പണമെന്തിനിവിടെ വന്നു
ചതിയതിലൊളിച്ചു വെച്ചു
പകമെല്ലെ പുറത്തുവന്നു
പറയാൻ പറ്റാത്തതനുഭവിച്ചു
പഴമകൾ തളർന്നുവീണു
ആ വഴി നമ്മളടച്ചുകെട്ടി
തിരിച്ചിനി മാർഗമില്ല
നരകം നാംപടുത്തു പൊക്കി
ബന്ധങ്ങൾ ശിഥിലമായി
സ്വന്തങ്ങൾ കലഹമായി
കുടുംബങ്ങൾ കൂടുവിട്ടു
കഷ്ടനഷ്ടത്തിൽ ഒറ്റയായി
പണംമാത്രം നോട്ടമായി
ഗുണം പുറംചട്ടയായി
നിണംപോലും നിറംമറന്നു
നമുക്കെല്ലാം ലഹരിയായി
പണം പകൽസ്വപ്നമായി
പണത്തിനായോട്ടമായി
പണം കൊണ്ട് വീർപ്പുമുട്ടി
ജീവിതം മറന്നുപോയി
അവസാനകാലമായി
അനങ്ങാനാവാതെയായി
പണം വീതംവെയ്ക്കലായി
തമ്മിലടി ബാക്കിയായി
മരണത്തെ വിളിച്ചു നോക്കി
മുന്നിലുണ്ടെന്നു തോന്നി
ആദ്യമായ് തിരിച്ചറിഞ്ഞു
ജീവിതം പാഴായിപ്പോയി
മാനസം പിറുപിറുത്തു
പണമല്ലേ നിനക്കുവേണ്ടൂ
ചതിയതിൽ നിറഞ്ഞുനിൽപ്പൂ
ഞാനന്നേ പറഞ്ഞതോർക്കൂ…

മോഹനൻ താഴത്തേതിൽ

By ivayana