രചന : സാജു ജോർജ്ജ് കൊല്ലം.✍
മംഗളങ്ങൾ…..
മാമലമുകളിൽ മദമോടെ
മലവാണിരുന്ന മസ്തകക്കൂട്ടമേ….
കമ്പമാണെന്നും നിൻ
കറുത്ത ചന്തം കാൺകെ..
കാടിനെ പ്രണയിക്കും
കറുത്ത മനുജൻ ഞാൻ..
കരുണയുടെ അവസാന കണിക
വറ്റും മുൻപൊന്നു സ്വകാര്യമായി
ഒറ്റു വർത്തമാനമൊന്നുനിൻ
മുറം പോലെ പരന്ന കാതിൽ
മുറ വിട്ടു പകരേണം…
കാതൊരു പക്കം ചായ്ക്കെൻ്റെ
ഒറ്റു വർത്തമാനത്തിന് കാതോർക്കുക….
അഭിനയമാണ്….
അടിമയാക്കി നിൻ
അസ്ഥിത്വങ്ങളെ ഇല്ലായ്മ ചെയ്യും
സ്വാർത്ഥതയാണീ കാട്ടിക്കൂട്ടും
കമ്പവും, ആറാട്ടുമെല്ലാം…
ചതിയാണ്..ചങ്ങാത്തമല്ല…
കാട്ടിലും മേട്ടിലും ഇഷ്ടപ്പച്ചയെല്ലാം
ആവോളം രുചിച്ചും ചോല നീര്
കുംഭ നിറയെക്കുടിച്ചും മദിച്ചും,
കൂട്ടമായി രസിച്ചും ആറാടിയ നിന്നെ
ചതിയിൽ വാരിക്കുഴി ചമച്ച്
ചങ്ങലയിൽ പൂട്ടി, കൂട്ടിലടച്ചും
പിന്നിൽ നിന്നും കുത്തി നോവിച്ച്,
പിന്നെ അറിയാത്ത മൊഴികളിൽ
ചട്ടം പഠിപ്പിച്ചു,അടിമയാക്കി…
ആരാധാനയെല്ലാം അഭിനയമാണെന്നു
അറിഞ്ഞിരിക്കും നീയിപ്പോൾ…
ആലവട്ടവും വെഞ്ചാമരവും
ആടയാഭരണവും മുത്തുക്കുടകളും നിനക്കല്ല…
നിൻ മസ്ഥകത്തിലിരിക്കും
ആരാധനാമൂർത്തിക്കെന്നു
തിരിച്ചറിയുക …അടിമ നീ …
പനമ്പട്ടയും, തെങ്ങോലയും
കിണറ്റിലെ തൊട്ടിയാൽ പകരും
ദാഹനീരും കുടിച്ചെത്രനാൾ
ഇനിയുമീ ജന്മം കഴിയും നീ….
ഒറ്റുകാരൻ ഞാൻ…
എന്നെ കുരിശിലേറ്റും
എൻ സഹ ജീവികൾ…
എങ്കിലും….
അസ്തിത്വം തേടും ഞാനും
സോദര സ്നേഹത്തോടൊരു
ഉപദേശവർത്തമാനം
പകരാം കാതോർക്കുക നീ….
ചട്ടങ്ങൾ ഭേദിച്ച് അസ്തിത്വം തേടി
നിൻ കനക രാജ്യം തേടി മടങ്ങുക….
താഴേക്ക്, മലയുടെ താഴേക്ക്
ഇറങ്ങരുതൊരിക്കലും….
ഉത്ഭവസ്ഥാനത്ത് തമ്പടിച്ചു വാഴുക…
ഗജരാജൻ നീ…അടിമയല്ല…
ഇഷ്ടപ്പച്ചകൾ അവിടെയുണ്ടതികം..
കാട്ടുപയറും തേക്കിൻതോലും
കാട്ടാറും, ചോലയും,ഉറവയുമെല്ലാം….
കപടമാണീ മനുഷ്യജീവികൾ….
പ്രതികാരമില്ലയോ…നിൻ ബുദ്ധിയിൽ…
ഒരു നാളവൻ നിന്നെയും തേടി
നിൻ്റെ വിളനിലഭൂമികയിൽ വരും..
ഇരുകാലി ജീവിക്ക് നീയും
തീർക്കുക വാരിക്കുഴികൾ..
കൂട്ടിലടച്ചു നിൻ കാട്ടിലെ ചട്ടം പഠിപ്പിക്കുക..
കാട്ടിലെ തേരുൽസവത്തിന്
ചമയങ്ങൾ ചൂടിച്ച്
പനവെട്ടിച്ചൂടിൽ മുൾ മുനയിൽ നിർത്തി
ഒച്ചത്തിൻ ഉച്ചസ്ഥായിയിൽ
കർണ്ണ പുടങ്ങൾ തകർക്കുക …
നിൻ തുമ്പിയെത്താത്ത ശാഖയിൽ
അവനെ തോട്ടിയാക്കി യൊടിക്കുക
പച്ചിലച്ചാർത്തുകൾ….
ആഴക്കുഴികളിൽ ജലശേഖരത്തിന്
കെട്ടിയിറക്കുക തൊട്ടി പോലെ..
അടിമതൻ വേദന അവനറിയട്ടെ…
കാട്ടു വള്ളിയാൽ കൂട്ടിൽ കെട്ടുക..
അസ്വസ്ഥയോടൊരു കൊട്ടിലിൽ
കഴിയട്ടെ ജന്മങ്ങൾ പലതും…….
ഓട്ടുകാരൻ ഞാൻ….
എങ്കിലും എൻ്റെ വാക്കുകൾ
കേൾക്കുക
സവിനയം നീയെൻ തോഴനെ…
ഭ്രാന്ത് പിടിച്ചൊരു നാളവനും
മദപ്പാടോടെ ചുറ്റിത്തിരിയുമിവിടെ….
അതിനു മുൻപെങ്കിലും
നിൻ്റെ ഈറ്റില്ലം തേടി മടങ്ങുക….
ഒറ്റുകാരൻ ഞാൻ നിൻ്റെ കൂട്ടുകാരൻ…