നെഞ്ചുടുക്കിലൊരു
വിതുമ്പുന്ന നാദവുമായി
ഉറ്റവരെവിട്ട് പടിയിറങ്ങിപ്പോരുമ്പോഴും
ഉള്ളിനൊരു മോഹമേകിയ
മണൽഭൂമിയ്ക്കിപ്പോൾ
വല്ലാത്ത നിശബ്ദയാണ്.
ചെവിയും മനവും
മണലിലേക്കാഴ്ത്തിക്കൊണ്ടൊന്ന്
ശ്രദ്ധിച്ചുനോക്കൂ..
നിറഞ്ഞ പത്തായത്തിന്റെ
പഴങ്കാലക്കഥകൾമാത്രമുള്ള
മണൽഭൂമിയുടെ
രോദനം കേൾക്കുന്നില്ലേ….
പൊന്ന് വിളയുന്ന മണ്ണിലേക്ക്
വഴിനടന്നുപോയവരുടെയുള്ളിൽ
കുന്ന്പോലെ ഉയർന്നുനിൽക്കുന്നത്
സങ്കടങ്ങളാണെങ്കിലും
മറുകരയിലിരിക്കുന്നവരിപ്പോഴും
മരുഭൂമിയെക്കുറിച്ച്
വല്ലാത്തൊരു ധാരണയിലാണ്.
തീതോൽക്കുന്ന ചൂടിൽ
മണൽകാട്ടിൽ ബന്ധിക്കപ്പെട്ടവരുടെ
വിയർപ്പുതുള്ളികൾക്ക്
രക്തനിറമാണെന്ന് തിരിച്ചറിയുന്നത്
ഉപ്പുകാറ്റേറ്റ് തളർന്ന
മണൽപ്പരപ്പിലെ
സഹപ്രവർത്തകർമാത്രമാണ്.
അകംനീറുന്നവനെ
പൊള്ളിച്ചുതോല്പിക്കാൻ
പുറംചൂടുകാട്ടിയ സൂര്യന്
മരുഭൂമിയിലെ പോരാളികൾക്കുമുമ്പിൽ
കീഴടങ്ങേണ്ടിവന്നതിൽ
വിഷമമുണ്ടാകാം..
കനൽച്ചൂടിലും തീക്കാറ്റിലും
പൊരുതിനിന്നവനെ തോൽപ്പിക്കാൻ
തനിക്ക് കഴിയില്ലെന്ന്
തിരിച്ചറിഞ്ഞതുകൊണ്ടാകാം
സൂര്യനപ്പോൾ
പോരാളികളുടെ ഹൃദയത്തോട്
ലയിച്ചുചേർന്നത്.
പൊന്ന് വിളയുന്ന നാട്ടിൽനിന്ന്
കാലമിപ്പോൾ
മണൽഭൂമിയിലെ പോരാളികളെ
കളിയാക്കിചിരിച്ചുകൊണ്ട്
പിറന്നനാട്ടിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ
പോരാളികൾക്കൊപ്പംകൂടിയ
ചൂടുള്ള സൂര്യൻ
എങ്ങിനെയാണിവിടെ തനിച്ചുനിൽക്കുക.?
തേടിയെത്തിയവരെയെല്ലാം
നെഞ്ചോടുചേർത്തുശീലിച്ച
മരുഭൂമിയിലെ പോരാളികൾക്കെങ്ങനെ
കീഴ്പ്പെടുത്താൻ നോക്കിയിട്ടും
കീഴടങ്ങി, കൂടെനിന്ന സൂര്യനെ
തനിച്ചുനിർത്താനും കഴിയും.?
ഉടഞ്ഞുവീണ സ്വപ്നങ്ങളുമായി
പിറന്നനാട്ടിലെ
പെരുവഴിയിലേക്കിറങ്ങുന്ന
പോരാളികളുടെ നെഞ്ചിനിപ്പോൾ
വന്നതിനേക്കാൾ ചൂട് കൂടുതലാണ്.
താപമാപിനിയിലെ
ഡിഗ്രിക്കണക്കിലിപ്പോഴും
ഉയർന്നുതന്നെയാണ് കാണുന്നതെങ്കിലും
മണലാരണ്യങ്ങളിലെ
അസഹ്യമായ ചൂടിനിപ്പോൾ
പതിവിന് വിപരീതമായി
കാഠിന്യം കുറഞ്ഞിട്ടുണ്ടെന്നത്
അധികമാർക്കും മനസിലാകില്ല.
പഴച്ചാറിന്റെ മധുരംകൊതിച്ചിട്ടും
പനമുള്ളാൽ മുറിവേറ്റ്
മുറിഞ്ഞമനസുമായി തിരിച്ചുപോരുന്ന
പ്രവാസികളെല്ലാം
പിറന്നനാട്ടിലേക്ക്
ഒരുതുണ്ട് സൂര്യനെക്കൂടി
കൊണ്ടുപോകുമ്പോൾ
മരുഭൂമിയിലെ ചൂടെങ്ങനെ
കുറയാതിരിക്കും.?
(പള്ളിയിൽ മണികണ്ഠൻ)