തണുത്ത് മരവിച്ച മനസ്സിനിരുകൈകൾ
അവശേഷിച്ചപ്പോൾ ,
തളം കെട്ടിയ രക്തം വിരൽ തുമ്പുകളിലേക്ക്
പ്രവഹിച്ചപ്പോൾ ,
പണ്ടെങ്ങോ വലിച്ചെറിഞ്ഞൊരായുധം
കൈത്തണ്ടയിലേക്ക് തിരികെയെത്തിയപ്പോൾ ,
കറുപ്പിൻ്റെ മധ്യസ്ഥതയിലൊരു കാവ്യം
ചീളകറ്റിയ കരിങ്കല്ലിൽ കൊത്തി വെച്ചു.


അന്ധത നിറഞ്ഞൊഴുകിയ മനസ്സിൻ്റെ
ഇരുൾവഴികൾ പൂർണ്ണമായി പതിപ്പിച്ചൊരാ
ശിൽപ്പം വീണ്ടുമൊരുവരികൂടി കോറിയിട്ടു..
കാവ്യഭംഗിയിൽ ശിൽപ്പമവിടെയൊരു
രൂപമേറ്റ് വാങ്ങി.
ശിൽപിയുടെ കരവിരുതിൽ പിറവികൊണ്ട
മഹാകാവ്യമന്ന്മുതൽക്കേ
ദൈവമെന്ന നാമമരുൾകൊണ്ടു.


കണ്ണുകളുണ്ടെങ്കിലും കാൺമതെല്ലാം
അന്ധവിചാരങ്ങളെങ്കിൽ
പിന്നെ കാണുവാൻ കണ്ണുകളെന്തിന്
എന്ന മൊഴി കാതിലോതി നൽകി ദിനംപ്രതി.


ബോധപൂർവ്വം കണ്ണുകൾ നൽകാതെ
അന്ധകാരം മാത്രം നിറച്ച രൂപത്തിന്
ചിന്തയില്ല ,
ബോധമില്ല ,
കരുണയില്ല ,
ചേതോവികാരങ്ങളൊന്നുംതന്നെയില്ല..


പണ്ഡിതന്മാരും പ്രാവചക പുരോഹിതരും
മതമെന്ന ഉടയാട ചുറ്റി സ്വയം രചിച്ച
കൃതിയെന്നപോൽ ജപാക്ഷരങ്ങൾ
നാവിനെ ചുറ്റി മുറുക്കും വിധം അന്ധത
നിറയ്ക്കാൻ ചെറു മനസ്സുകളിലേക്ക്
പകർന്ന് നൽകുമ്പോൾ സാക്ഷിയാക്കി
നിർത്തുന്നതുമീ ശിൽപ്പമാം ജീവപിണ്ഡത്തെ.


തങ്കമായും പൊന്നിൻ നിറമായും
ഹരിതാപമായും കണ്ണിൻ മുന്നിലേക്കെത്തി
പരിണാമമേൽക്കുന്ന ശിൽപ്പങ്ങളെ
ഒരു ചാൺ വയറിനായി കൊത്തി വെയ്ക്കുന്ന
ദൈവത്തിൻ്റെ പിതാക്കളുണ്ടിവിടെയെന്ന്
ചടുലതന്ത്രങ്ങളും കുബുദ്ധിയും കൊണ്ട്
കരിങ്കല്ലിന് പടുജന്മം നൽകി ദൈവമാക്കിയ
സുന്ദര മനുഷ്യകോമരങ്ങളെ നിങ്ങളോർക്കുക
ഒരുനിമിഷമെങ്കിലും…….!!!


അന്നമൂട്ടി തഴമ്പിച്ച കൈകളറുത്ത് മാറ്റി
ഓട്ടമുക്കാലണക്ക് തുല്ല്യമായ ഭിക്ഷപ്പാത്രം
ദക്ഷിണ നൽകി തെരുവുകളിൽ പ്രതിഷ്ഠിച്ച
ദൈവവിരോധികളെന്ന് മുദ്രകുത്തപ്പെട്ട
മനുഷ്യരും യാചാനക്ലേശമില്ലാതാക്കുവാൻ
ചെന്നിരിക്കുന്നതും പരസ്യമായി
അപമാനിക്കപ്പെടുന്ന ദൈവേ നിൻ്റെ മുന്നിൽ.


തിരുനാളും ആറാട്ട് പെരുന്നാളും കൊണ്ടാടി
മേനിയനങ്ങാതെ കാവലിരുന്നാർഭാടമായി
ചുളുവിൽ കൈയിട്ട് വാരുവാൻ നിലവറ
പലവക കുംഭങ്ങൾ നിറച്ച് കാൽച്ചുവട്ടിൽ
എത്തിച്ചു കൊടുക്കുവാനിന്നുണ്ട്
പലകോടി ലക്ഷങ്ങൾ..


അവിടെയും വീണ്ടുമവിടെയും പാമ്പാട്ടിയുടെ
മകുടിക്ക് മുന്നിലിരുന്ന് കഥയില്ലാത്ത
പൊള്ളയാട്ടം കാണുന്ന
നാഗത്താനുസമമായിരിക്കുവാനേ
ദൈവമെന്ന ശിൽപ്പമേ നിനക്ക് കഴിയൂ..


ചാക്കാല ചൊല്ലി വരുന്നവനെയും
പിറന്നനാൾ മധുരമേന്തി വരുന്നവനേയും
മംഗല്യ മോഹവും വിദ്യാലയ മോഹവും
നെഞ്ചിലേറ്റി വരുന്നവനേയും
വില തിട്ടപ്പെടുത്തി മൂല്ല്യമളന്ന
തുരുമ്പിച്ച തുലാസ്സിലിരുത്തുന്ന ചെയ്തികൾ
അവസാനിക്കേണ്ടതും പാപിയായ ശിൽപ്പമേ
നിൻ്റെ മുന്നിലാണ്.

By ivayana