രചന : പ്രദീപ് കുമാരപിള്ള✍
(അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടൊരു നടി)
പത്തുവർഷം രംഗത്തുണ്ടായിരുന്നിട്ടും,
ഒരു ചിത്രത്തിൽ സാക്ഷാൽ പ്രേംനസീറിൻ്റെ ഭാര്യയായി അഭിനയിച്ചിട്ടും, അധികം അറിയപ്പെടാതെ പോയൊരു നടിയാണ് ട്രീസ.
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ്
തൃശൂർ സ്വദേശിനിയായ ട്രീസ കലാരംഗത്തെത്തുന്നത്.
നാടകരംഗത്ത് ആറേഴുവർഷം അവരുണ്ടായിരുന്നു.
നാട്ടിലെ ഒരു അമച്വർ ട്രൂപ്പിൻ്റെ രാജമല്ലി എന്ന നാടകത്തിലാണാദ്യം അഭിനയിക്കുന്നത്.
PJ ആൻ്റണിയുടെ PJ തിയേറ്റേഴ്സിൽ കുറച്ചുകാലം സ്ഥിരംനടിയായിരുന്നു.
ഈ ട്രൂപ്പിൻ്റെ മൂഷികസ്ത്രീ തുടങ്ങി
പതിനഞ്ചോളം നാടകങ്ങളിലായി
ഇരുന്നൂറിലധികം സ്റ്റേജുകളിൽ ട്രീസ അഭിനയിച്ചിട്ടുണ്ട്.
ആറേഴുവർഷം നാടകത്തിലഭിനയിച്ച് നേടിയ പരിചയവുമായി ട്രീസ സിനിമയിലെത്തുന്നത് 1969 ലാണ്.
ട്രീസയുടെ ഒരു സഹോദരൻ മദ്രാസിൽ
workshop ജീവനക്കാരനായിരുന്നു.
ചേട്ടനോടൊപ്പം താമസിച്ചുകൊണ്ടാണവർ സിനിമയിൽ ഭാഗ്യപരീക്ഷണത്തിന്
ഒരുങ്ങിയത്.
ആൽമരം,കാട്ടുകുരങ്ങ്,നാഴികക്കല്ല്
ഭീകരനിമിഷങ്ങൾ,മൂന്നുപൂക്കൾ,
ബ്രഹ്മചാരി
തുടങ്ങിയവയാണ് ട്രീസയുടെ
ആദ്യകാല ചിത്രങ്ങൾ.
ഇവയിലൊക്കെ വളരെ ചെറിയ വേഷങ്ങളാണ് അവർക്ക് ലഭിച്ചത്.
പലതിലും ഒരു ക്ലോസപ്പ്ഷോട്ടു പോലും ഉണ്ടായിരുന്നില്ല.
മനസ്സ്,അങ്കത്തട്ട്,ചക്രവാകം,ലൗമാര്യേജ്, മധുരപ്പതിനേഴ്,നടീനടന്മാരെ ആവശ്യമുണ്ട്,കല്യാണപ്പന്തൽ,
ചീഫ്ഗസ്റ്റ്,സ്വർണ്ണമത്സ്യം,ലൗലെറ്റർ,
പുലിവാല്,മക്കൾ,
ഹലോ ഡാർലിങ്, അക്കല്ദാമ,
ഭൂമീദേവി പുഷ്പിണിയായി, തീക്കനൽ,അയൽക്കാരി,അഭിനന്ദനം, തുലാവർഷം,തെമ്മാടിവേലപ്പൻ,
പൂജയ്ക്കെടുക്കാത്തപൂക്കൾ,അഭിനന്ദനം, അംഗീകാരം,കന്യാദാനം,
അവളൊരു ദേവാലയം, മനസ്സൊരുമയിൽ,
സുജാത,ആശിർവാദം,ആദ്യപാഠം,സംഗമം,
ഗാന്ധർവ്വം,അനുമോദനം,അഹല്യ,
സൊസൈറ്റി ലേഡി
തുടങ്ങിയവയൊക്കെ
ട്രീസ വേഷമിട്ട ചിത്രങ്ങളാണ്.
1974 ൽ AB രാജ് സംവിധാനംചെയ്ത
ഹണിമൂൺ എന്ന ചിത്രത്തിൽ പ്രേംനസീർ ഇരട്ടവേഷത്തിലായിരുന്നു.
അതിൽ ഇൻസ്പെക്ടറായ നസീറിൻ്റെ
(SP ശേഖർ) ഭാര്യ കമലമ്മയായി വേഷമിട്ടത് ട്രീസയായിരുന്നു.
കാവിലമ്മയിൽ ഷീലയ്ക്കൊപ്പം
ഒരു ജൂനിയർ ഡോക്ടറായി വന്നതും,
ഊഞ്ഞാലിൽ റാണിചന്ദ്രയുടെ
കൂട്ടുകാരി നീലിയായി വേഷമിട്ടതും,
അഭിനന്ദനത്തിൽ പപ്പുവിൻ്റെ ഭാര്യ
നബീസയായി അഭിനയിച്ചതും കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്.
ട്രീസയുടെ പേരുള്ളതായിക്കാണുന്ന അവസാനത്തെ ചിത്രം 1979 ലെ
കല്ല് കാർത്ത്യാനി ആണ്.
ഈ ചിത്രം സംവിധാനംചെയ്ത
PK ജോസഫിൻ്റെ ജീവിതസഖിയായിത്തീർന്നു
പിന്നീട് ഈ നടി.
ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്കിപ്പോൾ
75 വയസ്സെങ്കിലും ഉണ്ടാകും.
[PK ജോസഫ് 2008 മാർച്ച് 9 ന് ചെന്നൈയിൽ അന്തരിച്ചു.]
അമ്പതിലധികം ചിത്രങ്ങളിൽ സാന്നിധ്യമായെങ്കിലും അറിയപ്പെടുന്നൊരു നടിയാകാൻ അവർക്ക് സാധിച്ചില്ല.
ഇത്തരത്തിൽ അറിയപ്പെടാതെ പോയവരും
ഒരിടത്തും അടയാളപ്പെട്ടിട്ടില്ലാത്തവരുമായ എത്രയോപേർ നമ്മുടെ സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഇപ്പോഴുമുണ്ട്.