സങ്കടത്തൊഴുത്തിലകപ്പെട്ട
മനസ്സേ
നീയാണെൻ്റെ കണ്ണാടി.
എൻ്റെ മുൻവരി പല്ലോ
കോക്രിയോ കാണാൻ
നിനക്കാണ് വിധിയെന്ന്
ഞാനെഴുതുന്നില്ല.
ആകസ്മിക വേർപ്പാട്
വന്നു കൊഞ്ഞനം
കുത്തുമ്പോൾ
കണ്ണാടി എൻ്റെ ശത്രു.
വെരുംപൊയ്മുഖം
വായിച്ചെടുക്കാൻ
ഉപകരിക്കുമെങ്കിലോ.
മനസ്സ് ആകുലമാകുമ്പോൾ
വ്യാകുലമാണെന്നു
ഒരളവു കണ്ടാൽ
തഴയലുകളിൽ വെന്തുരുകി
ഒന്നു മറിച്ചിടാനുമാകാതെ.
മനസ്സേ നീയൊന്നു കണ്ണാടിയാകൂ.
വെളിച്ചമേ നീയൊരു
നിമിഷം കണ്ണടക്കൂ.
ഇരുട്ടേ നിൻ്റെ മുറി
എനിക്കൊന്നു ശയിക്കാൻ
വെടിപ്പാക്കൂ.
ആത്മാവിനെനെന്തോ
ഒരു പോരായ്മ.
ഒരൽപം സംഗീതം
ശ്രവിച്ചാൽ തീരാത്തത്.
ഇഷ്ട പ്രേയസിയൊരുവളുടെ
സ്വരം കേട്ടില്ലെങ്കിൽ
ഇരിക്കപ്പൊറുതിയില്ലെന്ന
ഭീഷണം.
രണ്ടും ജീവരക്തത്തിൽ.
രോഗക്കിടക്കയിൽ തൂങ്ങും
മരുന്നു ഡ്രിപ്പ് പോലെ.
ആശ്വാസത്തിൻ്റെ
ഗ്ലൂക്കോസു തുള്ളികൾ.
ശരി, ആത്മാവിൻ ശയനമുറിയിൽ
ഒന്നുറങ്ങട്ടെ.
ഉണരുമ്പോൾ
ഏകനായിരിക്കില്ല,
ഏകാന്ത ശയനത്തിന്
ഒട്ടേറെപ്പേരുണ്ടാകാം.
കണ്ടു മറന്നവർ
പുതുതായെത്തുന്നവന്
വരവേൽപ്പേകാം.
എല്ലാ വിശേഷങ്ങളും
തിരക്കിയെന്നിരിക്കാം.
വാക്കൊന്നേ
അവരോടുള്ളൂ.
ഭൂമിയിൽ അവരെല്ലാം
സസുഖം കഴിയുന്നു.

By ivayana