ഇന്നലെ രാവിലെ 8 മണിക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് എത്തിയപ്പോ റോഡപകടങ്ങളിൽ മരണപ്പെട്ട നാല് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള തത്രപ്പാടിലാണ് എന്റെ സഹപ്രവർത്തകർ.
നാല് പേരും അവധി ആഘോഷിക്കാൻ എത്തിയവരാണ്. മറ്റ് ജില്ലയിൽ നിന്നുള്ളവരാണ്. വയനാടിന്റെ പ്രകൃതി ഭംഗിയും കാഴ്ചകളും കാണാൻ വന്നവരാണ്.


എന്റെ പ്രിയപ്പെട്ടവരേ..
വയനാട് എന്നത് യാത്രാ സൗകര്യത്തിലും ചികിത്സാ സൗകര്യത്തിലും മുന്നേറ്റം ആഗ്രഹിക്കുന്ന, അതിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു മലയോര പിന്നോക്ക ജില്ലയാണ്. ഇവിടെയുള്ള എട്ടര ലക്ഷം ജനങ്ങൾക്കുള്ള സൗകര്യങ്ങൾ മാത്രമാണ് ഇപ്പോഴും ഉള്ളത്. അത് തന്നെ അപര്യാപ്തവുമാണ്.
ഇത് അവധിക്കാലമാണ്, റമദാനും പെരുന്നാളും വിഷുവും ഈസ്റ്ററും കഴിഞ്ഞ് ആഘോഷങ്ങൾ പൊലിപ്പിക്കാനുള്ള തിടുക്കത്തിലാണ് നമ്മൾ. ചൂടല്ലേ, എവിടേക്ക് പോകും എന്ന് ആലോചിക്കുമ്പോ, ഒരുപക്ഷേ ആദ്യം മനസ്സിലേക്ക് വരിക ഇടുക്കിയും വയനാടും പോലെയുള്ള മലയോര പ്രദേശങ്ങളാവും. അത്രേം മനുഷ്യരെ ഉൾക്കൊള്ളാനോ അവർക്കുള്ള യാത്രാ സൗകര്യങ്ങളോ തിരക്കില്ലാത്ത റോഡോ ഇവിടെയൊന്നും ഇല്ലാ എന്നതാണ് സത്യം.


ആളുകളുടെ എണ്ണം കൂടുകയാണ്, ആളോഹരി വാഹനങ്ങളുടെ എണ്ണവും കൂടുകയാണ്. എന്നാൽ അതിന് അനുസരിച്ചുള്ള റോഡുകൾ എന്നത് ജനസാന്ദ്രതയേറിയ ഒരു സമൂഹം എന്ന നിലയിൽ നമുക്ക് അപ്രാപ്യവുമാണ്.
നിറയെ വളവും തിരിവുമുള്ള മലയോര റോഡുകൾ ഡ്രൈവ് ചെയ്യുമ്പോൾ ശരിക്കും ശ്രദ്ധിക്കണം. ചെറിയ മഞ്ഞോ മഴയോ ഉണ്ടായാൽ അപ്പുറത്ത് നിന്ന് വരുന്ന വാഹനം നിങ്ങളുടെ ദൃഷ്ടിയിൽ പതിയണം എന്നില്ല. ശ്രദ്ധിച്ച് ഉത്തരവാദിത്വത്തോടെ വാഹനത്തെ നിയന്ത്രിക്കുക എന്നത് തന്നെയാകണം മുൻഗണന.
അവധി ദിനങ്ങളിൽ കാഴ്ച്ച കാണാൻ ഇറങ്ങുന്ന പതിവ് നമുക്ക് മാറ്റിപ്പിടിക്കുന്നതാവും നല്ലത്. ഒന്നോ രണ്ടോ ദിവസം സ്‌കൂളുകൾ അവധി എടുത്ത്, വീക്കെൻഡ് അല്ലാത്ത ദിവസങ്ങളിൽ വയനാട് കാണാൻ വന്നാൽ, തിരക്കില്ലാത്ത, ഭംഗിയുള്ള കാഴ്ചകൾ കാണാം, ഇഷ്ടപ്പെട്ട സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാം, അതോടൊപ്പം വളവും തിരിവുമുള്ള റോഡുകളിൽ നല്ല ഒരു ഡ്രൈവും നടത്താം.


അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്, പൊതുഗതാഗതത്തെ ഇത്തരം യാത്രകൾക്ക് ഉപയോഗിക്കുക എന്നത്. ആനവണ്ടിയിൽ കുണുങ്ങികുണുങ്ങി ചുരം കയറുന്നത് മനോഹരവും വ്യത്യസ്തവുമായ ഒരു യാത്രാനുഭൂതി നൽകും. തിരക്കുള്ള ദിവസങ്ങളിൽ റോഡിലെ വണ്ടികളുടെ എണ്ണം കുറയാനും അതുവഴി ബ്ലോക്ക് ഇല്ലാതെ, ഇവിടെ ജീവിക്കുന്ന മനുഷ്യർക്ക് അവരുടെ ദൈനംദിന കാര്യങ്ങൾ മുടക്കമില്ലാതെ ചെയ്യാനും കഴിയും.
പക്ഷേ പൊതുഗതാഗതം എങ്ങനെ ഉപയോഗിക്കണം എന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നത് സങ്കടകരമാണ്. സ്വകാര്യ വാഹനങ്ങളെ പോലെ, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ പോലും നോക്കാതെ തന്നിഷ്ടം കാണിക്കുന്നവർ, ബസിൽ നിൽക്കുന്ന വഴിയിലും സീറ്റിന് കുറുകെയും വലിയ ബാഗ് വച്ച് മറ്റ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നവർ, ദീർഘദൂര യാത്രക്ക് ബസ് തിരഞ്ഞെടുക്കുമ്പോ ലെയ്സും പഫ്സും കോളകളും മക്കളെ തീറ്റിക്കുന്നവർ, അവര് ഛർദ്ദിക്കുന്ന ഓരോ കവറും റോഡരികിലേക്ക് നീട്ടി എറിയുന്നവർ..


ജീവിതം ആഘോഷം മാത്രമല്ല.
നമ്മുടെ ജീവനും ചുറ്റിലും ഉള്ളവരുടെ ജീവനും നമ്മുടെ ബാധ്യതയാണ്. നാടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഒരു പൗരൻ എന്ന നിലയിൽ ഓരോരുത്തരുടെയും കടമയാണ്.
ജീവന്റെ വില കോടികളാണ് എന്നത് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലാണ്,
ഓരോ ജീവനും വിലയുണ്ട്,
ജീവന് തന്നെ ആണ് വില..
സന്തോഷിച്ച്,ചിരിച്ച്,ആസ്വദിച്ച് യാത്ര ചെയ്ത്,
അവസാനം കണ്ണീരിൽ കുതിർന്ന യാത്രാ മൊഴിയാവാതിരിക്കട്ടെ ഓരോ വിനോദ യാത്രകളും..
❤️

ഷബ്‌ന ഷംസു

By ivayana