ദുഃഖവും നിരാശയും
മനസുകളിൽ
പെയ്തിറങ്ങുമ്പോൾ
വ്യക്തിത്വങ്ങൾ
അകലുകയും
അകൽച്ച മരുഭൂവിനെ
സൃഷ്ടിക്കുകയും
ഒറ്റപ്പെടലിൻ്റെ തീക്ഷ്ണത
വികാരങ്ങളെ
നിർജ്ജീവപ്പെടുത്തുകയും
ചെയ്യുന്നതോടെ
ഒരു വ്യക്തി മരിക്കുന്നു
ശാപവാക്കുകൾ
മിന്നൽപ്പിണരുകളായ്
പലവട്ടമെരിയിച്ചിട്ടും
ജീവിച്ചിരിക്കുന്നു
പാപത്തിൻ്റെ ഫലം
മരണത്തിൻ്റെ കനിയായ്
കൈകളിലെത്താൻ
വെമ്പുന്ന മനസ്സുമായ്
മനുഷ്യ ജീവിതങ്ങൾ.
അടുത്തു തന്നെ
അകലങ്ങളിൽ ജീവിക്കുന്നവർ
മൗനവാത്മീകങ്ങളിൽ
വാചാലത മറന്നവർ
പകയുടെ കനലുകളെരിയും
മിഴികളിൽ തിമിരത്തിൻ്റെ
അന്ധകാരം സൃഷ്ടിച്ചവർ;
സംശയത്തിൻ്റെ
നിഴൽക്കൂത്തുകൾ
വിശ്വാസത്തെ ചവിട്ടിമെതിക്കവേ
മനസിനുള്ളിൽ പകയുടെ
കരിവേഷം തിമിർത്താടുന്നൂ
അപകർഷതാബോധത്തിൻ്റെ
കുട്ടിക്കോലങ്ങൾ കൂട്ടിനാടുന്നു.
ബോധത്തിൽ ക്ലാവ് പിടിച്ചപോൽ
പുലമ്പുന്നു ശാപവാക്കുകൾ
മരണത്തെ തോഴനാക്കി
പ്രാണനെടുക്കാൻ യാചിപ്പൂ
പകയുടെ പ്രതിരൂപമായി
ജ്വലിക്കുന്നു സ്ത്രീയിവൾ.

By ivayana