിക്കെൻ്റ കൗതുകം കോണാത്തിലിട്ട് വെക്കാൻ കഴിഞ്ഞതേയില്ല. ഞാൻ ചോദിച്ചു. ചോദിച്ച് കൊണ്ടെയിരുന്നു.
നിങ്ങൾ എഴുതുന്ന കവിതകൾ ഇങ്ങനെ ഒളിപ്പിച്ച് വെക്കുന്നതെന്തിനാണ്. അത് ഞങ്ങൾക്കൊക്കെ വായിക്കാൻ തന്നൂടെ. അതല്ലെ അതിൻ്റെ മര്യാദ. അത് കൊണ്ട് ലോകം അങ്ങ് നന്നായിപ്പോയാലൊ. അത് വായിച്ച് രണ്ട് പേർക്ക് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയാലൊ. ഏഴയായൊരു സാഹിത്യവിദ്യാർത്ഥിയ്ക്ക് ലേഖനമെഴുതുവാനുതകുന്നൊരു വിഷയഹേതുവായാലൊ. അത് വെച്ച് കെട്ടി നടക്കുന്ന അശരണർക്ക് രോഗശാന്തി ഉണ്ടായാലൊ. സൂര്യൻ പടിഞ്ഞാറുദിച്ച് വടക്കസ്തമിച്ചാലൊ. തിരഞ്ഞെടുക്കപ്പെട്ട തിരുമാലികൾക്ക് തിരുവരുളിൻ്റെ തിരളിച്ചയുണ്ടായാലൊ. ഗജകേസരികളുടെ എരണ്ടക്കെട്ട് മാറിയാലൊ. അതുറക്കെ വായിക്കുന്നവർക്ക് നല്ലൊരു കളി കിട്ടിയാലൊ. കളി കിട്ടാത്തവർക്കത് പതുക്കെ വായിക്കുന്നതൊരു ആശ്വാസമായാലൊ. വിശപ്പിനൊരു മറവിയായാലൊ. ഒന്നുമാകാതിരുന്നാലൊ. അലമ്പായാലൊ. ആമ്പലായാലൊ. അങ്ങനെയെത്രയെത്ര സാധ്യതകൾ റദ്ദ് ചെയ്ത് കൊണ്ടാണ് നിങ്ങൾ നിങ്ങളുടെ കവിതകൾ എല്ലാം ചെമ്പ് തകിടിൽ കൊത്തി ചെമ്പ് കുടത്തിലാക്കി കുഴിച്ചിടുന്നത്, നിങ്ങൾ എഴുതുന്ന കവിതകൾ ഇങ്ങനെ ഒളിപ്പിച്ച് വെക്കുന്നതെന്തിനാണ്.
റദ്ദ് എന്ന വാക്ക് കേട്ടപ്പൊൾ തന്നെ കവി വല്ലാതെ ക്ഷോഭം പൂണ്ട് കഴിഞ്ഞിരുന്നു. കണ്ണുകൾ ചുവന്നു. വായിൽ നിന്നും തീനാളങ്ങൾ പുറത്ത് വന്നു. മുടി വലിച്ച് പറിച്ച് കൊണ്ട് ഘോരഘോരമായ് അട്ടഹസിച്ചു. തുടയിലടിച്ചു. ചുണ്ടുകൾ കൊണ്ട് ഓരൊ ഗോഷ്ഠികൾ കാട്ടി. വിരലുകൾ കൊണ്ട് മുദ്രകൾ കാട്ടി. കാലുകൾ പൊക്കിയടിച്ച് താളം തുള്ളി. പിന്നെ പതുക്കെ പതുക്കെ ശാന്തമായി. ശാന്തത ഒരു മയക്കത്തിന് വഴി മാറി.
ആ മയക്കത്തിലൊരു സ്വപ്നം വിടർന്നു. ആ സ്വപ്നത്തിൽ കവിയോടൊപ്പം ഞാനുമുണ്ടായിരുന്നു. ഞങ്ങളൊരു കഴുതവണ്ടിയിൽ കേറി കാലത്തിലൂടെ മുന്നോട് സഞ്ചരിക്കുകയായിരുന്നു. ഞങ്ങളുടെ മരണങ്ങൾ പിന്നിട്ട്, ഞങ്ങൾക്ക് പ്രിയപ്പെട്ടവരുടെയും രാഷ്ട്രങ്ങളുടെയും ശത്രുക്കളുടെയും ആശയങ്ങളുടെയും ഭാവനകളുടെയും മരണങ്ങൾ പിന്നിട്ട്, അങ്ങനെയൊരുപാടൊരുപാട് മരണങ്ങൾ പിന്നിട്ട് ഞങ്ങളൊരു കാലഘട്ടത്തിലെത്തി. യാത്രയുടെ ചഞ്ചലതയടങ്ങി സ്വപ്നം തിടം വെച്ചു.
ആപ്പിളകിയൊരു കുന്താലിയുമായി പണിക്കിറങ്ങിയ കർഷകത്തൊഴിലാളി താൻ പുതുതായി വാങ്ങിച്ച അയ്യത്ത് നാലഞ്ച് മൂട് ചേന നടാനുള്ള തടം വെട്ടി തുടങ്ങി. മാടത്തകളും പുള്ളുകളും കാക്കകളും കുയിലുകളും കോഴികളും അയാൾക്ക് ചുറ്റും പരിലസിച്ചു. പരുന്ത് വട്ടമിട്ടു. ഉച്ച മരിച്ച് വൈകുന്നേരമായപ്പൊഴേക്കും വലിയ വലിയ ഇടിമുഴക്കങ്ങൾ കേട്ട് തുടങ്ങി. മയിലുകൾ മാവിൻ ചോടുകളിൽ നിന്ന് പീലി വിടർത്തിയാടി. കർഷകത്തൊഴിലാളിയുടെ കൂന്താലി ഒരു ചെമ്പ് കുടത്തിൽ ചെന്ന് മുട്ടി. ആപ്പിളകി തെറിച്ചപ്പൊൾ അയാൾ കുനിഞ്ഞിരുന്ന് മാന്തി.
കുഴിച്ചെടുത്ത കവിതകളുമായ് കർഷകത്തൊഴിലാളി തൻ്റെ വീട്ടിലേക്ക് മടങ്ങി. കിണറ്റ് കരയിൽ നിന്ന് കുളിച്ചു. കഞ്ഞി കുടിച്ചു. വിളക്ക് കൊളുത്തി. കുടം തുറന്ന് ചില കവിതകൾ എടുത്ത് വായിക്കാൻ തുടങ്ങി. അക്ഷരങ്ങൾ ഒന്നും തന്നെ അയാൾക്ക് പരിചിതമായിരുന്നില്ല. കർഷകത്തൊഴിലാളിയുടെ കണ്ണുകൾ വിസ്മയം കൊണ്ട് തിളങ്ങി. വിസ്മയം സവിസ്മയം കവിളുകളിലൂടെ ധാര ധാരയായൊഴുകി.
കഴുതവണ്ടിയിലിരിക്കുമ്പോൾ കവി എന്നെ നുള്ളി. ആവർത്തനവിരസമാണീയവസാനം. അയാളുടെ സ്വപ്നത്തിലായിരുന്നത് കൊണ്ട് ഞാനതങ്ങ് സഹിച്ചു./നോക്ക് നോക്കെൻ്റെ തുടയിലെ പാടുകൾ.