രചന : കുട്ടി; മണ്ണാർക്കാട് ✍
ഞങ്ങൾ അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം.
. എട്ടാം ക്ലാസിൽ എത്തിയതിനു ശേഷമാണ് തറവാട്ട് വീടിന്റെ ചുറ്റു മതിലിന് പുറത്തേക്ക് പോകുവാനുള്ള അനുമതി തന്നെ കിട്ടുന്നത്.
(ഇതെഴുതുമ്പോൾ എന്റെ പേരക്കുട്ടികൾ ചിരിക്കുന്നുണ്ട് ട്ടോ!)
ഈ “ഞങ്ങൾ”ആരാണെന്നറിയണ്ടേ?
ഞാനും എന്റെ തന്നെ സമപ്രായക്കാരനായ എളാപ്പയും.ഞാൻ മാത്രമാണ് അവനെ ഇക്കാക്ക എന്ന് വിളിച്ചിരുന്നത്.വീട്ടിലുളള മറ്റു കുട്ടികളെല്ലാം സ്നേഹത്തോടെ “കുഞ്ഞെളാപ്പ” എന്നാണ് അവനെ വിളിച്ചിരുന്നത്.
സമപ്രായക്കാരൻ എന്ന് പൊതുവെ പറയാമെങ്കിലും എന്നേക്കാൾ ആറു മാസം മുൻപേ ജനിച്ചവനായിരുന്നു ഇക്കാക്ക.
എന്റെ ഉപ്പമാരുടെ — രണ്ട് മൂത്താപ്പമാർ,ഒരു എളാപ്പ,പിന്നെ ഉപ്പയും– ഉമ്മ മരണപ്പെട്ട ശേഷം വല്ലിപ്പ രണ്ടാം വിവാഹം കഴിച്ചതിൽ പിറന്നതാണ് “കുഞ്ഞെളാപ്പയും,കുഞ്ഞമ്മായിയും”.അത് കൊണ്ടാണ് ഇക്കാക്ക എന്റെ സമ പ്രായക്കാരനായത്,കുഞ്ഞമ്മായിയാവട്ടെ എന്റെ അനിയത്തിമാരുടെ പ്രായം പോലുമില്ലാത്ത ശരിക്കും കുഞ്ഞായ അമ്മായിയും.
വല്ലിപ്പയുടേയും,ഉപ്പയുടേയും കർശന അച്ചടക്ക സംവിധാന കോട്ടക്കകത്തായിരുന്നു ബാല്യം.
എന്തിനേറെപ്പറയുന്നു നാലാം ക്ലാസുൾപ്പെടെ വീട്ടിൽ തന്നെ ഒരദ്ധ്യാപകൻ — പട്ടാമ്പി മാഷ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബഹുമാന്യ ഗുരുനാഥൻ– ഞങ്ങളുടെ തറവാട്ടിൽ സ്ഥിരമായി താമസിച്ചാണ് പഠിപ്പിച്ചിരുന്നത്.
ഞങ്ങളുടെ ഈ “ഞങ്ങളിൽ”ആപ്പാന്റെ മകൾ കുഞ്ഞിമ്മുവും ഉൾപ്പെടും.
പഠനവും, ഓത്തും,നമസ്ക്കാരങ്ങളും,കളിയും,കുളിയും,ഭക്ഷണവും, ഉറക്കവും, പള്ളിയിൽ പോക്കുമെല്ലാം,മൊത്തം ജീവിതം മുഴുക്കെത്തന്നേയും ഇദ്ദേഹത്തിന്റെ ഒപ്പരം തന്നെയായിരുന്നു.
അത് പറയപ്പെടാനുള്ള മറ്റൊരു കഥയാണ്.
ഒൻപതാം ക്ലാസ് പഠനകാലത്ത് സ്ക്കൂൾ അവധിയായ ഒരു ശനിയാഴ്ച ഞാനും ഇക്കാക്കയും കൂടി വീട്ടിൽ നിന്നിറങ്ങി വെറുതെ അച്ചാലും പിച്ചാലും നടന്നു.
അക്കാലത്ത് വല്ലിപ്പയുടെ ഉടപ്പിറപ്പുകളായവരുടെ ഏകദേശം പത്തോളം വീടുകൾ ഞങ്ങളുടെ നാട്ടിലുണ്ട്.
രക്ഷിതാക്കളുടെ കൂട്ടില്ലാതെ ആ വീടുകളിലൊന്നും ഒരിക്കലും പോയിട്ടില്ല. അങ്ങിനെയൊരു നടപ്പുമില്ല.
ശനിയാഴ്ച സ്വാതന്ത്ര്യത്തിൽ ഞങ്ങളിരുവരും വീടിന്റെ പടിഞ്ഞാറു വശത്തേക്ക് നടന്നു. നടന്നു നടന്നു കാട്ടിലത്താണിയിലെത്തി.(ഇന്നത്തെ കോടതിപ്പടി) ഒരു കഥയുമില്ലാത്ത നടത്തമാണ് ട്ടോ! അവിടെ എത്തിയപ്പോൾ ഇടത്തോട്ട് മാറിപ്പോകുന്ന റോഡിലേക്ക് കേറിയായി നടത്തം.–അന്നത്തെ വള്ളുവമ്പുഴ റോഡ്– ഗതാഗതയോഗ്യമായ പൂർണ്ണാർത്ഥത്തിലുള്ള ഒരു പാതയായിരുന്നില്ല അത്– .
കാട്ടു കോഴിക്കെന്ത് ചങ്കരാന്തി?
ഞങ്ങൾ നടത്തം തുടർന്നു.
ഇടയ്ക്കൊരു ചെറിയ ചാറ്റൽ മഴയും കൂടിയായപ്പോൾ കേമായി.മരത്തണലുകൾ പറ്റി നനഞ്ഞും നനയാതേയും ഞങ്ങൾ നടക്കുക തന്നെയാണ്.
കുറച്ചു കൂടി നടന്നപ്പോൾ ഇടത് കയ്യിന്റെ ഭാഗത്ത് ഒരു വലിയ വീട് കണ്ടു. ഞങ്ങളുടെ വീട്ടിലെ എന്നത്തേയും “വില്ലനാ”യിരുന്ന ഇക്കാക്ക പറഞ്ഞു.
“ഇത് അസൈനാരാപ്പപ്പയുടെ പെരയാണ്,നമുക്കൊന്ന് കേറ്യേലോ”? അവനതൊക്കെ എങ്ങിനെയാണറിഞ്ഞുവെച്ചിരുന്നത് എന്ന് എനിക്കിന്നുമറിയില്ല.
എനിക്ക് വല്ലാതെ പേടി തോന്നി, ശീലമില്ലാത്ത കാര്യങ്ങളല്ലേ.”വേണ്ട നമ്മക്ക് മടങ്ങാം” എന്ന എന്റെ വാക്കുകളെ അവൻ കേട്ടതേയില്ല.
അവൻ അങ്ങോട്ട് തന്നെ നടന്നു. അവന്റെ പിറകേ പോകുവാനേ എനിക്ക് കഴിഞ്ഞുള്ളൂ.
അല്പം ഉൾഭയത്തോടെയാണെങ്കിലും നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി ഞങ്ങൾ അവിടേയ്ക്ക് കയറി.
” MANGO GARDENS” എന്ന വീട്ടു പേര് ഉമ്മറത്ത് ഇംഗ്ലീഷിൽ തന്നെ എഴുതി വെച്ചിരുന്നു. അതിനനുസൃതമായ രീതിയിൽ ചുറ്റിലും മാവുകൾ പന്തലിച്ചു നിന്നിരുന്നു.
ഞങ്ങൾ കോലായിയിൽ കയറിയപ്പോൾ അകത്തളത്തിലിരുന്ന അസൈനാരാപ്പാപ്പ ഞങ്ങളെ കണ്ടു.
ഇന്നത്തെപ്പോലെ കൃത്രിമ ആചാര സ്വാഗത വാക്കുകളൊന്നും അക്കാലത്ത് ശീലമായിട്ടില്ല.
ആപ്പാപ്പ ഞങ്ങളെ അകത്തേക്ക് വിളിച്ചു.
“എവിടുന്നാടാ കുട്ട്യേളേ ഈ മഴയത്ത് “?
അകത്തേക്ക് തിരിഞ്ഞ് ആപ്പാപ്പ വിളിച്ചു പറഞ്ഞു.
“കയിജാ ആരാ വന്ന്ക്ക്ണേന്ന് നോക്ക്യേ,ഇക്കാക്കാന്റെ കുട്ട്യേളാണ്.അവറ്റ മഴ നനഞ്ഞാ വന്ന്ക്ക്ണേ.നീ ആ തോർത്തും ഇങ്ങ്ട്ട് എടുത്തോ “
നൊടിയിടയ്ക്കുള്ളിൽ ഖദീജക്കുട്ടി എളേമ തോർത്തുമായി പൂമുഖത്തേക്ക് വന്നു.
അവിടെ വെച്ച് തന്നെ ഞങ്ങളുടെ തലയൊക്കെ അവർ തോർത്തിത്തന്നു.
“ആകെ നനഞ്ഞോലോ കുട്ട്യേളേ,അകത്തേക്ക് വരീൻ”
ഞങ്ങളെ അവർ ഇമ്പപ്പൂ പിരിശത്തോടെ അകത്തേക്ക് കൂട്ടി.
ഞങ്ങൾ ആ വീട്ടിൽ ആദ്യമായി പോവുകയാണ്.
ആ വലിയ വീടിന്റെ ചന്തക്കേമത്തിൽ പകച്ച് നിൽക്കുകയാണ് ഞങ്ങൾ.
വല്ലിപ്പാന്റെ ഏറ്റവും ചെറിയ അനിയന്റെ വീടായിരുന്നു അത്.അത് കൊണ്ട് തന്നെ അക്കാലത്തെ പുതുമയുള്ള വീടും,വീട്ടു പേരും.
“ഇക്കാക്കാക്കും,ഇത്താത്താക്കും,മയമോപ്പാക്കും( എന്റെ ഉപ്പ) ഒക്കെ അറ്വോ,ങ്ങൾ ഇവിടേയ്ക്ക് വന്നത്”? ആപ്പാപ്പ ആ ഒരു ചോദ്യമേ ചോദിച്ചുള്ളൂ.ഞങ്ങൾ മറുപടിയൊന്നും പറഞ്ഞതുമില്ല.
അതിനിടയിൽ എളേമ ഞങ്ങൾക്ക് ചായയും കടികളുമെടുത്ത് കഴിക്കാൻ വിളിച്ചു.
“മാംഗോ ഗാർഡൻസി”ന്റെ അടുക്കളയോട് ചേർന്ന കിഴക്കേ കോലായയിലെ മര മേശക്ക് മുന്നിലിരുന്ന് ഞങ്ങൾ ചായ പലഹാരങ്ങൾ കഴിച്ചു.
ജീവിതത്തിലാദ്യമായാണ് തക്കാളി കേയ്ക്ക് കാണുന്നതും കഴിക്കുന്നതും.
അത് കൊണ്ട് തന്നെ വല്യ പത്രാസൊന്നും കാണിക്കാതെ കുറേ കേയ്ക്കുകളും,ബിസ്ക്കറ്റും,മറ്റെന്തെല്ലാമോക്കെയും വാരി വലിച്ച് സാപ്പിട്ടു.
ഞങ്ങൾക്ക് പുതിയ പലഹാരങ്ങൾ കഴിച്ചതിലുള്ള സന്തോഷവും,അവർക്ക് ജേഷ്ഠ മക്കളെ സൽക്കരിച്ചതിലുള്ള ചാരിതാർഥ്യവും.
അപ്പോഴേക്കും മഴ മാറിത്തുടങ്ങിയിരുന്നു.
ഞങ്ങൾ മടങ്ങാൻ തുടങ്ങിയപ്പോൾ ആപ്പാപ്പ പറഞ്ഞു ” നോക്കിപ്പോണം, നേരേ പെരേല്ക്ക് തന്നെ പോണം ട്ടോ”
എളേമ ഞങ്ങളെ പുറത്തും തലേലും തലോടി യാത്രയാക്കി.
ജീവിത യാത്രയിൽ എവിടെ നിന്നൊക്കെയോ,എപ്പോഴൊക്കെയോ പലതരം കേയ്ക്കുകൾ കഴിച്ചിട്ടുണ്ടെങ്കിലും അന്നത്തെ ആ “തക്കാളി” കേയ്ക്കിന്റെ രുചി ഇന്നും മധുരാനുഭൂതിയായി നാവിലുണ്ട്.
പിൻ കുറിപ്പ്:- പെരുന്നാൾ ദിനത്തിൽ പൂർവ്വ മാതാ പിതാക്കളുടെ ഖബർസ്ഥാൻ സന്ദർശിച്ചപ്പോളുണ്ടായ ഒരു മിന്നലോർമ്മക്കുറിപ്പാണിത്.
അസൈനാരാപ്പയും,ഖദീജക്കുട്ടി എളേമയും,ഇക്കാക്കയും കാല യവനികക്കുള്ളിൽ മറഞ്ഞിട്ട് വർഷങ്ങളേറെയായി.
കഥ പറയാൻ ഞാൻ ബാക്കി……..