(ഓരോ നാടിനും ഓരോ കഥകളുണ്ട്. നാടിനെ വേറിട്ട് നിർത്തുന്ന അത്ഭുതങ്ങളും കൗതുകങ്ങളും നിറഞ്ഞു നിൽക്കുന്ന പൈതൃകങ്ങൾ! പാമ്പൂരാൻപാറയും അത്തരത്തിൽ ചില അത്ഭുതങ്ങൾ ഉള്ളിലൊളിപ്പിക്കുന്നു!)

പണ്ടു പണ്ടേ പറഞ്ഞു കേട്ട കഥ,
കണ്ടും കേട്ടും കൈമാറുന്ന കഥ!
വീണ്ടുമൊരിക്കലൂടാക്കഥ ചൊല്ലാം,
പണ്ടുള്ളോർ ചൊന്നൊരു നാട്ടുകഥ!

പാമ്പുകൾ ആടിയ നാടായിരുന്നിത്,
പഴമക്കാരെത്ര പറഞ്ഞിരുന്നു!
കാടായിരുന്നൊരു കാലത്തിവിടെ,
കാവലായ് പൂർവ്വികരുണ്ടായിരുന്നു!

കുന്നിൻ മുകളിലെ പാറയിലെന്നും,
കുളിരും തണുപ്പുള്ള നീരുറവിൽ,
പതിവായി ദാഹജലം തേടിയേതോ,
പെരും നാഗമാവഴി വന്നിരുന്നു!

കുംഭ മാസത്തിലുരുകുന്ന ചൂടുള്ള,
കൃഷ്ണപക്ഷത്തിൻ ശിവരാത്രിയിൽ!
കനലെരിയുന്ന പകലിലെത്ര,
കല്ലുകൾ പോലുമുരുകുമത്രേ!

പതിവ് ജലമത് തേടിയാ നാഗം,
പതിയെ ഇഴഞ്ഞന്ന് എത്തീടവേ,
പാറ തിളച്ചു കിടന്നൊരാ നേരത്ത്,
പാമ്പിനുമേറെയായ് പൊള്ളലേറ്റു!

നീരുറവിൽ വെള്ളം വറ്റിയതുമൊപ്പം,
നീങ്ങാനുമാകാതെ ഭീമനാം നാഗം!
പാറമുകളിൽ തലതല്ലി തൻ ജീവൻ,
പാതിവഴിയിൽ കുരുതി നൽകി!

ഉരുകിയ പാറയിൽ പാമ്പിഴഞ്ഞന്ന്,
ഉരുവായൊരു പാമ്പിൻപാടിന്നുണ്ട്!
നാഗ ശിരസിന്റെ രൂപമുള്ളൊരു,
നയന മനോഹര ദൃശ്യമുണ്ട്!

പാമ്പിഴഞ്ഞുണ്ടായ പാടുള്ള പാറക്ക്,
പാമ്പൂരാൻ പാറയെന്നത്രേ പേര്!
പാമ്പാടിയ നാടിന്റെ പൈതൃകമായി,
പറയുവാനിനിയുമതേറെക്കഥകൾ…!

By ivayana