തോക്ക് തുളച്ച കൂരയ്ക്ക്
മേൽ പെയ്തുതോർന്ന നോമ്പ്കാലങ്ങൾക്കപ്പുറം ,
അകലെ ആകാശക്കീറിൽ നിലാവൊരു
ചുവന്ന പൊട്ടു തൊടീക്കും.
തുളയിലൂടെ പൊന്നമ്പിളി
തിളയ്ക്കുമ്പോൾ പകലുമിരവും
പട്ടിണി കിടക്കാൻ വിധിക്കപ്പെട്ട
മുഖങ്ങൾ കണ്ണ് തുളക്കുന്ന
ഓർമകളിറക്കി റംസാൻ പിറ പൂക്കും.
വെടിയൊച്ചയേറ്റ് തഴമ്പിച്ച
കാതുകൾ തക്ബീർ
ധ്വനി കാതോർക്കുമ്പോൾ
കരളുരുക്കിയൊഴിച്ച പ്രാർത്ഥനകൾ
കാറ്റിൽ അലിഞ്ഞു പോകും.
യന്ത്രക്കാക്കകളുടെ ഹുങ്കാരം
അഹങ്കാരം ചവച്ചു തുപ്പുമ്പോൾ
പള്ളി മിനാരങ്ങളിലെ ബാങ്കൊലികൾ
പല ദിക്കിലായ് മുറിഞ്ഞു വീഴും.
വർണ്ണശഭളമായ ദിനത്തിൽ
ശാപപൊള്ളലേറ്റ ശരീരത്തെ
കനവിന്റെ അത്തറാൽ കുളിപ്പിച്ചവർ
അംഗശുദ്ധി വരുത്തും.
കീറി പറിഞ്ഞ മേലങ്കിയുടുത്ത്
മയ്യത്തലിഞ്ഞു വിറങ്ങലിച്ച മണ്ണിനെ
മുസല്ലയാക്കി കല്ലിച്ച മനസ്സുമായ്
പെരുന്നാൾ നിസ്കരിക്കും.
ഒട്ടിഞെളുങ്ങിയ സ്റ്റീൽ പത്രത്തിൽ
സക്കാത്ത് കിട്ടിയ റൊട്ടി കഷ്ണം
പെരുന്നാൾ മധുരമായ് പരസ്പരം
പങ്കിട്ടുകഴിക്കും.
കരിഞ്ഞു പോയ ഒലിവ്
മരങ്ങൾക്കിടയിൽ കണ്ണ് പൊത്തി കളിക്കയും,
ചിതറി വീണ വെടിയുണ്ടകൾ
പെറുക്കികൂട്ടി അമ്മാനമാടുകയും ചെയ്യും.
കൂനിക്കൂടിയ കൂരയിൽ
കൂട്ടമായിരുന്നു, നിറമുള്ള ഇന്നലെകളുടെ
ദം പൊട്ടിച്ചു വയറുനിറയെ
പെരുന്നാൾ ബിരിയാണി കഴിക്കും.

സഫൂ വയനാട്

By ivayana