ചിരിയതു പലതുണ്ടുലകിൽ
ചിരിച്ചു പറഞ്ഞിട്ടുണ്ടതു പലരും.
ചിരിയതു പോയാലതു ഞാനും പറയും.
പുഞ്ചിരിയൊന്നു തഞ്ചത്തിൽ
ചെഞ്ചുണ്ടിലുണ്ടാകിൽ
മൊഞ്ചത്തിമാർക്കുലകിലേതു
മഞ്ചത്തിലും ഇടം കിടച്ചെന്നിരിക്കാം.
പുരുഷകേസരിമാർക്കു
ചിരിയുള്ളിലൊതുക്കിയും
കാമിനിമാർക്കിടം നെഞ്ചിൽ പ്രണയതാളം പിടിക്കാം.
സ്നേഹച്ചിരിയാണതു നൈർമല്യം,
പെറ്റമ്മയെപ്പോലെ ചേർന്നങ്ങു നിൽക്കാം.
ചിരി വരില്ലയിനി വന്നാലുമച്ഛൻ
കരുതിക്കൂട്ടിയും ചിരിക്കാതിരിക്കാം
കാലത്തിനൊത്തൊരു കരുതലായിരിക്കാം.
കൊലച്ചിരിയേക്കാളധികം
ചതിച്ചിരിയാണപകടം,
പകയുള്ളിലൊതിക്കിയാൽ
ചിരിയും കൊടുംവിഷമായി മാറാം.
കാര്യം നേടാനൊരു ചിരി,
നേടിക്കഴിഞ്ഞാലതേ ചിരിയും മാറും.
ചിരിയെക്കുറിച്ചു പറഞ്ഞാൽ
മരണം വരെപ്പറയാകിലും
ശവക്കച്ച പുതച്ചവന്റെ ചിരി കൂടി പറയാം.
ചിരിച്ച മുഖമോടെയുള്ള മരണം,
മഹോന്നതമെന്നതു മാനുജവിജാരം
മറ്റൊരുലകിലേക്കത്രെയതാനന്ദ കവാടം!

By ivayana